ലക്‌നൗ : മാഫിയ തലവനായ ബിഎസ്പി എംഎൽഎ മുക്താർ അൻസാരിയെ പഞ്ചാബിലെ രൂപ്‌നഗർ ജയിലില്‍ നിന്നും ഉത്തർപ്രദേശിലേക്ക് കൊണ്ടുവരാന്‍ യുപിയില്‍ നിന്നും 80 പൊലീസുകാരടങ്ങുന്ന സംഘം യാത്ര തിരിച്ചു.
മുക്താര്‍ അന്‍സാരിയെ പഞ്ചാബിലെ രൂപ്‌നഗർ ജയിലില്‍ നിന്നും ഉത്തർപ്രദേശിലെ ജയിലിലേക്ക് മാറ്റാന്‍ മാര്‍ച്ച് 26ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഏപ്രില്‍ എട്ടിന് മുമ്പ് പഞ്ചാബിലെ ജയിലില്‍ നിന്നും ഇദ്ദേഹത്തെ മാറ്റണമെന്ന് പഞ്ചാബിലെ ആഭ്യന്തര വകുപ്പ് യുപി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശക്തനായ മാഫിയ തലവനെ കൊണ്ടുവരാന്‍ വന്‍സംഘം തന്നെ പോകുന്നത്.
2015 മുതല്‍ പഞ്ചാബിലെ രൂപ്‌നഗർ ജയിലിലായിരുന്നു മുക്താര്‍ അന്‍സാരി. ഉത്തർപ്രദേശ് സർക്കാർ നൽകിയ അപേക്ഷയിലായിരുന്ന സുപ്രീംകോടതിയുടെ വിധി. മുക്താർ അൻസാരിയ്‌ക്കെതിരെ 30 ഓളം ക്രിമിനൽ കേസുകളാണ് ഉത്തർപ്രദേശിൽ നിലനില്‍ക്കുന്നത്. ഈ കേസുകളില്‍ അന്വേഷണം പുരോഗമിക്കാന്‍ മുക്താർ അൻസാരിയെ യുപിയില്‍ എത്തിക്കേണ്ടത് അത്യാവശ്യമായതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയിൽ സർക്കാർ അപേക്ഷ നൽകിയത്.
മുക്താർ അൻസാരിയുടെ അഭിഭാഷകന്‍ യുപി സര്‍ക്കാരിനെ കോടതിയില്‍ എതിര്‍ത്തിരുന്നു. ഉത്തർപ്രദേശിലേക്ക് അയയ്‌ക്കുന്നത് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയാകുമെന്ന് അഭിഭാഷകന്‍ വാദിച്ചു. എന്നാൽ യുപി സർക്കാരിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ച് മുക്താർ അൻസാരിയെ ഉത്തർപ്രദേശിലേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ബാന്ദ ജയിലില്‍ എത്തിക്കുന്ന മുക്താര്‍ അന്‍സാരിയെ മറ്റൊരു തടവുകാരനും എത്തിച്ചേരാന്‍ കഴിയാത്ത ബാരക് നമ്പര്‍ 15ലായിരിക്കും പാര്‍പ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: