വന്നു… കണ്ടു… കീഴടക്കി…. എന്നു പറഞ്ഞതുപോലെയാണ് തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ ജി. ഇപ്പോള്‍ തലസ്ഥാനവാസികള്‍ക്ക്. വിവിധ ഭാഷകളിലായി 150 ഓളം സിനിമകള്‍, 25 ഓളം മെഗാ സീരിയലുകള്‍. സിനിമാ- സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടതാരം രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോള്‍ വരവേല്‍ക്കാന്‍ അവസരം ലഭിച്ചത് തലസ്ഥാനവാസികള്‍ക്ക്. ചുരുങ്ങിയ ദിനങ്ങള്‍ കൊണ്ടു തന്നെ തലസ്ഥാനവാസികളുടെ പ്രിയങ്കരനായി മാറിയ കൃഷ്ണകുമാര്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു.
കടന്നുവന്ന വഴികള്‍
ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. വഞ്ചിയൂര്‍ കരിമ്പുവിളാകം വീട്ടില്‍ വി. ഗോപാലകൃഷ്ണന്. അമ്മ ശ്രീവരാഹം കുഞ്ചുവീട്ടില്‍ ജെ. രത്നമ്മ. അച്ഛന് തൃപ്പൂണിത്തുറയില്‍ ഫാക്ടില്‍ സ്റ്റോര്‍ മാനേജറായി ജോലി നോക്കുമ്പോഴാണ് ജനനം. അതുകൊണ്ട് അമ്പലമേട് എച്ച്.എസിലായിരുന്നു എട്ടാം ക്ലാസ് വരെ പഠനം. ശേഷം തിരുവനന്തപുരത്ത്. 9, 10 ക്ലാസുകള്‍ എസ്എംവി സ്കൂളില്‍. പ്രീഡിഗ്രിയും ഡിഗ്രിയും തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജില്‍. സാമ്പത്തിക ശാസ്ത്രമായിരുന്നു വിഷയം. പിജി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍.
അച്ഛന് വിരമിച്ച സമയത്ത് കിട്ടിയ സമ്പാദ്യമെല്ലാം ഒരു ബ്ലേഡ് കമ്പനിയില്‍ കൊണ്ടിട്ടു. അതുപൊട്ടി. അതോടെ ഉപജീവനത്തിന് രണ്ട് ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ടിവന്നു. പഠനം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഞാനും ഓട്ടോയുമായി ഇറങ്ങും. ഒരു ചെറിയ ഉപജീവനമാര്ഗമാവുമല്ലോ. 4-5 മണിക്കൂര്‍ രാത്രി ഓടും. നാലുവര്‍ഷത്തോളം തിരുവനന്തപുരം നഗരവീഥിയില്‍ ഓട്ടോ ഓടിച്ച് നടന്നിട്ടുണ്ട്. അന്നത്തെ കാലത്ത് കോളേജില്‍ സ്വന്തമായി ഓട്ടോ ഓടിച്ചുപോയ ചരിത്രമുണ്ട്. മറ്റു കുട്ടികള്‍ ബൈക്കിലും കാറിലും വന്നപ്പോള്‍ ഞാന്‍ ഓട്ടോയുമായി ചെല്ലുന്നത് പലര്‍ക്കും കൗതുകമായിരുന്നു.
ഡിഗ്രി പഠനത്തിനിടെ തന്നെ ദൂരദര്ശനത്തില് അനൗണ്‍സ്മെന്റിനും അവതരണത്തിനും അവസരം ലഭിച്ചിരുന്നു. ടാന്‍ഡം എന്ന സ്ഥാപനത്തില്‍ ചെറിയ ജോലിയും ഉണ്ടായിരുന്നു.
സിനിമയില്‍
93- 94 കാലഘട്ടം. ഒരു ദിവസം ടാന്‍ഡത്തിലെ ജോലി പോയി. എന്തുചെയ്യണമെന്നറിയാതെ വഴിയില്‍ നില്‍ക്കുമ്പോഴാണ് അനിക്കുട്ടന് എന്ന സുഹൃത്തിനെ കണ്ടത്. എന്തുപറ്റി എന്ന അനിക്കുട്ടന്റെ ചോദ്യത്തിന് അവസ്ഥ പറഞ്ഞു. കൂടെ വാ എന്നുപറഞ്ഞ് വിളിച്ചുകൊണ്ടുപോയത് നേരെ നിര്‍മ്മാതാവ് സുരേഷ്കുമാറിന്റെ വീട്ടിലേക്ക്. മേനക ചേച്ചിയായിരുന്നു ഉണ്ടായിരുന്നത്. സുരേഷ് ചേട്ടന് ദല്‍ഹിയില്‍ ‘കാശ്മീരം’ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു. മേനക ചേച്ചി പറഞ്ഞതനുസരിച്ച് സുരേഷേട്ടനെ ബന്ധപ്പെട്ടപ്പോള്‍ ദല്‍ഹിക്ക് വരാന്‍ പറഞ്ഞു. അവിടെ ചെന്നപ്പോള്‍, ഒരു ചെറിയ വേഷം. അങ്ങനെ ‘കാശ്മീരം’ ആദ്യ സിനിമയായി. 27 ദിവസം ഷൂട്ടിംഗുണ്ടായിരുന്നു. ‘കാശ്മീരം’ കഴിഞ്ഞയുടന്‍ ‘സുകൃത’ത്തില്‍ അവസരം.
സിനിമയില്‍ അവസരം ലഭിക്കുന്നതിനുമുമ്പ് തന്നെ സീരിയലില്‍ എത്തിയിരുന്നു. 91 ല്‍ ‘മാധവന് സാര്‍’ എന്ന സീരിയലായിരുന്നു ആദ്യത്തേത്. അന്നുതൊട്ട് ഇന്നുവരെ ദൈവാധീനം കൊണ്ട് മുന്നോട്ടുപോയി. സിനിമയില്‍ വലിയ നിലയില്‍ ആയില്ലെങ്കിലും അവിടെയും ഇവിടെയുമെല്ലാമുണ്ട്. തിരിച്ചറിയുന്ന, ഇഷ്ടപ്പെടുന്ന, സ്നേഹിക്കുന്ന ഒരുപാടുപേരുണ്ട്. ഹീറോ ആവണം എന്നുവച്ച് പോയതാണ്. ഇപ്പോള്‍ ഇടികൊണ്ട് ഒരു പരുവമായി. സിനിമയും സീരിയലും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. സീരിയലില്‍ ആള്ക്കാര് ടിവിയില്‍ അടുത്തിരുന്നു കാണുന്നതുകൊണ്ട് നമ്മളോട് ഒരടുപ്പം തോന്നും. ഇഷ്ടം കൂടും. സിനിമയിലുള്ളവരോട് ഇഷ്ടത്തിലുപരി ഒരു ആരാധന കൂടിയുണ്ടാവും.
രാഷ്ട്രീയത്തിലേക്ക്
1982 ല്‍ ആര്‍എസ്എസ് ശാഖയില്‍ പോയിട്ടുണ്ട്. പുളിമൂട് ശാഖയിലെ സംഘപ്രവര്‍ത്തകനായിരുന്നു. കോളേജിലെത്തിയപ്പോള്‍ എബിവിപിയായി. സിനിമയില്‍ സജീവമായപ്പോള്‍ സ്വാഭാവികമായും ഗ്യാപ്പ് വന്നു. കുറേക്കാലമായി സിനിമക്കാരോടുള്ള രാഷ്ട്രീയം ശ്രദ്ധിക്കുകയായിരുന്നു. സിനിമയില്‍ ഉള്ളവര്‍ക്ക് ഏത് പാര്‍ട്ടിക്കു വേണ്ടിയും പ്രവര്‍ത്തിക്കാം. പക്ഷേ, ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചാല്‍ പുച്ഛം, തെറിവിളി, ചില സിനിമകളില്‍ നിന്ന് ഒഴിവാക്കല്‍. ഇത് എവിടെവരെ പോകുമെന്നറിയാനാണ് എഫ്ബിയില്‍ എഴുതി തുടങ്ങിയത്. അതോടെ സൈബര്‍ അറ്റാക്കായി. മക്കളുടെ ഫോട്ടോയ്ക്ക് താഴെ വരെ വന്ന് മോശമായി ഭാഷകള്‍ ഉപയോഗിച്ചവരുണ്ട്. പക്ഷേ ആരോടും മോശം മറുപടി പറയാന്‍ നിന്നിട്ടില്ല. എഴുത്തുതുടരാം എന്നുതന്നെ തീരുമാനിച്ചു. കൂടുതല്‍ എഴുതി. എന്തൊക്കെ പറഞ്ഞാലും എന്റെ അഭിപ്രായം തുറന്നുപറയും എന്നു തീരുമാനമെടുത്തു.
നരേന്ദ്രമോദി എന്ന മനുഷ്യന് ലോകത്തിന് മുന്നില്‍ അറിയപ്പെടുന്നത് ‘വികസന പുരുഷന്’ എന്നാണ്. ഇന്ന് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ മോദിയും ഇന്ത്യയും അഭിമാനത്തോടെ തലയുയര്‍ത്തി നില്ക്കുന്നു. ഇന്ത്യയുടെ വാക്സിനുവേണ്ടി ക്യാനഡയും യുഎസ്എയും പോലുള്ള രാജ്യങ്ങള്‍ കാത്തു നില്ക്കുന്നു. ഭാരതത്തിന്റെ പ്രധാനമന്ത്രിയെപ്പറ്റി ഒരു ഭാരതീയന് നല്ലതുപറഞ്ഞാല്‍, നല്ലത് എഴുതിയാല്‍ തെറിപറയുമെങ്കില് ചാവുന്നതുവരെ ഞാനത് എഴുതിക്കൊണ്ടിരിക്കും.
സ്ഥാനാര്‍ത്ഥിത്വത്തിലേക്ക്
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലം. തൃശൂര്‍, പത്തനംതിട്ട, ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളില്‍ പ്രചാരണത്തിന് പോയി. ശരിക്കും ജനങ്ങള്‍ക്കുള്ള അടുപ്പം, സ്നേഹം മനസ്സിലാവുന്നത് അന്നാണ്. പോകുന്നിടത്ത് ഒരു 100 വോട്ടെങ്കിലും സംഘടനയ്ക്ക് നേടിക്കൊടുക്കാനാവുമെങ്കില്‍ അതാണ് സന്തോഷം എന്നതായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ അനുഭവം ഉള്ളതുകൊണ്ട് തദ്ദേശ തെരഞ്ഞടുപ്പില്‍ സജീവമായി ഇറങ്ങി.
ജനുവരിയില്‍ ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനത്തിനുമുമ്പേ എന്റെ പേരും പറഞ്ഞുകേട്ടിരുന്നുവെങ്കിലും കാര്യമാക്കിയിരുന്നില്ല. എന്നാല്‍ അമിത്ഷാ വന്നപ്പോള്‍ കാര്യമായ ചര്‍ച്ച നടന്നു. അതിനുശേഷം എന്നെ വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. സംഘടനയുടെ തീരുമാനത്തില്‍ സന്തോഷമേ പറഞ്ഞുള്ളൂ.
വികസന സങ്കല്‍പ്പങ്ങള്‍
പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ അല്ല നാടിനുവേണ്ടത്. കൃത്യമായ ആസൂത്രണവും സമയബന്ധിതമായ നടപ്പാക്കലും ആണ് ഉണ്ടാവേണ്ടത്. ലോകം മുഴുവന്‍ നോക്കികാണുന്ന തിരുവനന്തപുരം നഗരത്തില്‍ കാലാനുസൃതമായ പദ്ധതികള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ചിന്തിക്കണം. നഗരം മാലിന്യകേന്ദ്രമായി. പാര്‍വതീ പുത്തനാറിന്റെ അവസ്ഥയെന്താണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പദ്ധതികള്‍ നടപ്പാക്കിയാല്‍ ഉദ്ദേശിക്കുന്ന ഫലമുണ്ടാകും. നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ പല പദ്ധതികളും ഇങ്ങനെയല്ല നടപ്പിലാക്കുക.
വികസിത രാജ്യങ്ങളില്‍ മാലിന്യം പൊതുസ്ഥലത്തിട്ടാല്‍ അകത്താവും. മാലിന്യ നിര്മാര്ജ്ജനത്തില് ജനങ്ങളും സഹകരിക്കണം എന്നതാണ് കാഴ്ചപ്പാട്. തലസ്ഥാനത്തെ ഡ്രെയിനേജ് പദ്ധതികളുടെ അവസ്ഥയെന്താണ്. പലയിടത്തും ഡ്രെയിനേജുകള്‍ ജലസ്രോതസ്സുകളിലേക്ക് തുറന്നിടുകയാണ്. ഇരുമുന്നണികളും മാറിമാറി തലസ്ഥാനം ഭരിച്ചു. ഇവരിലൂടെ എന്തുകിട്ടി എന്ന് ചുറ്റും കണ്ണോടിക്കുക. റോഡുകള്‍ ടാര്‍ ചെയ്യുന്നതോ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതോ മാത്രമാണോ വികസനം. കാലത്തിനനുസരിച്ച് അടിഥാന സൗകര്യ വികസനം വേണം. നമ്മുടെ നഗരത്തിലൂടെ മൂന്നു മിനിട്ടിനകം ഒരു ആംബുലന്‍സിന് മെഡിക്കല്‍ കോളേജില്‍ എത്താന്‍ പറ്റുന്ന രീതിയിലാവണം റോഡുകളുടെ വികസനമുണ്ടാവേണ്ടത്. ദുബായിയില്‍ പത്ത് ലൈന്‍ റോഡാണ്. ദുബായിയില്‍ ഒക്കെ മല തുരന്നാണ് റോഡുകള്‍ വികസിപ്പിച്ചിരിക്കുന്നത്.
ബഹ്റിന്, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളെ നോക്കൂ. അവര്‍ക്ക് ആവാമെങ്കില്‍ എന്തുകൊണ്ട് നമുക്ക് പറ്റില്ല. മിക്ക വിദേശരാജ്യങ്ങളിലും ഇതിന്റെയൊക്കെ ആസൂത്രണം നിര്‍വഹിക്കുന്നതും മലയാളികളാണ്. ജനസാന്ദ്രതയാണ് തടസമെന്ന് ചിലര്‍ വാദിക്കും. തമിഴ്നാട്ടില്‍ ചെന്ന് നോക്കണം. ‘ഗ്രേഡ് സെപ്പറേറ്റഴ്സ്’ മാതൃകയില്‍ റോഡുകളുണ്ട്. ഫ്ളൈ ഓവറുകളും സര്‍വീസ് റോഡുകളും ആവശ്യം പോലെയുണ്ടാവണം. ഇവിടെ ഫ്ളൈ ഓവര്‍ കഴിഞ്ഞിറങ്ങുന്നത് നേരെ സിഗ്നല്‍ പോയിന്റിലാണ്. കൃത്യമായ ആസൂത്രണമില്ലായ്മയാണ് വലിയൊരു പ്രശ്നം. ഒരു ദിവസം റോഡ് നിര്‍മ്മിക്കും. അടുത്തദിവസം കേബിള്‍ തകരാര്‍ എന്നുപറഞ്ഞ് വെട്ടിപ്പൊളിക്കും. വിദേശരാജ്യങ്ങളില്‍ കേബിളുകള്‍ കടന്നുപോകാന്‍ പ്രത്യേക പാതകള്‍ പോലെ നിര്‍മിച്ചിട്ടുണ്ട്. ഒരു പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ അടുത്ത തലമുറയ്ക്ക് അത് എങ്ങനെ ഉപയോഗപ്രദമാക്കാം എന്നത് കൂടി ചിന്തിക്കണം.
നമ്മള് 500 രൂപയില്‍ വീണുപോകുന്നവരാകരുത്. നാം ഓരോരുത്തരും മനസ്സിലാക്കേണ്ടത് നമ്മള് ഇതിനേക്കാള്‍ അര്‍ഹിക്കുന്നവരാണ് എന്നാണ്. നമ്മള് കൊടുക്കുന്ന നികുതി പണമാണ് നമുക്ക് സൗകര്യമായി ലഭിക്കേണ്ടത്. അത് ആരുടെയും ഔദാര്യമല്ല. കേന്ദ്ര സര്‍ക്കാരിന്റെ നിരവധി ക്ഷേമ പദ്ധതികളുണ്ട്, ഫണ്ടുകളുണ്ട്. അമൃത് പദ്ധതിയുണ്ട്, സ്മാര്‍ട്ട് സിറ്റിയുണ്ട്, പക്ഷേ നമ്മുടെ നഗരം സ്മാര്ട്ടാവുന്നില്ല. പൊതുശൗചാലയങ്ങള്‍ പോലുമില്ല. ബസ് വെയ്റ്റിംഗ് കേന്ദ്രങ്ങളോട് ചേര്‍ന്ന് സ്ത്രീകളടക്കമുള്ളവര്‍ക്ക് വിശ്രമകേന്ദ്രങ്ങളും ശൗചാലയങ്ങളും ഉണ്ടാക്കാന്‍ കഴിയുന്നതേ ഉള്ളൂ. 2-3 സെന്റ് സ്ഥലം മതിയാവും.
കുടുംബങ്ങള്‍ക്ക് സായാഹ്നം ചെലവഴിക്കാന്‍ ഉദ്യാനങ്ങളും കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിനുള്ള സംവിധാനങ്ങളും പൊതുപാര്‍ക്കുകളും ഉണ്ടാവണം. കുടിവെള്ളക്ഷാമം, മാലിന്യനിര്‍മാര്‍ജ്ജനം, വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്, പാര്‍ക്കിംഗ് കേന്ദ്രങ്ങളുടെ അഭാവം, വൃത്തിയുള്ള പൊതുശൗചാലയങ്ങളുടെ അഭാവം, തീരദേശ മേഖലയിലെ ദുരിതം ഇവയ്ക്കൊക്കെ പരിഹാരം ഉണ്ടാകണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഓരോ ജനപ്രതിനിധിക്കും അധികാരം വിനിയോഗിക്കാന്‍ അനന്തമായ സാധ്യതകളുണ്ട്. അത് ശരിയായ രീതിയില്‍ ഉപയോഗിക്കാനുള്ള മനസ്സുണ്ടായാല് മതി, ജനങ്ങളുടെ ദുരിതമകലും.
സ്ഥാനാര്‍ത്ഥിയായശേഷം
രണ്ടുതരത്തിലാണ് അത് കാണുന്നത്. സിനിമയില്‍ വന്ന സമയത്ത് ഒരു സിനിമ ഇറങ്ങുമ്പോള്‍ ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു. ഓരോ പോസ്റ്ററും നോക്കും. എവിടെയെങ്കിലും തല ഒന്നുവരണേ എന്നത് വലിയ ആഗ്രഹമായിരുന്നു. പലപ്പോഴും നിരാശയായിരുന്നു ഫലം. എന്നെ പോലെ കടന്നുവന്നിട്ടുള്ള എല്ലാവരുടെയും മനസില്‍ ഇതു പോലെയുള്ള അനുഭവം ഉണ്ടാവും. ഇപ്പോള്‍ ചുറ്റും നോക്കിയാല്‍ ഇഷ്ടം പോലെ പോസ്റ്റര്‍. ഫ്ളക്സുകള്‍. ദൈവാധീനമായി കരുതുന്നു. എന്നെ പോലുള്ള ഒരാള്‍ക്ക് ഇത് വലിയ അനുഗ്രഹമാണ്, അംഗീകാരമാണ്.
സ്ഥാനാര്‍ത്ഥിയായ ശേഷം ലഭിച്ച സ്വീകരണങ്ങള്‍ ശരിക്കും അതിശയിപ്പിച്ചു. എതിര് പാര്‍ട്ടി ഓഫീസുകളില്‍ പോലും ഞാന്‍ പോയി വോട്ടുചോദിച്ചിട്ടുണ്ട്. എല്ലാവരും സ്നേഹത്തോടെയാണ് പെരുമാറിയിട്ടുള്ളത്. ചിലര്‍ നിങ്ങളുടെ പാര്‍ട്ടിയല്ല എന്നുപറഞ്ഞിട്ടുണ്ട്. അതിനെന്താ നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ പ്രവര്‍ത്തിക്കാമല്ലോ… എന്നാണ് പറഞ്ഞിട്ടുള്ളത്. ജയവും തോല്‍വിയുമല്ല പ്രാധാന്യം. നമ്മളിലുള്ള വിശ്വാസ്യതയാണ്. വന്നപ്പോള്‍ ഞാന്‍ മൂന്നാമനായിരുന്നു. സര്‍വെകളില്‍ ഒന്നാമതെത്തി. എന്തായാലും മറ്റു രണ്ടുപേര്‍ക്കും ഒപ്പം ജനം എന്നെയും വിലയിരുത്തുന്നു.
കുടുംബം
ഭാര്യ: സിന്ധു. മക്കള്‍: അഹാന, ദിയാ, ഇഷാനി, ഹന്‍സിക. ഭാര്യ സിന്ധു ആറ്റിങ്ങല്‍ സ്വദേശിനിയാണ്. പ്രണയവിവാഹമായിരുന്നു. എം.എയ്ക്ക് പഠിക്കുന്ന കാലത്ത് അപ്പാഹാജി എന്നൊരു സുഹൃത്തുണ്ടായിരുന്നു. സ്റ്റാച്യുവില്‍ ‘കിംഗ് ഷൂസ്’ എന്നൊരു കടയുണ്ടായിരുന്നു. സുഹൃത്തു മുഖേന അവിടെ വച്ചു കണ്ട പരിചയം വിവാഹത്തിലെത്തി. കാണാന്‍ തരക്കേടില്ലാത്തതുകൊണ്ടും നല്ലതുപോലെ ഇംഗ്ലീഷ് സംസാരിക്കുകയും ചെയ്യുമെന്നതിനാല്‍ എന്റെ അച്ഛന് പുള്ളിക്കാരിയെ നന്നായി ഇഷ്ടപ്പെട്ടു. അതുകൊണ്ട് കൂടുതല്‍ വിഷയങ്ങളുണ്ടായില്ല.
സ്ഥാനാര്‍ത്ഥി ഉറച്ച വിശ്വാസത്തിലാണ്. ജനങ്ങള്‍ക്ക് തന്നിലുള്ള വിശ്വാസമാണ് സ്നേഹമായി പ്രകടിപ്പിക്കുന്നതെന്ന്. തെരഞ്ഞെടുപ്പ് സര്‍വെകളിലും മാറ്റം പ്രകടമാണ്. ആത്മവിശ്വാസത്തോടെ വോട്ടെടുപ്പിനായി കൃഷ്ണകുമാര്‍ കാത്തിരിക്കുകയാണ്, അനന്തപുരിയും കാത്തിരിക്കുകയാണ് താമരക്കാലത്തിനായ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: