കൊളംബോ: ശ്രീലങ്കയില്‍ 2019ലെ ഈസ്റ്റര്‍ ദിനത്തില്‍ 270 പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണത്തിന് പിന്നിലെ സൂത്രധാരനെ തിരിച്ചറിഞ്ഞതായി ശ്രീലങ്കയിലെ പൊതു സുരക്ഷാ മന്ത്രി ശരത് വീരശേഖര അറിയിച്ചു. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന മതപുരോഹിതനായ നൗഫര്‍ മൗലവിയാണ് ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രിസ്ത്യന്‍പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും നടത്തിയ ബോംബാക്രമണപരമ്പരകള്‍ക്ക് പിന്നിലെ മുഖ്യസൂത്രധാരന്‍.
ഐഎസുമായി ബന്ധപ്പുള്ള തീവ്രവാദസംഘടനയായ നാഷണല്‍ തൗഹീദ് ജമാത്തിലെ (എന്‍ടിജെ) ഒമ്പത് ചാവേറുകളായ തീവ്രവാദികളാണ് ബോംബാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതില്‍ ചാവേര്‍ തീവ്രവാദികളില്‍പ്പെട്ട ഒരു സ്ത്രീ ഇന്ത്യയിലേക്ക് കടന്നതായി സംശയിക്കുന്നു. നെഗോംബോയിലെ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ ബോംബുപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ച് ആക്രമണം നടത്തിയ ആച്ചി മുഹമ്മദു മുഹമ്മദ് ഹസ്തുന്റെ ഭാര്യ സാറ ജാസ്മിനാണ് ശ്രീലങ്കയില്‍ നിന്നും ആക്രമണത്തിന് ശേഷം രക്ഷപ്പെട്ടിരിക്കുന്നത്. സാറാ ജാസ്മിന് ഇന്ത്യയിലേക്ക് കടന്നുവെന്നാണ് കരുതുന്നത്. പുലസ്തിനി രാജേന്ദ്രന് എന്നതാണ് ജാസ്മിന്റെ മറ്റൊരു പേര്. ഈ ബോംബാക്രമണങ്ങള്‍ക്ക് പിന്നിലെ മുഖ്യ ആസൂത്രക കൂടിയാണ് ജാസ്മിന് എന്ന പുലസ്തിനി രാജേന്ദ്രന്.
ഈ ബോംബാക്രമണങ്ങളില്‍ നൗഫര്‍ മൗലവിയുടെ പ്രധാന സഹായിയായി പ്രവര്‍ത്തിച്ചത് ഹജ്ജുള്‍ അക്ബര്‍ ആണ്. 32 പേരെ കൊലപാതകവും കൊലപാതകത്തിനുള്ള ഗൂഡാലോചനയും ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. എട്ട് കേസ്കെട്ടുകള്‍ അറ്റോര്‍ണി ജനറലിന് കൈമാറിയിട്ടുണ്ട്. കുറ്റം ചുമത്തപ്പെട്ട 32 പേര് ഉള്‍പ്പെടെസംശയത്തിന്റെ നിഴലിലുള്ള 211 പേര് കസ്റ്റഡിയിലുണ്ട്. അറ്റോര്‍ണി ജനറലിന്റെ ശുപാര്‍ശയനുസരിച്ചായിരിക്കും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുക.
37 വര്‍ഷം നീണ്ട തമിഴ് വിഭജനയുദ്ധത്തിന് ശേഷം ബുദ്ധമതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ശ്രീലങ്ക ഒരു ദശകമായി സമാധാനപാതയിലൂടെ മുന്നേറുന്നതിനിടിയിലാണ് രാജ്യമനസ്സാക്ഷിയെ ഞെട്ടിച്ച് 2019ല്‍ വീണ്ടും സ്ഫോടന പരമ്പര അരങ്ങേറിയത്.
ഭീകരാക്രമണം തടയാന്‍ അന്നത്തെ പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്കും പ്രധാനമന്ത്രി റനില്‍ വിക്രംസിംഗെയ്ക്കും സാധിച്ചില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കര്‍ദ്ദീനാള്‍ മാല്‍കം രഞ്ജിത് ആവശ്യപ്പെട്ടിരുന്നു. ഇരകള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ചകളില്‍ കരിദിനം ആചരിക്കുകയാണ്. ഈസ്റ്റര്‍ ആക്രണത്തിന്റെ രണ്ടാം വാര്‍ഷികത്തിന് മുന്‍പായി കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നാണ് കര്‍ദിനാള്‍ മാല്‍കം രഞ്ജിത് ഉയര്‍ത്തുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: