ബാലുശ്ശേരി (കോഴിക്കോട്): തെരഞ്ഞെടുപ്പില്‍ കന്നി അങ്കത്തിനിറങ്ങിയ ബാലുശ്ശേരി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിബിന്‍ ബാലുശ്ശേരി വനവാസി കോളനിയിലെ വേദന നിറഞ്ഞ അനുഭവങ്ങളുടെ നീറ്റലിലാണ്. എസ്‌സി സംവണ മണ്ഡലമായ ബാലുശ്ശേരിയില്‍ പ്രചാരണത്തിന്റെ ഭാഗമായാണ് കൂരാച്ചുണ്ട് കക്കയം അമ്പലക്കുന്ന് വനവാസി കോളനിയില്‍ എത്തിയത്.
കക്കയം ഡാം റോഡില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കോണ്‍ക്രീറ്റ് റോഡുവഴി കുത്തനെ കയറണം. കോളനിയുടെ തുടക്കം വരെ വാഹനം പോകും. മലഞ്ചെരിവിലാണ് കോളനികള്‍. അവിടേക്ക് കയറിയപ്പോള്‍ കണ്ട കാഴ്ചകള്‍ മനസ്സിനെ പിടിച്ച് കുലുക്കുന്നതായിരുന്നു, ലിബിന്‍ പറഞ്ഞു. വനവാസി സഹോദരങ്ങളുടെ ഉന്നമനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ ചെലവഴിക്കുന്നുണ്ട്. പക്ഷേ, അതുകൊണ്ട് ഇവര്‍ക്ക് ഒരു ഗുണവുമില്ല. ആ പണം നേരിട്ട് കൊടുത്തിരുന്നെങ്കില്‍ അവരുടെ ജീവിത നിലവാരം എത്രയോ മെച്ചമാകുമായിരുന്നു.
ആരോഗ്യമേഖലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന സാക്ഷര കേരളത്തിലാണോ ഇത്തരമൊരു കോളനി എന്നത് അമ്പരപ്പിക്കുന്നതാണ്. വനത്തില്‍ നിന്ന് ലഭിക്കുന്ന വെള്ളമല്ലാതെ കുടിവെള്ള പദ്ധതികള്‍ ഒന്നും തന്നെ ഇവിടേക്ക് എത്തിനോക്കിട്ടില്ല. സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ വീട്, നിര്‍മ്മാണത്തിലെ അഴിമതികാരണം പൊട്ടിപൊളിഞ്ഞ് വീഴാറായിരിക്കുന്നു.
ഓരോ വീടും കയറി എല്ലാവരെയും കാണുന്നതിനിടെയാണ്, അമ്പലക്കുന്ന് വനവാസി പണിയ വിഭാഗം കോളനിയിലെ തെങ്ങ് കയറ്റ തൊഴിലാളിയായ ബാബുവിന്റെ അമ്മ കല്യാണിയെ കാണുന്നത്. രണ്ട് കാലിനും വേദനയാണ്, നടക്കാന്‍ ബുദ്ധിമുട്ട്. പ്രായമേറി. ജോലി ചെയ്യാന്‍ സാധിക്കുന്നില്ല. ആ അമ്മയുടെ കൂടെ ഇരുന്ന് ഒരു പാട് നേരം സംസാരിച്ചു. സര്‍ക്കാറിന്റെ ഒരു സഹായവും ലഭിക്കാറില്ലത്രെ. റേഷന്‍ കടകള്‍ വഴി ലഭിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ 30 കിലോ അരിയും ഗോതമ്പും അല്ലാതെ വേറൊന്നുമില്ല.
വീട്ടില്‍ ആറുപേരുണ്ട്. വേറെ വരുമാനമാര്‍ഗങ്ങളില്ല. അതിനിടയിലാണ് കൂനിന്‍മേല്‍ കുരുപോലെ ബാങ്കിന്റെ കത്ത് വന്നത്. സ്വയം തൊഴിലിന് ബാങ്ക് പണം തരും, തിരിച്ചടയ്‌ക്കേണ്ട എന്ന് പറഞ്ഞ് നാട്ടിലെ ചില രാഷ്‌ട്രീയക്കാര്‍ ലോണ്‍ എടുപ്പിച്ചിരുന്നു. ലോണ്‍ എടുത്തത് 5,000 രൂപ. പക്ഷേ 2500 രൂപ മാത്രമാണ് ഇവര്‍ക്ക് കിട്ടിയത്. 13 കുടുംബങ്ങള്‍ ലോണ്‍ എടുത്തിരുന്നു. 32,500 രൂപ ഇടനിലക്കാര്‍ പോക്കറ്റിലാക്കി.
അത് പറഞ്ഞ് മനസിലാക്കിക്കൊടുത്തപ്പോഴാണ് അവര്‍ക്ക് ബോധ്യം വന്നത്. ബാങ്ക്, വായ്പയെടുത്ത ആളുകളെ വിളിപ്പിച്ച് 5,000 രൂപ തിരിച്ചടപ്പിച്ചു. അവര്‍ ചികിത്സാ വിവരങ്ങളും കാണിച്ചു. വോട്ടു ചോദിക്കാനല്ലാതെ ആരും തിരിഞ്ഞ് നോക്കാറില്ലത്രെ. പ്രമോട്ടര്‍മാര്‍ മൂന്നോ നാലോ മാസം കൂടുമ്പോള്‍ വരും എന്നല്ലാതെ യാതൊരു സഹായവും ചെയ്യുന്നില്ല. എല്ലാം കേട്ടപ്പോള്‍ കണ്ണു നിറഞ്ഞുപോയി. ഒരു നേരത്തെ ആഹാരത്തിന് വനത്തെ ആശ്രയിക്കുന്ന, മണ്ണിന്റെ മക്കളെ ചൂഷണം ചെയ്യുന്ന ചില രാഷ്‌ട്രീയക്കാര്‍ നമുക്ക് ചുറ്റുമുണ്ടെന്ന് മനസ്സിലായപ്പോള്‍ ഉള്ളില്‍ ലജ്ജ തോന്നി.
തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് തിരികെ വാഹനത്തിന്റെ അടുത്തെത്തിയപ്പോള്‍, കോളനിയിലെ കുട്ടികള്‍ കളിക്കുന്നു. വണ്ടിയിലുണ്ടായിരുന്ന പഴം നല്‍കിയപ്പോള്‍ അവര്‍ വാങ്ങിയില്ല. പരിചയമില്ലാത്ത ആളുകളുടെ കൈയില്‍ നിന്ന് ഒന്നും വാങ്ങാന്‍ തയ്യാറാകാത്തവര്‍. പ്രകൃതിയെ ചൂഷണം ചെയ്യാതെ ജീവിക്കുന്ന വനവാസികള്‍. അവരെയാണ് ഈ ഭരണകൂടങ്ങള്‍ തരിമ്പും കുറ്റബോധമില്ലാതെ വഞ്ചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: