ഇന്ന് രാവിലെ 7 മണിമുതല്‍ വൈകിട്ട് 7 വരെയാണ് വോട്ടെടുപ്പ്. 15-ാം കേരള നിയമസഭാ രൂപീകരിക്കുന്നതിന് ഓരോരുത്തരും വോട്ടുറപ്പാക്കണം. വോട്ട് ചെയ്യുന്നതിന് മുമ്പ് 10 വര്‍ഷം കേരളത്തില്‍ സംഭവിച്ചതെല്ലാം ഓര്‍ത്തെടുക്കണം. കോണ്‍ഗ്രസ് മുന്നണിയും തുടര്‍ന്നു വന്ന കമ്മ്യൂണിസ്റ്റ് മുന്നണിയും സംസ്ഥാനത്തുണ്ടാക്കിയ കളങ്കം മാറ്റാന്‍ ദൃഢനിശ്ചയമെടുക്കണം. ഇരുമുന്നണികളെയും മാറി മാറി പരീക്ഷിക്കുന്ന പതിവ് തിരുത്താന്‍ പറ്റിയ അവസരമാണിത്. മുമ്പൊക്കെ അതല്ലെങ്കില്‍ ഇത് എന്ന അവസ്ഥയല്ല ഇപ്പോഴുള്ളത്. ജനങ്ങളെ വഞ്ചിച്ചും ചതിച്ചും അധികാരത്തിലിരുന്ന മുന്നണികള്‍ക്ക് പകരം ബിജെപി നയിക്കുന്ന എന്‍ഡിഎ ഉണ്ട്. 140 നിയോജക മണ്ഡലത്തിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുണ്ട്. പ്രശസ്തരും പ്രഗത്ഭരുമായ സ്ഥാനാര്‍ത്ഥികള്‍.
എന്‍ഡിഎയുടെ ഭരണമികവ് ലോകം അംഗീകരിച്ചതാണ്. അഴിമതിയോ സ്വജനപക്ഷപാതമോ ദുര്‍ഭരണമോ കഴിഞ്ഞ ഏഴ് വര്‍ഷമായുള്ള നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ഉന്നയിക്കാനാവില്ല. കോവിഡ്-19 എന്ന മഹാമാരി ലോകത്താകമാനം കൊടിയ ദുരന്തമുണ്ടാക്കിയപ്പോള്‍ ഇന്ത്യയില്‍ അതിന്റെ കാഠിന്യം കുറച്ചത് നരേന്ദ്രമോദി സര്‍ക്കാരിന്റെ മുന്‍കരുതലും ജാഗ്രതയും നടപടികളുമാണ്. കോവിഡിന് പ്രതിരോധ മരുന്ന് കണ്ടെത്താനും ലോകത്താകെ നൂറ്റമ്പതിലധികം രാജ്യങ്ങള്‍ക്ക് നല്‍കാനും കഴിഞ്ഞ നരേന്ദ്രമോദി സര്‍ക്കാരിന്റെ മാതൃക പിന്തുടരാന് പ്രതിബദ്ധതയുള്ള നേതൃനിര കേരളത്തിലും ഉണ്ടാകണം.
മഹാമാരിക്കാലത്ത് സൗജന്യമായി 80 കോടി ജനങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യസാധനങ്ങള്‍ അനുവദിച്ചത്. കേരളത്തിന്റെ മിടുക്കാണ് കിറ്റെന്ന് പ്രചരണവും തകര്‍ന്നിരിക്കുന്നു. ഒന്നരലക്ഷം കോടിയുടെ കടം വാങ്ങിക്കൂട്ടിയത് യുഡിഎഫ് ആണെങ്കില്‍ എല്‍ഡിഎഫ് അത് മൂന്ന്ലക്ഷം കോടിയിലധികമാക്കി.
യുഡിഎഫും എല്‍ഡിഎഫും അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും ആചാര്യന്മാരാണ്. തൊഴിലില്ലാപ്പടയെ തിരിഞ്ഞുനോക്കാന്‍ ഇരു കൂട്ടരും ശ്രദ്ധിച്ചില്ല. തൊഴിലിനുവേണ്ടി യാചിക്കുന്നവരെ ശത്രുക്കളായാണ് കണ്ടത്.
ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ ജീവിത പ്രശ്നമായിരുന്നിട്ടും കരുണയില്ലാത്ത നിലപാടിലാണ് പിണറായി കൈക്കൊണ്ടത്. സമരം രൂക്ഷമാകുമ്പോഴും വെല്ലുവിളി എന്ന പോലെയാണ് വീണ്ടും വീണ്ടും സ്ഥിരപ്പെടുത്തല്‍ മേള നടന്നത്. സിപിഐയിലെയും സിപിഎമ്മിലെയും ചില മന്ത്രിമാര്‍ പ്രശ്നം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങാമെന്നും റാങ്ക് ഹോള്‍ഡേഴ്സുമായി ചര്‍ച്ചയ്ക്ക് നേതൃത്വം കൊടുക്കാമെന്നും മുഖ്യമന്ത്രിയെ ധരിപ്പിച്ചു. എന്നാല്‍ എന്ത് സംഭവിച്ചാലും തീരുമാനത്തില്‍ മാറ്റമില്ലെന്നും മന്ത്രിമാരോ ഡിവൈഎഫ്ഐയോ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കരുതെന്നും കര്‍ശന നിര്‍ദേശവും നല്കി.
താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതിലൂടെ നിയമനത്തിലെ സംവരണ തത്വവും സര്‍ക്കാര്‍ അട്ടിമറിച്ചു. പിന്നാക്ക വിഭാഗത്തിലെയും മുന്നാക്ക വിഭാഗത്തിലെയും നിരവധി പേര്‍ക്ക് ലഭിക്കേണ്ട സംവരണ ആനുകൂല്യങ്ങളാണ് ഇതോടെ നഷ്ടപ്പെട്ടത്. താല്‍ക്കാലികക്കാരെ നിയമിച്ച തസ്തികകള്‍ ഇനി പിഎസ്സിക്കു വിട്ടാലും ഈ തസ്തികകളില്‍ നിയമനം നടക്കണമെങ്കില്‍ എത്ര വര്‍ഷം കാത്തിരിക്കണം. ഇതിനെയെല്ലാം ചെകുത്താന്റെ സ്വഭാവം എന്നല്ലാതെ മറ്റെന്ത് വിശേഷണം?
പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നുകൊണ്ടിരിക്കെ പിഎസ്സി ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റ് നടയില്‍ സര്‍ക്കാരിനു മുന്നില്‍ യാചിച്ചു, മുട്ടിലിഴഞ്ഞു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നിരവധി സമരങ്ങളാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരേ സമയം എത്തിയത്. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരേയും റാങ്ക് പട്ടിക കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടുമായിരുന്നു ഭൂരിഭാഗം സമരവും. എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്സ്, സിപിഒ റാങ്ക് ഹോള്‍ഡേഴ്സ്, കംപാഷനേറ്റ് എംപ്ലോയീസ് അസോസിയേഷന്, കായിക അധ്യാപക റാങ്ക് ഹോള്‍ഡേഴ്സ്, ഓള് കേരള ഹയര്‍ സെക്കന്‍ഡറി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് എന്നിവയായിരുന്നു യുവജന സമരങ്ങള്‍.
ശബരിമല വേട്ട
ദൈവം വേണ്ട. അമ്പലം വേണ്ട. തീര്‍ത്ഥാടനവും പ്രാര്‍ത്ഥനയും വേണ്ടെന്ന് പ്രഖ്യാപിച്ച കമ്മ്യൂണിസ്റ്റുകാരുടെ രാക്ഷസീയപെരുമാറ്റം. അതാണ് ശബരിമല തീര്‍ത്ഥാടകര്‍ക്ക് നേരെ ഉണ്ടായത്. കോടതിവിധിയെ മറയാക്കി അയ്യപ്പഭക്തരെ വേട്ടയാടാനും ശബരിമലയെ പരമ പവിത്രമായി ഭക്തര്‍ കണക്കാക്കുന്ന വിശ്വാസികളെ അടിച്ചൊതുക്കാനും തടവിലിടാനും തയ്യാറായ മുഖ്യമന്ത്രിയാണല്ലോ പിണറായി വിജയന്. ആചാരങ്ങളെല്ലാം ലംഘിക്കാനുള്ളതാണെന്ന് പ്രസ്താവിച്ച മുഖ്യമന്ത്രി കിട്ടേണ്ടത് കിട്ടിയപ്പോള്‍ മട്ടുമാറ്റി. ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്കെതിരെ എടുത്ത കള്ളക്കേസുകളില്‍ കമ്മ്യൂണിസ്റ്റുകാര്‍ അതിന്റെ പേരില്‍ ഇപ്പോഴും അഭിമാനിക്കുകയാണ്.
ശബരിമലയുടെ പ്രസക്തി നഷ്ടപ്പെടാനുള്ള പ്രവര്‍ത്തനത്തിന് കൂട്ടുനിന്നവരാണ് കോണ്ഗ്രസ്സുകാര്. അവരും കമ്മ്യൂണിസ്റ്റുകാരും ഇപ്പോള്‍ ശബരിമല ചര്‍ച്ചാവിഷയമാക്കുന്നത് വോട്ടിനുവേണ്ടി മാത്രമാണ്. ജനങ്ങളത് തിരിച്ചറിയുകതന്നെ ചെയ്യും. ക്ഷേത്രഭരണം അവിശ്വാസികളുടെ കയ്യിലെ കളിപ്പാവയായിക്കൂടാ. ശബരിമല സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച മന്ത്രിയെ തള്ളിപ്പറയുകയാണ് സിപിഎമ്മും മുഖ്യമന്ത്രിയും ചെയ്തത്.
ബാര്‍കോഴയും സോളാര്‍ തട്ടിപ്പുമായിരുന്നു അഞ്ചുവര്‍ഷം മുമ്പത്തെ മുഖ്യ പ്രചരണായുധം. അഴിമതിരഹിത ഭരണമെന്നായിരുന്നു വാഗ്ദാനം. എല്‍ഡിഎഫ് അധികാരത്തില്‍ വരട്ടെ എല്ലാം ശരിയാകും എന്ന വാഗ്ദാനം നടത്തിയവര്‍ക്ക് ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പക്ഷെ യുഡിഎഫ് ഭരണത്തെപ്പോലും കവച്ചുവയ്ക്കുന്ന ധൂര്‍ത്തും ദുര്‍ഭരണവും അഴിമതിയും ഇവര്‍ അലങ്കാരമാക്കി.
ഭരണകേന്ദ്രം അശ്ലീലമാക്കി
ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് സരിതയാണ് താരമെങ്കില്‍ പിണറായി വിജയന്റെ തണലില്‍ സ്വപ്ന നിറഞ്ഞാടി. മുഖ്യമന്ത്രിയുടെ ഓഫീസ് പണ്ടത്തെപ്പോലെ നെറികേടുകളുടെ താവളമാക്കി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതി പട്ടികയിലാണ്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും സഹമന്ത്രിയും അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ കയ്യുംകെട്ടി നില്ക്കേണ്ടിവന്നു. മുമ്പൊരുകാലത്തും നിയമസഭാ സ്പീക്കര്‍ ആരോപണങ്ങളുടെ ചുഴിയില്‍പെട്ടിരുന്നില്ല. പിണറായി ഭരണത്തിനിടയില്‍ അതും സംഭവിച്ചു. എല്ലാം അശ്ലീലമയം.
മന്ത്രി ബന്ധുക്കള്‍ക്കും നേതാക്കളുടെ ഭാര്യമാര്‍ക്കും പിണറായി വിജയന്റെ ഭരണത്തില്‍ കൊയ്ത്ത് കാലമായിരുന്നല്ലോ. എംഎല്‍എമാരുടെയും തലപ്പത്തുള്ള നേതാക്കളുടെയും മക്കളും മരുമക്കളും ആശ്രിതരും അവസരം മുതലാക്കി. പിഎസ് സി പരീക്ഷയെഴുതി തൊഴിലെന്ന സ്വപ്നം പേറിക്കഴിയുന്ന പാവപ്പെട്ട യുവാക്കള്‍ക്ക് ഒരു ഗതിയും ഉണ്ടാക്കിക്കൊടുത്തില്ല. ചോദ്യപ്പേപ്പറുകള്‍ പോലും ചോര്‍ത്തിക്കൊടുത്ത വിചിത്രമായ സത്യങ്ങള്‍ കേട്ട് യുവ കേരളം നടുങ്ങി. സഹികെട്ട് സമരത്തിനിറങ്ങിയവരെ അടിച്ചും അവഹേളിച്ചും ഭരണം തുടര്‍ന്നു. ഈ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് കള്ളവോട്ട്. കള്ളവോട്ടുകൊണ്ട് മാത്രം വിജയിച്ച് എംഎല്‍എമാര്‍ പോലും സഭയിലുണ്ടായി.
മുമ്പെങ്ങുമില്ലാത്തവിധമാണ് വ്യാജന്മാര് വോട്ടര്‍പ്പട്ടികയില്‍ കടന്നുകൂടിയത്. 4,34,4000 ഇരട്ട വോട്ടര്‍മാര്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. ഓരോ മണ്ഡലത്തിലും ശരാശരി മൂവായിരം കള്ളവോട്ടുകള്‍. വോട്ടര്‍പട്ടിക പ്രകാരം മരിച്ച പലരും ജീവനോടെയുണ്ട്. ഇരട്ടവോട്ട് തടയണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തില്‍ വ്യക്തതയില്ല. രണ്ടു മണ്ഡലങ്ങളില്‍ വോട്ടുള്ളയാള്‍ രണ്ടിടത്തും ചെയ്യുന്നില്ലെന്ന് എങ്ങനെ ഉറപ്പാക്കാനാകുമെന്ന് വ്യക്തമല്ല. വിരലിലെ മഷി മായ്ക്കാനുള്ള തന്ത്രവുമായാണ് കള്ളവോട്ട് പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടി ഒരുങ്ങി നില്‍ക്കുന്നത്.
ഇത്രയേറെ കള്ളവോട്ടുകള്‍ എങ്ങനെ പട്ടികയില്‍ കയറിക്കൂടി എന്നതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും വ്യക്തമായ മറുപടിയില്ല. അന്വേഷിക്കും, കണ്ടെത്തും, കര്‍ശന നടപടി എടുക്കും എന്നു മാത്രമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറയുന്നത്. കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മിണ്ടാപ്രാണികള്‍ അകരുതെന്ന് അദ്ദേഹം പറഞ്ഞു. പോളിങ് ഉദ്യോഗസ്ഥരുടെ തീരുമാനം അന്തിമമാകും. സ്ഥാലത്ത് ഇല്ലാത്തവരുടെ വോട്ടുകളാണ് കള്ളവോട്ടുകളായി സാധാരണ ചെയ്തിരുന്നത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടുകള്‍ കൂടുതല്‍ പ്രൊഫഷണലായി. ഒരാള്‍ക്ക് അഞ്ച് കാര്‍ഡ് വരെ നല്കിയ മണ്ഡലങ്ങളുമുണ്ട്. ഇത് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിച്ച് ഹൈക്കോടതി കള്ളവോട്ട് ചെയ്യുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പുവരുത്തണമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും കള്ളവോട്ട് വിദഗ്ധമായി ചെയ്യുന്ന വിരുതന്മാരുണ്ട്. ഇത് തടയാന്‍ ജാഗ്രതയും കരുതലും ഉണ്ടായേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: