മുംബൈ: സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ മഹാരാഷ്‌ട്രയിലെ മഹാവസൂലി സര്‍ക്കാരിന്റെ യഥാര്‍ത്ഥമുഖം അനാവരണം ചെയ്യപ്പെടുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്.
ബാറുകളില്‍ നിന്നും ഡാന്‍സ് പബ്ബുകളില്‍ നിന്നുമായി മാസം തോറും 100 കോടി രൂപ വീതം നിര്‍ബന്ധമായും വസൂലാക്കണമെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പൊലീസിനോട് നിര്‍ദേശിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് നല്‍കിയ ഹര്‍ജിയിലാണ് തിങ്കളാഴ്ച ബോംബെ ഹൈക്കോടതി സിബി ഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അടുത്ത 15 ദിവസങ്ങള്‍ക്കുള്ളില്‍ പ്രാഥമിക അന്വേഷണം നടത്താനാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. സത്യം പുറത്തുവരാന്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
സിബി ഐ അന്വേഷണത്തിന് ഉത്തരവിട്ടതോടെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ആരോപണവിധേയനായ ആഭ്യന്തരമന്ത്രി മാറിനില്‍ക്കുകയോ രാജിവെക്കുകയോ അതല്ലെങ്കില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ തന്നെ അദ്ദേഹത്തിനെ മാറ്റിനിര്‍ത്തുകയോ ചെയ്യണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഫഡ്‌നാവിസ് ആവശ്യപ്പെട്ടിരുന്നു. അധികം വൈകാതെ ശരത്പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍സിപി ഉന്നതതലയോഗത്തില്‍ അനില്‍ ദേശ്മുഖ് രാജിസന്നദ്ധത പ്രകടിപ്പിച്ചു. വൈകാതെ എന്‍സിപി തന്നെ അനില്‍ ദേശ്മുഖ് രാജിവെക്കുമെന്നും രാജിക്കത്ത് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്ക് നല്‍കിയിട്ടുണ്ടെന്നും പ്രഖ്യാപിച്ചു. ശരത്പവാര്‍, അനില്‍ ദേശ്മുഖ്, അജിത് പവാര്‍, സുപ്രിയ സുലെ എന്നിവരാണ് എന്‍സിപി ഉന്നതതലയോഗത്തില്‍ പങ്കെടുത്തത്.
സിബി ഐ അന്വേഷണത്തില്‍ മഹാരാഷ്‌ട്ര മന്ത്രിസഭയിലെ ആരൊക്കെയാണ് അഴിമതിപ്പണം കൈപ്പറ്റുന്നതെന്ന കാര്യം തെളിയുമെന്നും ബിജെപി നേതാവ് കിരിത് സോമയ്യ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: