തനിക്കെതിരെ ചിലര്‍ എന്തോ വലിയ ബോംബു പൊട്ടിക്കാന്‍ പോകുന്നുവെന്നും, എന്നാല്‍ നാട് അതിനെ അതിജീവിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചിട്ട് ദിവസങ്ങളായി. പക്ഷേ അങ്ങനെയൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല. ഏതാണ് ഈ ബോംബെന്ന ചോദ്യം പ്രതിപക്ഷ നേതാക്കള്‍ ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നയാള് ഇത്തരമൊരു പ്രസ്താവന വെറുതെ നടത്താനിടയില്ല. നടത്താനും പാടില്ല. ബോംബു സ്ഫോടനത്തില്‍നിന്ന് നാട് അതിജീവിക്കുമെന്നൊക്കെ പറയുമ്പോള്‍ അത് വളരെ ഗുരുതരമായ ഒരു പ്രശ്നമായിരിക്കണം. ഇതിനെക്കുറിച്ച് എന്തെങ്കിലുമൊരു ധാരണ മുഖ്യമന്ത്രിക്ക് ഉണ്ടായിരിക്കണമല്ലോ. അത് തുറന്നുപറയാനുള്ള ഉത്തരവാദിത്തം ഭരണാധികാരിയെന്ന നിലയ്ക്ക് മുഖ്യമന്ത്രിക്ക് ഉണ്ടുതാനും. അതല്ലാതെ പൊട്ടുമ്പോള്‍ പൊട്ടട്ടെ എന്നു വിചാരിക്കുന്നത് ഒട്ടും ഉചിതമല്ല. സംസ്ഥാനത്തിന്റെ ഭരണാധിപനായ തന്നെ സ്വയം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രവൃത്തിയാണ് മുഖ്യമന്ത്രിയില്‍നിന്ന് ഉണ്ടായിരിക്കുന്നത്. ആര്‍ക്ക് എന്തുവേണമെങ്കിലും ഊഹിക്കുകയും സംശയിക്കുകയും ചെയ്യാവുന്ന സ്ഥിതി. ആരോപണവിധേയനായിരിക്കുന്ന ഏതു കേസിലും ഗുരുതരമായ കുറ്റം മുഖ്യമന്ത്രി ചെയ്തിട്ടുണ്ടെന്ന ധാരണയാണ് ബോംബുകഥ ജനങ്ങളില്‍ ഉണ്ടാക്കിയിട്ടുള്ളത്.
പിണറായി വിജയനെപ്പോലെ ഇത്രയും അരക്ഷിതനായ ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. പുറമേക്ക് വലിയ ആത്മവിശ്വാസം നടിക്കുന്നുണ്ടെങ്കിലും മനസ്സുകൊണ്ട് അങ്ങനെയല്ലെന്ന് പിണറായിയുടെ പല പ്രതികരണങ്ങളില്‍നിന്നും വ്യക്തമായിട്ടുള്ളതാണ്. യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് തന്റെ പേര് ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയ നാള് മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് പിണറായി വിജയന് നടത്തിയിട്ടുള്ള പല പ്രസ്താവനകളും സ്വന്തം ആശങ്കകള്‍ പ്രതിഫലിപ്പിക്കുന്നതായിരുന്നു. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും, മടിയില്‍ കനമുള്ളവരേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ എന്നൊക്കെ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന മുഖ്യമന്ത്രി സംശയത്തിന്റെ മുന മറ്റുള്ളവരിലേക്ക് തിരിച്ച് താന്‍ വിശുദ്ധനാണെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് ശ്രമിച്ചത്. ഈ ശ്രമം തെല്ലുപോലും വിജയിച്ചിട്ടില്ല എന്നാണ് സ്വര്‍ണ കള്ളക്കടത്ത്, ലൈഫ് മിഷന്, ഡോളര്‍ കള്ളക്കടത്ത് തുടങ്ങിയ കേസുകളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങളില്‍നിന്ന് ഇതുവരെ വെളിപ്പെട്ട കാര്യങ്ങള്‍ തെളിയിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് ചെയ്യാന്‍ പാടില്ലാത്ത പല കാര്യങ്ങളും താന്‍ ചെയ്തിട്ടുണ്ടെന്ന ബോധം പിണറായി വിജയനുണ്ട്. അധികാരം, പണം എന്നിവ ഉപയോഗിച്ച് ഇതൊക്കെ വെള്ളപൂശാമെന്ന ധൈര്യവുമുണ്ട്. ഏതുതരം അഴിമതിയെയും എതിര്‍ക്കുന്ന ഒരു ഭരണകൂടം കേന്ദ്രം ഭരിക്കുന്നതാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കാണുന്ന ഒരേയൊരു തടസ്സം. അപ്പോഴും അധികാരം കൈപ്പിടിയിലൊതുക്കിയാല്‍ താന്‍ നടത്തിയിട്ടുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തെ അട്ടിമറിക്കാനാവുമെന്ന ആത്മവിശ്വാസം മുഖ്യമന്ത്രിക്കുണ്ട്. രാജ്യാന്തര വേരുകളുള്ള അഴിമതികളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ, കസ്റ്റംസ് എന്നിവയുടെ അന്വേഷണങ്ങളെ ചെറുക്കാന്‍ പിണറായി നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ അധികാരമില്ലാത്ത ഒരാള്‍ക്ക് ചെയ്യാനാവുന്നതല്ല. എന്തൊക്കെ തടസ്സങ്ങള്‍ സൃഷ്ടിച്ചാലും അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്നും, താന്‍ പിടിക്കപ്പെടുമെന്നും മുഖ്യമന്ത്രിക്ക് നന്നായറിയാം. ആ ഭയം വിടാതെ പിടികൂടിയിരിക്കുകയും ചെയ്യുന്നു. തന്റെ നില ഒട്ടും ഭദ്രമല്ലെന്നും, തെരഞ്ഞെടുപ്പിനിടെ അന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്ന് അപ്രതീക്ഷിതമായ എന്തെങ്കിലും നീക്കമുണ്ടാവുമെന്ന് പിണറായി ഭയക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ പിടിച്ചു നില്‍ക്കാനുള്ള അടവുനയമാണ് ബോംബു കഥയിലൂടെ പിണറായി പുറത്തെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: