നെടുങ്കണ്ടം: ഇടുക്കി ജില്ലയില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഉടുമ്പന്‍ചോലയില്‍ വീണ്ടും വിവാദമുയര്‍ത്തി ഇരട്ടവോട്ട്. കേരളത്തില്‍ വോട്ട് ചെയ്ത ശേഷം തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന 12 അംഗ സംഘത്തെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് പോലീസെത്തി ഇവര്‍ക്കെതിരെ കേസെടുത്ത് കരുതല്‍ തടങ്കലിലാക്കി.
കോമ്പയാര്‍ പട്ടത്തിമുക്കില്‍ ഇന്നലെ രാവിലെയാണ് സംഭവം. വോട്ടു ചെയ്ത് മടങ്ങുന്നതിനിടെ ഇവര്‍ എന്തോ ദ്രാവകം ഉപയോഗിച്ച് വോട്ട് ചെയ്തത് മായ്ക്കാന്‍ ശ്രമിച്ചത് ബിജെപി പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടു. കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ഇവര്‍ ദ്രാവക കുപ്പിയും പഞ്ഞിയും വലിച്ചെറിഞ്ഞു. ഇതോടെ ഇവരുടെ വാഹനം തടയുകയായിരുന്നു.
സംസ്ഥാനത്ത് വോട്ട് ചെയ്തശേഷം ഇരട്ടവോട്ട് ചെയ്യുന്നതിനായി അതിര്‍ത്തി കടക്കാനുള്ള ഒരുക്കത്തിലായിരുന്നു സംഘം. എട്ട് വനിതകളും, ഡ്രൈവറടക്കം നാല് പുരുഷന്മാരുമാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. ഇവരെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് പരിശോധന നടത്തിയ ശേഷമാണ് കരുതല്‍ തടങ്കലിലാക്കിയത്. മരണ വീട്ടില്‍ പോകാനായി എത്തിയതെന്നാണ് ഇവര്‍ പറഞ്ഞത്.
അതേ സമയം സംഘത്തിലെ എല്ലാവരും വോട്ട് ചെയ്ത ശേഷം മഷി മായിച്ച് കളഞ്ഞിരുന്നതായും തമിഴ്നാട്ടിലേക്ക് ഇരട്ടവോട്ട് ചെയ്യാനായാണ് പോകുന്നതെന്ന് വ്യക്തമായതായും നെടുങ്കണ്ടം എസ്എച്ച്ഒ സുരേഷ് പറഞ്ഞു. സിആര്‍പിസി 151 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വോട്ടിങ് സമയം അവസാനിച്ചതിന് ശേഷം ഇവരെ വിട്ടയച്ചു.
മഷി മായ്ക്കാന്‍ ഉപയോഗിക്കുന്ന ദ്രാവകത്തിന്റെ കുപ്പിയും പഞ്ഞിയും ബിജെപി പ്രവര്‍ത്തകര്‍ പോലീസിനെ ഏല്‍പ്പിച്ചിരുന്നു. സംഭവത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി എത്തിയതോടെ നെടുങ്കണ്ടത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. നിരവധി വാഹനങ്ങളാണ് ഇരു സംഘങ്ങളും തടഞ്ഞത്.
ഇതേസമയം 50 പേര് രാമക്കല്‍മെട്ട് വഴി തമിഴ്നാട്ടിലേക്ക് കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്നാട്ടില്‍ നിന്നും എത്തിയ രണ്ട് വാഹനങ്ങള്‍ക്ക് നേരെ കല്ലേറും ഉണ്ടായി. ചതുരംഗപാറ വഴി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച എട്ടു പേരെ കേന്ദ്ര സേനയും പോലീസും മടക്കി അയച്ചു.
കമ്പംമെട്ടില്‍ കേന്ദ്രസേന, ഇടുക്കി എസ്പി, കട്ടപ്പന ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പരിശോധനയാണ് നടന്നത്. ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടപെട്ട് അതിര്‍ത്തിയിലെത്തിയ നിരവധി വാഹനങ്ങളാണ് തടഞ്ഞത്. കഴിഞ്ഞ തവണ ഇത്തരത്തില്‍ പോലീസ് ആളുകളെ തടഞ്ഞെങ്കിലും ഇടത് നേതാക്കളെത്തി മോചിപ്പിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ പ്രതിഷേധം ശക്തമായതോടെ നിരവധി പേരാണ് ഇത്തരത്തിലെത്തി തിരിച്ച് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: