തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങിയ നടനും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണകുമാര്‍ ജി.ക്ക് തെരഞ്ഞെടുപ്പ് പര്യടനം മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്. മറക്കാനാവാത്ത ഒരനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒന്നല്ല, നൂറുക്കണക്കിന് അനുഭവങ്ങള്‍ ഉണ്ടെന്നായിരുന്നു മറുപടി. തലസ്ഥാന നഗരിയിലെ റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ കണ്ട ജീവിതങ്ങളല്ല ഉള്‍വഴികളിലേക്ക് കയറുമ്പോഴെന്ന് കൃഷ്ണകുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. മണ്ഡലത്തിലെ എട്ട് തീരദേശവാര്‍ഡുകളിലെ ജനജീവിതം ദുസ്സഹമാണ്.
നഗരത്തിലെ കോളനികളിലെ മാലിന്യക്കൂമ്പാരങ്ങളില്‍ ജീവിതം തള്ളിനീക്കുന്ന മനുഷ്യക്കോലങ്ങളുണ്ട്. 50 ശതമാനത്തിലധികം പേരും ദാരിദ്ര്യത്തിലും ദുരിതത്തിലുമാണ് ജീവിതം കഴിച്ചുകൂട്ടുന്നത്. എങ്കിലും മനസില്‍ തങ്ങിനില്‍ക്കുന്ന ഒരു മുഖം ലതയുടെയും കൊച്ചുമകളുടെയുമാണ്. ശ്രീവരാഹം പറമ്പില്‍ നഗറില്‍ പര്യടനത്തിനിടെ കണ്ടുമുട്ടിയതാണ് ലതയെ. ഷീറ്റിട്ട ഒരു കൊച്ചുകെട്ടിടത്തില്‍ വാടകയ്‌ക്കാണ് ലതയും കൊച്ചുമകളും. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചു. മക്കള്‍ ഉണ്ടെങ്കിലും പലകാരണങ്ങളാല്‍ ആരും ഒപ്പമില്ല. ഒരപകടത്തില്‍ കൈ ഒടിഞ്ഞ ശേഷം ആ കൈ മടക്കാനാവില്ല. ഇതുകാരണം ജോലിക്ക് പോകാനാവില്ല. ആകെയുള്ള വരുമാനം വിധവാപെന്‍ഷനാണ്. വീട്ടില്‍ ടിവിയോ മൊബൈലോ ഒന്നുമില്ല. കൊച്ചുമകള്‍ക്ക് ഓണ്‍ലൈനായി പഠനം പോലും സാധ്യമല്ലാത്തതിന്റെ വിഷമം കണ്ണുനിറഞ്ഞാണ് ലത പറഞ്ഞത്.
ജയിച്ചാലും തോറ്റാലും തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ അവര്‍ക്ക് സഹായമെത്തിക്കുമെന്ന് അപ്പോള്‍ തന്നെ മനസ്സില്‍ കുറിച്ചു, കൃഷ്ണകുമാര്‍ പറഞ്ഞു. നാലു പെണ്‍മക്കളെ പഠിപ്പിച്ച തനിക്ക് ആ അമ്മയുടെ മനസ് മനസ്സിലാക്കാനാവും. ഒരുപാട് പേര്‍ അവരുടെ വിഷമതകള്‍ പറഞ്ഞു. ചിലര്‍ പൊട്ടിത്തെറിച്ചു, ചിലര്‍ പൊട്ടിക്കരഞ്ഞു. പൊട്ടിത്തെറിച്ചവരില്‍ പലരും അവര്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കാന്‍ തയാറായപ്പോള്‍, ഒരു ആശ്വാസവാക്കു പറഞ്ഞപ്പോള്‍ കെട്ടിപ്പിടിച്ചിട്ടുണ്ട്. അതൊക്കെ വല്ലാത്ത അനുഭവങ്ങളാണ്. ചെയ്യാന്‍ കഴിയുന്ന ചെറിയ കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ചെയ്യും. ചിലപ്പോള്‍ അവരുടെയൊക്കെ പ്രാര്‍ത്ഥനകൊണ്ട് ജയിക്കാനാവും. അങ്ങനെ സംഭവിച്ചാല്‍ അവര്‍ക്കൊക്കെ വേണ്ടി എന്തെങ്കിലും ചെയ്യാനാകും, കൃഷ്ണകുമാര്‍ പറഞ്ഞുനിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: