ലണ്ടന്‍: വിനീഷ്യസ് ജൂനിയറിന്റെ കളിമിടുക്കില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ വിജയം. ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്് ലിവര്‍പൂളിനെ തോല്‍പ്പിച്ചു. റയലിന്റെ രണ്ട് ഗോളുകളും വിനീഷ്യസിന്റെ ബൂട്ടില്‍ നിന്നാണ് പിറന്നത്. ഇതാദ്യമായാണ് ഈ ബ്രസീലിയന്‍ മുന്നേറ്റനിര താരം റയലിനായി ഇരട്ട ഗോള്‍ നേടിയത്.
ലിവര്‍പൂളിന്റെ പ്രതിരോധനിരയെ കിറീമുറിച്ച് മുന്നേറിയ വിനീഷ്യസ് ഗോളടിക്കുന്നതിലും മികവ് കാട്ടി. ഈ വിജയത്തോടെ , രണ്ട് വര്‍ഷത്തിനുശേഷം റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലിന് തൊട്ടരികിലെത്തി. രണ്ടാം പാദത്തില്‍ ലിവര്‍പൂളിനെ സമനിലയില്‍ പിടിച്ചുനിര്‍ത്തിയാലും റയലിന് സെമിയില്‍ കടക്കാം.
27, 65 മിനിറ്റുകളില്‍ ഗോള്‍ നേടിയാണ് ഇരുപതുവയസുകാരനായ വിനീഷ്യസ് ഡബിള്‍ തികച്ചത്. റയലിനായി അസെന്‍സിയോ ഒരു ഗോള്‍ നേടി. സൂപ്പര്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലയാണ് ലിവര്‍പൂളിന്റെ ആശ്വാസ ഗോള്‍ നേടിയത്.
2018 ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ തനിയാവര്‍ത്തനമായി ഈ പോരാട്ടം. അന്ന്് ഇതേ സ്കോറിന് (3-1) റയല്‍ ലിവര്‍പൂളിനെ മറികടന്നു. പിന്നീട് തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളിലും റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി.
കളിയുടെ ഇരുപത്തിയേഴാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ ആദ്യ ഗോള്‍ അടിച്ചു. ടോണി ക്രൂസിന്റെ ലോങ് പാസ് പിടിച്ചെടുത്ത വിനീഷ്യസ് ലിവര്‍പൂള്‍ പ്രതിരോധ നിരക്കാരായ അലെക്സാണ്ടര്‍ അര്‍നോള്‍ഡിനെയും നഥാനില്‍ ഫിലിപ്പ്സിനെയും കബളിപ്പിച്ച്് പന്ത് ഗോള്‍ വലയിലേക്ക് അടിച്ചുകയറ്റി.
ഒമ്പത് മിനിറ്റുകള്‍ക്ക് ശേഷം റയല്‍ ലീഡ് ഉയര്‍ത്തി. ഇത്തവണ അസെന്‍സിയോയാണ് ലക്ഷ്യം കണ്ടത്. ഇടവേളയ്ക്ക് റയല്‍ 2-0 ന് മുന്നില്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലിവര്‍പൂള്‍ ഒരു ഗോള്‍ മടക്കി. മുഹമ്മദ് സലയാണ് സ്കോര്‍ ചെയ്തത്്.
അറുപത്തിനാലാം മിനിറ്റില്‍ വിനീഷ്യസ് തന്റെ രണ്ടാം ഗോളിലൂടെ റയലിന്റെ വിജയമുറപ്പാക്കി. മോഡ്രിച്ച് നല്കിയ പാസുമായി പെനാല്‍റ്റി ബോക്സില്‍ കടന്ന വിനീഷ്യസ് ഒന്നാന്തരം ഷോട്ടിലൂടെ പന്ത് ഗോള്വരി കടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: