ആലപ്പുഴ: വര്‍ഗീയത ആളിക്കത്തിച്ച് മുതലെടുപ്പിന് ഇടതുവലതു മുന്നണികള്‍. എല്ലാ മണ്ഡലങ്ങളിലും തരാതരം പോലെ സിപിഎമ്മും കോണ്‍ഗ്രസും വര്‍ഗീയതയും ജാതിക്കാര്‍ഡും ഇറക്കുന്നുണ്ട്. എന്നാല്‍ അമ്പലപ്പുഴ, ആലപ്പുഴ, അരൂര്‍ മണ്ഡലങ്ങളില്‍ എല്ലാ സീമകളും ലംഘിച്ചാണ് വര്‍ഗീയ പ്രചാരണം. മതതീവ്രവാദ സംഘടനകളുടെ പിന്തുണ ഉറപ്പിക്കുന്നതിലും ഇരുമുന്നണികളും തമ്മില്‍ മത്സരമാണ്.
അമ്പലപ്പുഴയില്‍ തുടക്കം മുതല്‍ തന്നെ ആസൂത്രിതമായി വര്‍ഗീയകാര്‍ഡിറക്കിയാണ് സിപിഎം പ്രചാരണം. കോണ്‍ഗ്രസില്‍ സീറ്റ് നിഷേധിക്കപ്പെട്ട ചില പ്രമുഖ നേതാക്കളും ഇവര്‍ക്ക് രഹസ്യ പിന്തുണ നല്കുന്നു. മുന്‍ എംഎല്‍എ, മുന്‍ നഗരസഭാദ്ധ്യക്ഷന്‍ എന്നിവര്‍ സീറ്റ് ലഭിക്കുന്നതിനായി പരമാവധി ശ്രമിച്ചെങ്കിലും ഡിസിസി പ്രസിഡന്റിന് നറുക്ക് വീഴുകയായിരുന്നു. ആലപ്പുഴ നഗരത്തില്‍ സക്കറിയ ബസാര്‍, ലജനത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ സിപിഎമ്മിന് അനുകൂലമായി മതസ്പര്‍ദ്ധ ആളിക്കത്തിക്കുന്ന വിധത്തില്‍ ഫ്ലക്സുകളും, പോസ്റ്ററുകളും പ്രചരിച്ചതിന് പിന്നില്‍ കോണ്‍ഗ്രസിലെ ചിലരാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അമ്പലപ്പുഴ മണ്ഡലത്തില്‍ ആദ്യമായി നമ്മുടെ ആള് എംഎല്‍എയാകട്ടെ എന്ന രീതിയില്‍ ഒരു സംഘടിത മതവിഭാഗത്തിനിടയില്‍ വ്യാപക പ്രചാരണമാണ് നടന്നത്. രാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മകളാണ് ഇതിന് പിന്നില്‍. ഇവര്‍ക്കും ചില കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണ നല്കുന്നു. എ.എം. ആരീഫ് എപിയുടെ പേരില്‍ എല്‍ഡിഎഫ് പ്രചരിപ്പിക്കുന്ന അഭ്യര്‍ത്ഥന നോട്ടീസില്‍ കോണ്‍ഗ്രസിനെതിരെ പരാമര്‍ശം ഇല്ലാത്തതും ചര്‍ച്ചയാകുകയാണ്. ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും എതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്ന നോട്ടീസില്‍ കോണ്‍ഗ്രസിനെതിരെ ഒരു വരി പോലും ഇല്ലാത്തത് രഹസ്യനീക്കുപോക്കിന്റെ ഭാഗമായാണെന്നാണ് ആക്ഷേപം.
ആലപ്പുഴയില്‍ യുഡിഎഫാണ് വര്‍ഗീയത പ്രചരിപ്പിക്കുന്നത്. തീരദേശ വോട്ടുകള്‍ ഒന്നാകെ നേടിയെടുക്കുക എന്ന തന്ത്രമാണ് പയറ്റുന്നത്. ഐസക്കിന് ശേഷം ലത്തീന്‍ സമുദായത്തില്‍ നിന്നുള്ള എംഎല്‍എ എന്ന രീതിയിലുള്ള പ്രചാരണം പല ഭാഗത്തും നടന്നു. കാലങ്ങളായി ലത്തീന്‍ സമുദായംഗങ്ങള്‍ക്കായി ആലപ്പുഴ മണ്ഡലം കോണ്‍ഗ്രസ് നീക്കി വെച്ചിരിക്കുകയാണ്. ഇത്തവണ ലത്തീന്‍ സമുദായത്തിന് അനുകൂല അവസരമാണെന്ന രീതിയിലായിരുന്നു ഒരു വിഭാഗം കോണ്‍ഗ്രസുകാരുടെ പ്രചാരണം.
അരൂരില്‍ ഇടതും വലതും വര്‍ഗീയത പറഞ്ഞായിരുന്നു പ്രചാരണം. കോണ്‍ഗ്രസും. സിപിഎമ്മും സംഘടിത മതവിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ മത്സരിക്കുകയായിരുന്നു. രാഷ്ട്രീയം പറഞ്ഞ് വോട്ടുതേടുന്ന പതിവ് രീതി വിട്ട് വര്‍ഗീയതയെ മാത്രം ആശ്രയിച്ചായിരുന്നു ഇടതുവലതു മുന്നണികളുടെ പ്രവര്‍ത്തനം. അസംഘടിതരായ ഭൂരിപക്ഷവിഭാഗങ്ങളെ അവഗണിച്ചുള്ള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അണികളില്‍ പോലും പ്രതിഷേധമുയര്‍ന്നു. ഇന്നത്തെ വിധിയെഴുത്തില്‍ ഇതെല്ലാം പ്രതിഫലിക്കാനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: