മ്യൂണിക്ക്: കിരിടം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ജേതാക്കള്‍ക്ക് അടിപതറുമോ? അതോ, കഴിഞ്ഞ തവണ നൂലിഴ വ്യത്യാസത്തിന് നഷ്ടമായ കപ്പ് കൈപ്പിടിയിലൊതുക്കാനുള്ള യാത്രയ്ക്ക് രണ്ടാമന്മാര് തുടക്കമിടുമോ? യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ആദ്യ പാദ ക്വാര്‍ട്ടറില്‍ മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ പന്തുരുളുമ്പോള്‍ ഉയരുന്ന ചോദ്യമിതാണ്. മുഖാമുഖമെത്തുന്നത് നിലവിലെ ജേതാക്കള്‍ ബയേണ്‍ മ്യൂണിക്കും രണ്ടാമന്മാര് പാരീസ് സെന്റ് ജര്‍മനും. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12.30ന് മത്സരം.
കഴിഞ്ഞ വര്‍ഷം എതിരില്ലാത്ത ഒരു ഗോളിന് ബയേണിനോട് തോറ്റ് കിരീടം അടിയറവച്ച പിഎസ്ജിക്ക് ഇത്തവണ അതിനു പ്രതികാരം ചെയ്യണമെങ്കില്‍ സാധാരണയില്‍ കൂടുതല്‍ മികവിലേക്ക് ഉയരേണ്ടിവരും. അന്ന് 59-ാം മിനിറ്റില്‍ മുന്‍ പിഎസ്ജി താരം കിങ്സ്ലി കോമാന്റെ ഗോളാണ് ഫ്രഞ്ച് ടീമിനെ രണ്ടാമതാക്കിയത്.
സമീപകാലത്ത് യൂറോപ്യന്‍ ഫുട്ബോളില്‍ തകര്‍പ്പന്‍ പ്രകടനമാണ് ബയേണിന്റേത്. പിഎസ്ജിയാകട്ടെ ഫ്രഞ്ച് ലീഗില്‍ കഷ്ടപ്പെടുന്നു. ജര്‍മന്‍ ലീഗിലെ കഴിഞ്ഞ കളിയില്‍ ജയിച്ച ബയേണ്‍, ലീഗില്‍ എതിരാളികളേക്കാള്‍ ഏറെ മുന്നിലാണ്. എന്നാല്‍, ഫ്രഞ്ച് ലീഗില്‍ കഴിഞ്ഞ കളി തോറ്റ പിഎസ്ജി ഒന്നാം സ്ഥാനക്കാരേക്കാള്‍ മൂന്നു പോയിന്റ് പിന്നില്‍.
നെയ്മറും ഏയ്ഞ്ചല്‍ ഡി മരിയയും കൈലിയന്‍ എംബാപ്പെയുമെല്ലാമടങ്ങുന്ന പിഎസ്ജിക്ക് ബയേണിനെ വെല്ലുവിളിക്കാനുള്ള താരമൂല്യമുണ്ട്. എന്നാല്‍, അതൊന്നും കളത്തില്‍ കാണിക്കാന്‍ അവര്‍ക്കാകുന്നില്ല. കെഹര്‍, മാര്‍ക്വീഞ്ഞോ, ഡിയാലൊ, ഹെരേര എന്നിവരും പിഎസ്ജിയെ ശക്തരാക്കുന്നു. ഗോള്‍വല കാക്കാന്‍ കെയ്ലര് നവാസമുണ്ട്. പരിക്കുള്ള മാര്‍ക്കൊ വെരാറ്റി, ഫളോറന്സി, ഇക്കാര്‍ഡി എന്നിവരില്ലാത്തത് തിരിച്ചടിയാണ്. കണ്ണങ്കാലിനു പരിക്കുള്ള ഡാനിലോയുടെ കാര്യം സംശയത്തില്‍
സൂപ്പര്‍ സ്ട്രൈക്കര്‍ റോബര്‍ട്ടൊ ലെവന്‍ഡോവ്സ്കിയുടെ അഭാവം ബയേണിന് തിരിച്ചടി. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പോളണ്ടിനായി കളിക്കുന്നതിനിടെ കാല്‍മുട്ടിന് പരിക്കേറ്റ ലെവന്‍ഡോവ്സ്ക്കി വിശ്രമത്തിലാണ്. തോമസ് മുള്ളര്‍, കോമാന്, ചൗപോ മോട്ടിങ് എന്നിവര്‍ ലെവന്‍ഡോവ്സ്ക്കിയുടെ അഭാവം നികത്തുമെന്നാണ് പ്രതീക്ഷ. അലബ, ഡേവിസ്, കിമ്മിച്ച്, ഗൊരെറ്റ്സ്ക തുടങ്ങിയവരും ബയേണിന് കരുത്ത്. മാനുവല്‍ ന്യൂയര്‍ ഗോള്‍വല കാക്കും. ഇതുവരെ ഒമ്പത് കളികളില്‍ മുഖാമുഖമെത്തിയപ്പോള്‍ അഞ്ച് ജയം പിഎസ്ജിക്ക്, നാല് ജയം ബയേണിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: