ചോദ്യം-
മനുഷ്യവര്‍ഗത്തിന്റെ മഹാനാശത്തിന് ഇനി എത്ര സമയം കൂടിയുണ്ട്?
ഉത്തരം-വെറും നൂറ് സെക്കന്റ്.
ഉത്തരം കേട്ട് ആരും പേടിക്കണ്ട. മനുഷ്യവര്‍ഗം നൂറ് സെക്കന്റിനകം നശിക്കാനും പോകുന്നില്ല. കാരണം, ഈ നാഴികമണിയുടെ സൂചി സ്വയം ചലിക്കില്ല. ഉത്തരവാദപ്പെട്ടവര്‍ മുന്നോട്ടോ പിന്നോട്ടോ അനക്കിക്കൊടുക്കണം.
ക്ലോക്കിന്റെ പേര് ‘ഡൂംസ് ഡേ ക്ലോക്ക്.’ സര്‍വനാശത്തിന്റെ നാഴികമണിയെന്നും വിളിക്കാം. ‘ബുള്ളറ്റിന് ഓഫ് ആറ്റമിക് സയന്റിസ്റ്റ്സ്’ എന്ന മഹാസംഘടനയിലെ ശാസ്ത്രജ്ഞരാണ് ക്ലോക്കിലെ സൂചി തിരിക്കുന്നത്. മനുഷ്യനിര്‍മിതമായ മഹാദുരന്തങ്ങളെക്കുറിച്ച് നാട്ടുകാരെ ബോധവാന്മാരാക്കുകയെന്നതാണ് ഈ നാഴികമണിയുടെ ലക്ഷ്യം. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നതാണ് അതിന്റെ സന്ദേശം.
അനിയന്ത്രിതമായ ശാസ്ത്ര സാങ്കേതിക കുതിപ്പിന് ഒരു മറുവശമുണ്ടെന്നും അത് മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയായേക്കാമെന്നും ഈ സമയമണി നമ്മെ ഓര്‍മിപ്പിക്കുന്നു. ആണവയുദ്ധ ഭീഷണി, കൃത്രിമ ബുദ്ധി, ജൈവ ഭീകരത, ആഗോള താപനം, കാലാവസ്ഥാ മാറ്റം തുടങ്ങിയവയൊക്കെ മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനു ഭീഷണിയാവുന്നു. കരുത്തരായ രാഷ്ട്ര നേതാക്കളുടെ ചിന്താശൂന്യമായ നയങ്ങളും ‘ക്ലോക്കി’ലെ സൂചിയെ സര്‍വനാശത്തിന്റെ പ്രതീകമായ അര്‍ദ്ധരാത്രിയിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു.
കടുത്ത ലോകയുദ്ധ ഭീഷണി നിഴല്‍ വിരിച്ച 1945 ലാണ് ‘ബുള്ളറ്റിന് ഓഫ് ആറ്റമിക് സയന്റിസ്റ്റ്’ ആരംഭിച്ചത്. മഹാശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ചിക്കാഗോ സര്‍വകലാശാലയിലെ ഗവേഷകരും അതിന് നേതൃത്വം നല്കി. അണുബോംബിന്റെ കൊടുംക്രൂരതയില്‍ മനുഷ്യരാശി ഉരുകിയൊലിച്ച ആ കാലത്താണ് മുന്നറിയിപ്പിന്റെ സമയമണി പിറന്നുവീണത്.
അണുബോംബ് രൂപകല്‍പ്പന ചെയ്ത മന്‍ഹട്ടണ്‍ പ്രോജക്ടിലെ ശാസ്ത്രജ്ഞനും ബുള്ളറ്റിന് പത്രാധിപരുമായ യൂജിന്‍ റബിനോവിച്ച് ആയിരുന്നു. വിനാശത്തിന്റെ നാഴികമണിയുടെ സൂചികള്‍ നിയന്ത്രിച്ചിരുന്നത്. 1973 ല്‍ അദ്ദേഹം അന്തരിച്ചു. തുടര്‍ന്ന് ബുള്ളറ്റിന്റെ സയന്‍സ് ആന്‍ഡ് സെക്യൂരിറ്റി ബോര്‍ഡും ബോര്‍ഡ് ഓഫ് സ്പോണ്‍സര്‍മാരും ചേര്‍ന്നാണ് സൂചിയെ നിയന്ത്രിക്കുന്നത്. നൊബേല്‍ സമ്മാനം നേടിയ ഒരു ഡസന്‍ ശാസ്ത്രജ്ഞന്മാരും സാങ്കേതിക വിദ്യയിലെ കേമന്മാരുമായ ശാസ്ത്രജ്ഞരാണ് ‘ബോര്‍ഡ് ഓഫ് സ്പോണ്‍സേഴ്സി’ലെ അംഗങ്ങള്‍.
അവര്‍ വര്‍ഷത്തില്‍ രണ്ടുവട്ടം യോഗം ചേരും. വര്‍ഷത്തിലൊരിക്കല്‍ ക്ലോക്കിന്റെ സൂചി സെറ്റ് ചെയ്യും. ലോകം എത്രത്തോളം അപായത്തെയാണ് അഭിമുഖീകരിക്കുന്നതെന്ന് വിലയിരുത്തിയ ശേഷമാണ് അവര്‍ സൂചി തിരിക്കുക അത് മൂന്നോട്ടോ പിന്നോട്ടോ ആവാം.
2017 ല്‍ ഡൊണാള്‍ഡ് ട്രമ്പ് അധികാരത്തിലെത്തിയ ഉടന്‍ അവര്‍ ക്ലോക്കിന്റെ സൂചി 30 സെക്കന്റ് മുന്നോട്ട് കയറ്റി, കാരണം ട്രമ്പിന്റെ നയം. ആഗോള താപനം കുറയ്ക്കാനുള്ള കരാറുകളില്‍ നിന്ന് പിന്മാറുമെന്ന ട്രമ്പിന്റെ പ്രഖ്യാപനം. അത് ലോകത്തെ കൂടുതല്‍ ആപത്തിലേക്ക് നയിക്കുമെന്ന ആശങ്ക. 2018 ജനുവരിയില്‍ ക്ലോക്കിലെ സൂചികള്‍ അര്‍ദ്ധരാത്രിയില്‍ നിന്ന് 120 സെക്കന്റുകള്‍ അകലെയായിരുന്നു. തൊട്ടടുത്ത വര്‍ഷം മാറ്റം വന്നില്ല. 2021 ജനുവരി 27 നാണ് സര്‍വനാശത്തിലേക്ക് 100 സെക്കന്റ് എന്ന നിലയില്‍ സൂചികള്‍ ഉറപ്പിച്ചത്. ക്ലോക്ക് ആരംഭിച്ച കാലത്ത് അര്‍ദ്ധരാത്രി 12 മണിക്ക് കൃത്യ ഏഴുമിനിറ്റ് സമയമെന്നായിരുന്നു നിശ്ചയിച്ചത്.
2021 ജനുവരി 27 ന് പുതുക്കിയ സമയം കാണിക്കുന്ന ‘അപായ മണി’ അനാവരണം ചെയ്തത് ബുള്ളറ്റിന് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ റേച്ചല്‍ ബ്രോണ്സണ് ആയിരുന്നു. ”സര്‍വനാശത്തിലേക്ക് ഇനി ദിവസങ്ങളോ മണിക്കൂറുകളോ ഇല്ല. കേവലം 100 നിമിഷങ്ങള്‍ മാത്രം” അവര്‍ പറഞ്ഞു. ആഗോള പ്രതിസന്ധികളില്‍ ആഗോള സര്‍ക്കാരുകള്‍ ഉത്തരവാദിത്വം കയ്യൊഴിയുന്നുവെന്നും, ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതില്‍ പരാജയപ്പെടുന്നുവെന്നും അവര്‍ പരിതപിച്ചു. ആണവ മത്സരത്തിന് പരിധി വയ്ക്കണമെന്നും ജീവശാസ്ത്ര ഗവേഷണങ്ങള്‍ ത്വരിതപ്പെടുത്തണമെന്നും കാര്‍ബണ്‍മുക്ത ലോകത്തിനായി ഒറ്റക്കെട്ടായി ശ്രമിക്കണമെന്നും നിര്‍ദ്ദേശിച്ച അവര്‍ പുതിയൊരു ആഗോള ഭീഷണി കൂടി ചൂണ്ടിക്കാട്ടി. വ്യാജ വാര്‍ത്തകളുടെയും വ്യാജ വിവരങ്ങളുടെയും അപകടകരമായ പ്രചരണം.
‘ബുള്ളറ്റിന് ഓഫ് ആറ്റമിക് സയന്റിസ്റ്റ്സി’ ന്റെ ‘ലോഗോ’യുടെ ഭാഗമാണ് ഇന്ന് ‘ഡൂംസ് ഡേ ക്ലോക്ക്.’ അവര്‍ അതിനെ ഓരോ വ്യക്തിയുടെ ഗൗരവതരമായ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു-അന്തര്‍ദേശീയ ശാക്തിക മത്സരത്തിന്റെ ദോഷഫലങ്ങള്‍ അളന്നു കുറിക്കുന്നതിനുള്ള ഏകകം എന്ന നിലയിലല്ല. മറിച്ച് ആണവയുഗത്തില്‍ മനുഷ്യരാശി നേരിടേണ്ടിവരുന്ന ദുരന്തങ്ങളുടെ അപായ സൂചന എന്ന നിലയ്ക്ക്.
കാലാവസ്ഥാ ദുരന്തത്തെക്കുറിച്ചും ആഗോള താപനത്തെക്കുറിച്ചും മുന്നറിയിപ്പ് നല്കുന്ന നാഴിക മണികള്‍ ഇന്ന് ലോകത്തിന്റെ പല ഭാഗത്തും പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ പ്രധാനം, കാലാവസ്ഥാ ദുരന്തത്തെക്കുറിച്ച് ലോക ജനതയെ ബോധവാന്മാരാക്കുന്നതിന് 2020 സെപ്തംബര്‍ 17 ന് ന്യൂയോര്‍ക്കില്‍ കൗണ്ട്ഡൗണ്‍ തുടങ്ങിയ ‘ക്ലൈമറ്റ് ക്ലോക്ക്.’ മലിന ഗ്രീന്‍ഹൗസ് വാതകങ്ങള്‍ ഭൂഗോളത്തെ വറചട്ടിയാക്കി മാറ്റുന്നതിന് ഇനി ഏഴുവര്‍ഷം, 103 ദിവസം, 15 മണിക്കൂര്‍, 40 മിനിറ്റ്, ഏഴ് സെക്കന്റ് കൂടി മതിയെന്ന് ‘ക്ലൈമറ്റ് ക്ലോക്ക്’ മുന്നറിയിപ്പ് നല്കുന്നു.
ഗാന് ഗോലാനും ആന്‍ഡ്രു ബോയ്ഡും ചേര്‍ന്ന് രൂപപ്പെടുത്തിയ ക്ലൈമറ്റ് ക്ലോക്കിനുവേണ്ട കണക്കുകള്‍ കൂട്ടിക്കിഴിച്ച് രൂപപ്പെടുത്തിയത് ബെര്‍ലിനിലെ ‘മെര്‍ക്കാറ്റര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓണ്‍ ഗ്ലോബല്‍ കോമണ്‍സ് & ക്ലൈമറ്റ് ചേഞ്ച്’ എന്ന ഗവേഷണ സ്ഥാപനം. ഇതൊരു വിനാശത്തിന്റെ നാഴികമണി (ഡൂസ് ഡേ ക്ലോക്ക്) അല്ലെന്നാണ് രൂപകല്‍പ്പന ചെയ്തവര്‍ പറയുന്നത്. ഉടന്‍ വേണ്ടത് ചെയ്താല്‍ ഭൂഗോളം രക്ഷപ്പെടുമെന്ന ആശ്വാസ സന്ദേശമാണത്രെ ‘ക്ലൈമറ്റ് ക്ലോക്ക്’ നല്‍കുന്നത്. ക്ലോക്കിലെ അക്കങ്ങള്‍ക്ക് അപകട നിറമായ ചുവപ്പാണ്. എന്നാല്‍ പച്ച നിറത്തിലുള്ള ഒരു ലൈഫ് ലൈനുമുണ്ട്. പുനരുപയോഗിക്കാവുന്നതും (കാറ്റ്, വെള്ളം തുടങ്ങിയവ) ഫോസില്‍ അധിഷ്ഠിതമല്ലാത്തതുമായ ഊര്‍ജ ഉല്‍പ്പാദനത്തിന്റെ തോതാണത് സൂചിപ്പിക്കുന്നത്. ചുവപ്പ് അക്കങ്ങള്‍ പൂജ്യത്തിലെത്തും മുന്‍പ് ലൈഫ് ലൈനിലെ പച്ചയില്‍ 100 ശതമാനം എന്നു കാണാം. അപ്പോള്‍ നമുക്കുറപ്പാക്കാം ഇനി ഭൂഗോളം സുരക്ഷിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: