ലക്‌നൗ: ഉത്തര്‍പ്രദേശിലെ സഹരന്‍പൂര്‍ ജില്ലയിലുള്ള കുടുംബകോടതിയില്‍ ജീവനാംശത്തിനുവേണ്ടിയുള്ള നിയമയുദ്ധം വിജയിച്ച് മുത്തലാഖിനെതിരായ സുപ്രീംകോടതിയിലെ പരാതിക്കാരില്‍ ഒരാളായിരുന്ന അതിയ സാബ്രി. വേര്‍പിരിഞ്ഞ് കഴിയുന്ന ഭര്‍ത്താവിനോട് ചെലവുകള്‍ക്കായി പ്രതിമാസം 21,000 രൂപ നല്‍കാന്‍ നിര്‍ദേശിച്ചു. കേസ് നടത്തിയ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കാലയളവിലെ കുടിശികയായി 13.4 ലക്ഷം രൂപയും കോടതി അനുവദിച്ചു. ഇതും ഭര്‍ത്താവ് നല്‍കണം. 2012 മാര്‍ച്ച് 25ന് ആയിരുന്നു എംഡി വാജിദ് അലിയുമായുള്ള സാബ്രിയുടെ വിവാഹം.
ഒരുവര്‍ഷത്തിനുശേഷം ഇരുവര്‍ക്കും പെണ്‍കുട്ടി ജനിച്ചു. 2014-ല്‍ രണ്ടാമതൊരു പെണ്‍കുട്ടിക്കു കൂടി ജന്മം നല്‍കി. ഇതിന് പിന്നാലെ ആണ്‍കുട്ടിയെ ലഭിക്കാത്തതിന്റെ പേരിലും സ്ത്രീധനത്തിനും വേണ്ടി ഭര്‍ത്താവും ബന്ധുക്കളും അപമാനിക്കാന്‍ തുടങ്ങി. ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതോടെ 2015 നവംബര്‍ രണ്ടിന് ദാമ്പത്യബന്ധം അവസാനിച്ചു. ഇതേവര്‍ഷം നവംബര്‍ 24ന് ഉപജീവനത്തിനു ഭര്‍ത്താവില്‍നിന്ന് പണം ആവശ്യപ്പെട്ട് സഹരന്‍പൂര്‍ കോടതിയെ സമീപിച്ചു.
ഇതിനിടെ മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലുമെത്തി. പിന്നീട് മുത്തലാഖ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് വിധിച്ചുവെങ്കിലും കുടുംബകോടതിയിലെ കേസ് തുടര്‍ന്നു. നീണ്ട അഞ്ചുവര്‍ഷമെടുത്തു ഈ കേസില്‍ വിധി പറയാന്‍. സാബ്രിയെ കൂടാതെ ഏഴും എട്ടും വയസുള്ള പെണ്‍കുട്ടികളുടെ ചെലവുകള്‍ക്കും കൂടിയാണ് മാസം തോറും 21,000 രൂപ ഭര്‍ത്താവ് നല്‍കണമെന്ന് കോടതി വിധിച്ചത്.
14,000 വര്‍ഷം പഴക്കമുള്ള പ്രാകൃത സമ്പ്രദായം അവസാനിപ്പിച്ച സുപ്രീംകോടതിയെ അഭിനന്ദിച്ച സാബ്രി മുത്തലാഖിനെതിരെ നിയമനിര്‍മാണം നടത്തി മുസ്ലീം സ്ത്രീകളുടെ ശാക്തീകരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: