ന്യൂദല്‍ഹി: കോവിഡ് കേസുകള്‍ രാജ്യത്ത് രണ്ടാം തരംഗം സൃഷ്ടിക്കുമ്പോള്‍ ഏറ്റവും അപകടകരമായ തോതില്‍ രോഗബാധ ഉയരുന്നത് കോണ്‍ഗ്രസ് ഭരിയ്ക്കുന്ന സംസ്ഥാനങ്ങളില്‍.
മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും മോശമായ രീതിയില്‍ കോവിഡ് കേസുകള്‍ ഉയരുന്നത്. ഏറ്റവും കൂടുതല്‍ മരണങ്ങള് സംഭവിക്കുന്നത് പഞ്ചാബിലും ചത്തീസ്ഗഡിലുമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു. ഇവിടുത്തെ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ ഈ സ്ഥിതിവിശേഷം ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ‘പഞ്ചാബിനെ എടുത്തുനോക്കിയാല്‍ രാജ്യത്തെ ആകെ കേസുകളില്‍ മൂന്ന് ശതമാനം മാത്രമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ രാജ്യത്തെ ആകെ കോവിഡ് മരണങ്ങളില്‍ 4.5 ശതമാനവും ഇവിടെ നിന്നാണ്,’ രാജേഷ് ഭൂഷണ് പറഞ്ഞു.
വെറും എട്ട് ആഴ്ചകള്‍ക്കുള്ളില്‍ യഥാക്രമം 11 മടങ്ങും ഏഴ് മടങ്ങുമായാണ് ദിവസേന രോഗനിരക്കും മരണനിരക്കും ഉയരുന്നത്. പഞ്ചാബില്‍ ദിവസേനയുള്ള കോവിഡ് മരണനിരക്കില്‍ ഏഴ് മടങ്ങാണ് വര്‍ധന. ഫിബ്രവരിയില്‍ എട്ട് പേരാണ് ദിവസേന മരിയ്ക്കുന്നതെങ്കില്‍ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ അത് 58 ആയി. വാസ്തവത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനകം 62 പേര് മരിച്ചു. പുതുതായി 2924 കേസുകളാണ് പഞ്ചാബില്‍ ഉണ്ടായത്. അമൃതസര്‍, ലുധിയാന, പട്യാല, രൂപനഗര്‍, എസ് എഎസ് നഗര്‍ (മൊഹാലി), ജലന്ധര്‍, എസ് ബിഎസ് നഗര്‍, കപൂര്‍ത്തല, ഹോഷിയാര്‍പൂര്‍ എന്നീ ജില്ലകളില്‍ നിന്നാണ് പഞ്ചാബില്‍ പരമാവധി രോഗങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.
വെറും മൂന്ന് കോടി മാത്രം ജനസംഖ്യയുള്ള ഛത്തീസ്ഗഡില്‍ ഒരു മാസത്തിനുള്ളില്‍ 552 മരണങ്ങളും 55,512 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോഴും ഇവിടെ ആശുപത്രിയില്‍ ചികിത്സയ്ക്ക് രോഗികളെ കൃത്യസമയത്ത് എത്തിക്കുന്നതിന് പെടാപാട് പെടുകയാണ്. ഐസിയു കിടക്കകളും വേണ്ടത്ര ഇല്ലെന്ന് ആരോഗ്യമന്ത്രി ടിഎസ് സിംഗ് ദിയോ പറയുന്നു. ‘ഇപ്പോള്‍ തന്നെ 80 മുതല്‍ 90 ശതമാനം വരെ കിടക്കകള്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇനി ആവശ്യത്തിന് കിടക്കകളില്ലാത്ത ഒരു സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്.’ അദ്ദേഹം പറഞ്ഞു. ‘ഇപ്പോഴും പല രോഗികളും ഇവിടെ വൈകിയാണ് എത്തുന്നത്. ആശുപത്രിയില്‍ ആവശ്യത്തിനുള്ള ഓക്സിജനും കുറയുകയാണ്. പലപ്പോഴും കോവിഡ് വന്നാല്‍ ആശുപത്രിയില്‍ പോകുന്നതിന് മടിയുണ്ട്. പലര്‍ക്കും ആശുപത്രിയില്‍ പോകുന്നത് ജയിലിലടക്കുന്നതിന് തുല്ല്യമാണെന്നാണ് ധാരണ,’ അദ്ദേഹം പറഞ്ഞു.
ഉദ്ദവ് താക്കറേ ഭരിയ്ക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരും കോവിഡുമായുള്ള പോരാട്ടത്തില്‍ തളരുകയാണ്. മഹാരാഷ്ട്രയിലും പൂനെയിലും യഥാക്രമം 10,000ഉം 11,000ഉം കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ ആകെ 55,000 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ ഏറ്റവും മോശമായി ബാധിച്ച 10 ജില്ലകളില്‍ എട്ടും മഹാരാഷ്ട്രയിലാണ്. പല ആശുപത്രികളിലും ആവശ്യത്തിന് ഓക്സിജന്‍ ഇല്ലാത്ത സ്ഥിതിയാണ്. മാത്രവുമല്ല, മഹാരാഷ്ട്ര സര്‍ക്കാര്‍ പലതരം രാഷ്ട്രീയപ്രതിസന്ധികളില്‍ ഉഴലുന്നതിനാല്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാന്‍ കഴിയുന്നില്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
ഡാന്‍സ് ബാറുകളില്‍ നിന്നും 100 കോടി ഏത് വിധേനെയും വസൂലാക്കണമെന്ന ആഭ്യന്തരമന്ത്രി പൊലീസിന് നല്കിയ നിര്‍ദേശം ഉയര്‍ത്തിയ വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ഈ വിവാദത്തിന്റെ പേരിലുള്ള കോലാഹലത്തില്‍ കുടുങ്ങിയതിനാല്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഒരു പുരോഗമാനശയങ്ങളുമില്ലാത്ത മൂന്ന് പാര്‍ട്ടികള്‍- കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും- ചേര്‍ന്നുള്ള കൂട്ടുമുന്നണിയ്ക്ക് മഹാരാഷ്ട്രയിലെ സാധാരണജനങ്ങള്‍ക്കും ഭാരമായിരിക്കുകയാണ്. അഴിമതിയാരോപണങ്ങളില്‍ മുങ്ങിനില്ക്കുന്ന മഹാരാഷ്ട്രയിലെ മഹാവികാസ് അഘാദി സര്‍ക്കാരിന് ഇതിനിടെ കോവിഡ് പ്രശ്നങ്ങളില്‍ ശ്രദ്ധിക്കാന്‍ സമയമേ കിട്ടുന്നില്ല.
പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍സിംഗ് കേന്ദ്രസര്‍ക്കാരിനെതിരെ കൂടുതല്‍ കര്‍ഷകരെ അണിനിരത്തി കാര്‍ഷിക ബില്ലിനെതിരായ സമരം കടുപ്പിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. യുപിയിലെ അധോലോകനായകനായ ബിഎസ്പി എംഎല്‍എ മുക്താര്‍ അന്‍സാരിയെ മോചിപ്പിക്കുന്നതിനാണ് അദ്ദേഹം ആരോഗ്യരംഗത്തെ തകര്‍ച്ചയേക്കാള്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല് നിരവധി അഴിമതിക്കേസുകളില്‍പ്പെട്ടുഴലുകയാണ്. ചില വിവാദനിയമനങ്ങള്‍ മൂലമുള്ള ക്രിമിനല്‍ കേസുകളും അദ്ദേഹം നേരിടേണ്ടിവരുന്നു. ഹിന്ദുക്കള്‍ക്കെതിരെ വിഷം ചീറ്റുന്ന പ്രസംഗവുമായി നീങ്ങുകയാണ് ഭൂപേഷ് ബാഗലിന്റെ അച്ഛന് നന്ദ്കുമാര്‍ ബാഗേല്‍. സംസ്ഥാനം കോവിഡ് വ്യാപനത്തില്‍പ്പെട്ടുഴലുമ്പോള്‍ മുഖ്യമന്ത്രി ബാഗേല്‍ അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളിലായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ഈ സംസ്ഥാനങ്ങളിലേക്ക് ആരോഗ്യസംഘത്തെ അയക്കുന്നുണ്ടെങ്കിലും ഈ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ അഴിമതിയുടെ പലതരം പ്രതിസന്ധികളെ നേരിടുന്നതിനാല്‍ കോവിഡ് പ്രതിരോധത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നതാണ് വാസ്തവം. അതിനാല്‍ ഇവിടുത്തെ അടിസ്ഥാന തലങ്ങളിലുള്ള കോവിഡ് പ്രതിരോധം പാളുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: