തൃശൂര്‍: പൂരത്തിന് തുടക്കം കുറിച്ച് പാറമേക്കാവ് വിഭാഗം പൂര പന്തലിനു കാല്‍നാട്ടി. ഇന്ന് രാവിലെ പത്തിന് മണികണ്ഠനാല്‍ പരിസരത്ത് മന്ത്രി വി.എസ് സുനില്‍ കുമാര്‍ ആണ് കാല്‍ നാട്ടല്‍ നിര്‍വഹിച്ചത്. തേക്കിന്‍കാട് ഡിവിഷന്‍ കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ്, ദേവസ്വം ഭാരവാഹികള്‍, തട്ടക ദേശകാര്‍ എന്നിവര്‍ പങ്കെടുത്തു.
തിരുവമ്പാടി വിഭാഗം അടുത്ത ദിവസം പന്തലിനു കാല്‍നട്ടും. നടുവിലാല്‍, നായ്‌ക്കനാല്‍ എന്നിവിടങ്ങളിലാണ് തിരുവമ്പാടി വിഭാഗം അലങ്കാര പന്തലുകള്‍ ഉയര്‍ത്തുക. സാബിള്‍ വെടിക്കെട്ട് ദിവസം പന്തലുകള്‍ പ്രകാശം ചൊരിയും. ആനകള്‍ക്കുള്ള തലേക്കെട്ട്, കുട, ചമയങ്ങള്‍, ആലവട്ടം, വെഞ്ചാമരം എന്നിവയുടെ നിര്‍മ്മാണ ജോലികളെല്ലാം പുരോഗമിക്കുകയാണ്. വെടിക്കെട്ടിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്.
പൂര ചടങ്ങുകളില്‍ കുടമാറ്റത്തിന് ഇത്തവണ നിയന്ത്രണമുണ്ടാകാനാണ് സാദ്ധ്യത. കുടമാറ്റത്തിന് സാധാരണ 60 സെറ്റ് കുടകളാണ് ഒരുക്കാറ്. ഇത്തവണ പരമാവധി 10 മുതല്‍ 15 സെറ്റ് കുടകളേ ഉണ്ടാകൂ. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. പൂരപ്രദര്‍ശനം ഏപ്രില്‍ പത്ത് മുതല്‍ നടക്കും. ഉദ്ഘാടനം പത്തിന് വൈകിട്ട് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. പാറമേക്കാവിന് മുന്‍വശം തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന എക്‌സിബിഷനില്‍ 130 സ്റ്റാളുകളാണുണ്ടാകുക.
പൂരത്തിന്റെ വിളംബരം അറിയിച്ചു കൊണ്ട് തുറക്കുന്ന തെക്കേ ഗോപുര വാതില്‍ ഇത്തവണ കൊച്ചിന്‍ ദേവസ്വം എറണാകുളം ശിവകുമാര്‍ നിര്‍വഹിക്കും. നെയ്തലകാവ് ഭഗവതി ആണ് ഘടക പൂരങ്ങള്‍ക്ക് വടക്കുംനാഥനിലേക്ക് പ്രവേശിക്കാനുള്ള ഗോപുര വാതില്‍ തുറക്കാറുള്ളത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി തെച്ചിക്കോട്ട് രാമചന്ദ്രന്റെ ശിരസിലേറിയാണ് നെയ്തലകാവ് ഭഗവതി ഗോപുര വാതില്‍ തുറക്കാന്‍ എത്താറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: