കളമശേരി: ഇടതുമുന്നണിയുടെ ഭക്ഷ്യക്കിറ്റിന് മോഡലാക്കിയ പാറുഅമ്മ എന്ന 83കാരി കയ്യില്‍ റേഷനരിയില്ലാത്തതിനാല്‍ ഇന്നലെ കുടിച്ചത് കഞ്ഞിവെള്ളം മാത്രം. ഇടതുമുന്നണി കേരളത്തിലാകെ സ്ഥാപിച്ച കൂറ്റന്‍ പരസ്യബോര്‍ഡുകളില്‍ സര്‍ക്കാരിന്റെ ഭക്ഷ്യക്കിറ്റ് എന്ന നേട്ടം എടുത്തുകാണിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് പാറുഅമ്മയുടെ ഫോട്ടോയാണ്. പരസ്യവും ജീവിതവും രണ്ടാണെന്ന് കാണിച്ചുതരുന്നതായിരുന്നു റേഷനരിയില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം വെച്ച കഞ്ഞിയുടെ വെള്ളം മാത്രം കുടിച്ച് ദിവസം തള്ളിനീക്കിയ പാറുഅമ്മയുടെ കഷ്ടപ്പാടിന്റെ നേര്‍ക്കാഴ്ച.
പാറുഅമ്മയുടെ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴായിരുന്നു കാര്യങ്ങള്‍ വെളിപ്പെട്ടത്. കുസാറ്റ് കാമ്പസിനോട് ചേര്‍ന്ന് ഒരു കൊച്ചുകൂരയിലാണ് പാറുഅമ്മ ജീവിക്കുന്നത്. പുരയുടെ ഷീറ്റിന് മുകളില്‍ കഴിഞ്ഞ രാത്രിയിലെ വേനല്‍മഴയില്‍ ഒടിഞ്ഞുവീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിന് സഹായിക്കാന്‍ ഒരാളും ഇതുവരെയും എത്തിയിട്ടില്ല. പുരയുടെ അരികില്‍ ജീര്‍ണ്ണാവസ്ഥയില്‍ ഏതു നിമിഷവും വീഴാന്‍ തയ്യാറായി ഒരു തെങ്ങും നില്പുണ്ട്. അതുകൂടി ഒടിഞ്ഞിവീണാല് പുര തന്നെ ഇടിഞ്ഞുതകരും. ഇതാണ് ഭക്ഷ്യക്കിറ്റും വാങ്ങി സുഖജീവിതം നയിക്കുന്നു എന്ന രീതിയില്‍ എല്‍ഡിഎഫ് അവരുടെ പടുകൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡില്‍ തുടര്‍ഭരണം തട്ടിപ്പറിച്ചെടുക്കാന്‍ വേണ്ടി അവതരിപ്പിച്ചിരിക്കുന്ന പാറുഅമ്മയുടെ തുളവീണ യഥാര്‍ത്ഥജീവിതം. ‘ഉറപ്പാണ് ഭക്ഷ്യസുരക്ഷ’ എന്ന അടിക്കുറിപ്പില്‍ രണ്ടു കൈകളില്‍ ഭക്ഷ്യകിറ്റ് മുറുക്കിപ്പടിച്ച് സ്വച്ഛമായി പുഞ്ചിരിക്കുന്ന പാറുഅമ്മയെയാണ് എല്‍ഡിഎഫ് അവരുടെ പരസ്യബോര്‍ഡുകളില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഈ ഒറ്റമുറി വീട്ടില്‍ പാറുഅമ്മ തനിച്ചാണ്. പൈപ്പ് ലൈന്‍ റോഡില്‍ ഇപ്പോഴുള്ള ഒറ്റമുറി വീട് നേരത്തെ ഷീറ്റുകൊണ്ടുള്ളതായിരുന്നു. അത് ഒരു ദിവസം കത്തിയമര്‍ന്നപ്പോള്‍ കുസാറ്റിലെ ബിടെക് വിദ്യാര്‍ത്ഥികള്‍ സഹായത്തിനെത്തി. അവര്‍ നിര്‍മ്മിച്ച് നല്‍കിയതാണ് ഇപ്പോഴത്തെ വീട്. ചോരയും നീറുമുള്ള ഉശിരുള്ള നാളുകളില്‍ കുസാറ്റ് കാമ്പസിലെ കെട്ടിടങ്ങളും നടപ്പാതകളും വൃത്തിയാക്കുലായിരുന്നു പാറുഅമ്മയുടെ ജീവിതം. ഇതിനുള്ള നന്ദിയാണ് വിദ്യാര്‍ത്ഥികള്‍ പണിത് നല്കിയ വീട്.
ഇടതുമുന്നണി നല്കുന്ന ഭക്ഷ്യക്കിറ്റും വാങ്ങി പാറു അമ്മ സുഖകരമായി ജീവിക്കുന്നു എന്ന രീതിയിലാണ് സൈബര്‍ പോരാളികള്‍ ആ ജീവിതം നിറം പിടിപ്പിച്ച് കേരളത്തിന് മുന്നില്‍ അവതരിപ്പിച്ചത്. അവരുടെ ജീവിതം കാണുമ്പോള്‍ നമ്മള് അറിയാതെ അറിയുന്നത് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കിതച്ച് നീങ്ങുന്ന നിരാലംബവൃദ്ധയെ ആണ്- അത്രയ്ക്കൊന്നും ഉറപ്പില്ലാത്ത അവരുടെ കറുപ്പും വെളുപ്പും നിറഞ്ഞ അപൂര്ണ്ണജീവിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: