സ്വരാജ്യത്തിന്റെയും പരരാജ്യത്തിന്റെയും ഭേദം എന്തെന്ന് ഇപ്പോള്‍ സംഭാജി മനസ്സിലാക്കിക്കഴിഞ്ഞു. ഇത് പിന്നീട് ജീവിതത്തില്‍ ഒരിക്കലും മറന്നില്ല. സംഭാജി കാരണം സ്വരാജ്യത്തിനേറ്റ കളങ്കവും വിട്ടുമാറി. ആഭ്യന്തര കലാപത്തിനുള്ള സാഹചര്യവും മാറിക്കിട്ടി. ശിവാജി മഹാരാജാവിന്റെ പുണ്യപ്രതാപത്തിന് അദ്ദേഹം ജീവിച്ചിരിക്കെ വന്ന അവസാനത്തെ പരാജയവും വിജയമായി പരിണമിച്ചു.
ശിവാജിയെ പരാജയപ്പെടുത്തുക എന്ന വിഷയം ഔറംഗസേബ് ഉപേക്ഷിച്ചു. പകരം തന്റെ രാജ്യത്ത് പീഡിപ്പിക്കപ്പെട്ടുക്കൊണ്ടിരുന്ന ഹിന്ദുക്കളെ ഒന്നുകൂടി മര്‍ദ്ദിച്ച് ശിവാജിയോട് പകരം വീട്ടാന്‍ നിശ്ചയിച്ചു. പ്രഥമപ്രയോഗമെന്ന നിലയ്ക്ക് ഹിന്ദുക്കള്‍ക്ക് ‘ജസീയാ’ എന്ന നികുതി ഏര്‍പ്പെടുത്തി. ഇതുകേട്ട ഛത്രപതി! അഹോ ഹിന്ദുസ്ഥാനില്‍ ഹിന്ദുക്കള്‍ക്ക് മതനികുതി കൊടുക്കേണ്ട ഗതികേടുണ്ടായല്ലൊ എന്ന് വിലപിച്ചു. ഹിന്ദുക്കളോടുള്ള ഈ ദുഷ്ചെയ്തി സഹിക്കാന്‍ സാധിക്കാതെ അദ്ദേഹം ഔറംഗസേബിന് ഒരു എഴുത്തയച്ചു. ഈശ്വരസന്നിധിയില് എല്ലാവരും സമന്മാരാണ്. മസ്ജിദും മന്ദിരവും തമ്മിലവിടെ ഭേദമില്ല. പ്രജകളെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്നത് പാപമാണ്. മുന്‍പ് ഇതുപോലുള്ള പാപകര്‍മം ചെയ്തവരുടെയെല്ലാം സര്‍വ്വനാശം സംഭവിച്ചിട്ടുണ്ട്. വൃദ്ധാവസ്ഥയില്‍ താങ്കള്‍ ഇങ്ങനെ ചെയ്യരുതാത്തതായിരുന്നു. ഹിന്ദുക്കളെ പീഡിപ്പിക്കുക എന്ന ഉദ്ദേശ്യം മാത്രമാണുള്ളതെങ്കില്‍, ആദ്യം റാണാരാജസിംഹനില്നിന്നും ജസീയാ ഈടാക്കൂ. അനന്തരം എന്നില്‍നിന്നും. പാവപ്പെട്ട സാധാരണക്കാരായ ജനങ്ങളെ പീഡിപ്പിക്കുന്നതില്‍ എന്തു പൗരുഷമാണുള്ളത്. ശിവാജിയുടെ മര്‍മ്മഭേദകമായ ഈ ചോദ്യത്തിന് ഉത്തരം നല്കാന് ഔറംഗസേബിന്റെ ബുദ്ധിബലവും ബാഹുബലവും അസമര്‍ത്ഥമായിരുന്നു.
തുടര്‍ന്നും മഹാരാജാവിന്റെ വാളിന് വിശ്രമമുണ്ടായില്ല. ജാലനാ മുതലായ മുഗള്‍ കോട്ടകളും, ഭൂപ്രദേശങ്ങളും പിടിച്ചെടുത്തുകൊണ്ട് വിജയം വരിച്ചുകൊണ്ടിരുന്നു. അക്കാലത്ത് ശിവാജി ഖാന്ദേരീ ജലദുര്‍ഗം നിര്‍മിക്കാന്‍ പദ്ധതിയിട്ടു. മുംബൈ തുറമുഖത്തിന്റെ തെക്കുഭാഗത്തായിരുന്നു ഖാന്ദേരി ദ്വീപ് സ്ഥിതിചെയ്തിരുന്നത്. ജഞ്ജീര്‍ കോട്ടയുടെ വടക്കുഭാഗത്തായിവരുമിത്. ഇവിടെ കോട്ട പണിതു കഴിഞ്ഞാല്‍ അത് ജഞ്ജീരിലെ സിദ്ദിക്കും മുംബൈയിലെ ഇംഗ്ലീഷുകാര്‍ക്കും മറാഠാകളുടെ വാള് അവരുടെ കഴുത്തില്‍ വെച്ചതുപോലെയാകും. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് കോട്ട നിര്‍മാണം തടയാനിടയുണ്ട്.
രണ്ടുപേരുടെയും കഠിനമായ വിരോധത്തെ നേരിട്ടു വേണമായിരുന്നു കടല്‍ക്കോട്ട പണിയാന്‍. ഇതെല്ലാം ശിവാജി മുന്‍കൂട്ടി കണ്ടിരുന്നു. വിരോധത്തില്‍ നിന്നോ അപായത്തില്‍നിന്നോ ഭയന്ന് ഇരിക്കുന്ന സ്വഭാവക്കാരനല്ലല്ലൊ ശിവാജി! നിരന്തരം രണ്ടുപേരുടെയും വിരോധത്തെ നേരിട്ടുകൊണ്ടുതന്നെ ദുര്‍ഗനിര്‍മാണം പൂര്‍ത്തിയാക്കി. 1679-ല്‍ ഇംഗ്ലീഷുകാരും ജഞ്ജീരിലെ സിദ്ദിയും ചേര്‍ന്ന് ഖാന്ദേരി കോട്ട ആക്രമിച്ചു. ഇവരെയെല്ലാം പരാജയപ്പെടുത്തിക്കൊണ്ട് ഛത്രപതി വിജയം കൈവരിച്ചു.
ഛത്രപതി ശിവാജിയുടെ ശരീരം ക്ഷീണിച്ചു തുടങ്ങിയിരുന്നു. ബാല്യകാലം മുതല്‍ ആരംഭിച്ച പ്രയത്നങ്ങളും യാത്രകളും സംഘര്‍ഷങ്ങളും അവിശ്രമങ്ങളായിരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും അദ്ദേഹത്തിന് തോന്നിത്തുടങ്ങി എന്നാല്‍ ചെയ്യേണ്ട കര്‍ത്തവ്യം ഞാന്‍ ചെയ്തുകഴിഞ്ഞു എന്ന്. ഒരു ദിവസം അദ്ദേഹം സജ്ജന്‍ഗഡില്‍ പോയി സമര്‍ത്ഥരാമദാസ സ്വാമികളെ ദര്‍ശിച്ചു. കുറച്ചുദിവസം അവിടെ പ്രശാന്തമായ അന്തരീക്ഷത്തില്‍ താമസിച്ചു. തിരിച്ച് റായ്ഗഢില് എത്തി. സമര്‍ത്ഥ രാമദാസ സ്വാമികള്‍ക്ക് ഒരു എഴുത്ത് അയച്ചു. താങ്കളുടെ ആജ്ഞയനുസരിച്ച് ധര്‍മസ്ഥാപനമെന്ന പ്രവൃത്തി ഞാന്‍ ചെയ്തിരിക്കുന്നു. ഇത് അദ്ദേഹത്തിന്റെ അവസാനത്തെ എഴുത്തായിരുന്നു.
അതിനുശേഷം യഥാശക്തി കുടുംബകാര്യങ്ങള്‍ അദ്ദേഹം നിര്‍വഹിച്ചു. എന്നിരുന്നാലും കുടുംബകലഹത്താല്‍ അദ്ദേഹത്തിന്റെ ഹൃദയം തപിച്ചിരുന്നു. ഒരു ഭാഗത്ത് സംഭാജിയുടെ എടുത്തുചാട്ടവും ദുഃസ്വഭാവവും മറുഭാഗത്ത് രാജാറാമിനെ സിംഹാസനത്തിലിരുത്താന്‍ പ്രയത്നിച്ചുകൊണ്ടിരിക്കുന്ന രാജ്ഞി സൊയിരാബായിയുടെ നിരന്തരപ്രയത്നവും. ഇവ രണ്ടും കത്രികയുടെ ഇടയില്‍പ്പെട്ടപോലെ മഹാരാജാവിനെ അത്യന്തം മാനസികമായും ശാരീരികമായും പീഡിപ്പിച്ചുകൊണ്ടിരുന്നു.
പഴുത്ത ഇലകള്‍ കൊഴിയുകയും പുതിയ നാമ്പുകള്‍ മൊട്ടിടുകയും ചെയ്യുന്ന 1680 ലെ വസന്തകാലം വന്നു. സഹ്യാദ്രിയിലെ വനങ്ങള്‍ തന്റെ വസ്ത്രരമാകുന്ന ഇലകള്‍ പൊഴിച്ച് പുതിയ വര്‍ണങ്ങളിലും രൂപങ്ങളിലുമുള്ള വസ്ത്രം ധരിച്ച് ശോഭിച്ചിരിക്കയായിരുന്നു. സൂര്യ കിരണങ്ങളേറ്റ് ഹിമഗിരിയിലെ ഹിമഖണ്ഡങ്ങള്‍ ജലരൂപം പ്രാപിച്ച് സമുദ്രത്തില്‍ ചെന്നു ചേര്‍ന്നു. അത് ബാഷ്പീഭൂതമായി ആകാശത്തിലേക്കുയര്‍ന്നു തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: