പാലക്കാട് : നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബിജെപി കിങ് മേക്കര്‍ ആകുമെന്ന് മെട്രോമാന് ഇ. ശ്രീധരന്. ബിജെപിക്ക് 35 മുതല്‍ 40 സീറ്റുകള്‍ വരെ ലഭിക്കും. പാലക്കാട് നഗരസഭയിലും മറ്റ് പഞ്ചായത്തുകളിലും ബിജെപി മുന്നേറ്റം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. തന്റെ വ്യക്തിപ്രഭാവവും ഗുണം ചെയ്യും. വിജയിക്കുകയാണെങ്കില്‍ നഗരത്തില്‍ എംഎല്‍എ ഓഫീസ് ഉള്‍പ്പെടെ സജ്ജീകരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. എംഎല്‍എ ആയാല്‍ രണ്ട് വര്‍ഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച മണ്ഡലമായി മാറ്റിയെടുക്കും.
ഇത്തവണ സംസ്ഥാനത്ത് തൂക്കുംമന്ത്രിസഭ ഉണ്ടാവാനാണ് സാധ്യത. ബിജെപിയുടെ സീറ്റ് രണ്ടക്കം കടക്കും. താന്‍ മുഖ്യമന്ത്രി ആകുമോ ഇല്ലയോ എന്ന കാര്യം ബിജെപിയാണ് തീരുമാനിക്കുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ ഉണ്ടാക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നും ശ്രീധരന് പറഞ്ഞു. എന്നാല്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിക്കായി ഫലം വരുന്നതുവരെ കാത്തിരിക്കുന്നില്ല. വികസന പദ്ധതികള്‍ക്ക് ടെണ്ടര്‍ രേഖകള്‍ ഉടന്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: