ചെന്നൈ: അഴിമതിയും കുടുംബവാഴ്ചയുമുള്ള ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തെ നേരിടാന്‍ ഇരട്ട എഞ്ചിന് സര്‍ക്കാരിനായി തമിഴ്നാട്ടിലെ ജനങ്ങളോട് അഭ്യര്‍ഥിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ‘അഴിമതിയും കുടുംബവാഴ്ചയുമുള്ള ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തെ പരാജയപ്പെടുത്തിയാല്‍ മാത്രമേ സംസ്ഥാനത്തിന്റെ വികസനം സാധ്യമാകൂ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴില്‍ ആരംഭിച്ച വികസനയാത്രയ്ക്കു മാത്രമേ എംജിആറിന്റെയും ജയലളിതയുടെയും സ്വപ്നങ്ങളുടെ തമിഴ്നാടാക്കാന്‍ കഴിയൂ. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നന്നായി പ്രവര്‍ത്തിച്ചു. തമിഴ്നാട്ടില്‍ ഇരട്ട എഞ്ചിന് സര്‍ക്കാര്‍ സൃഷ്ടിക്കാന്‍ ജനങ്ങളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു’.- ചെന്നൈയില്‍ നടന്ന റാലിയില്‍ അമിത് ഷാ പറഞ്ഞു.
എം ജി രാമചന്ദ്രനാണ് അണ്ണാ ദ്രാവിഡ മുന്നേട്ര കഴകം(എഐഎംഡിഎംകെ) സ്ഥാപിച്ചത്. മുന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരുന്നു പിന്‍ഗാമി. എഐഎഡിഎംകെയുടെ ഇടപ്പാടി പളനിസ്വമിയാണ് മുഖ്യമന്ത്രി. ഒ പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയും. തൗസന്റ് ലൈറ്റ്സ് സ്ഥാനാര്‍ഥി ഖുശ്ബു സുന്ദറിനുവേണ്ടി അമിത് ഷാ റോഡ് ഷോയും നടത്തി. ആറിനാണ് വോട്ടെടുപ്പ്. ഖുശ്ബുവിനൊപ്പം തുറന്നവാനില്നിന്ന് അദ്ദേഹം പ്രവര്‍ത്തകെ അഭിവാദ്യം ചെയ്തു. ഭാരത് മാതാ കി മുദ്രാവാക്യം മുഴക്കിയാണ് പ്രവര്‍ത്തകര്‍ എതിരേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: