ബത്തേരി: തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാനെത്തുവരോട് പച്ചാടി വനവാസി കോളനി വാസികള്‍ക്ക് പങ്കുവെക്കാന്‍ ഏറെ സങ്കടങ്ങളുണ്ട്. വാസയോഗ്യമായ വീടില്ലാതെ, വൈദ്യുതിയില്ലാതെ, രോഗങ്ങളുമായി മല്ലിടുകയാണ് ഈ കോളനിവാസികള്‍. തങ്ങള്‍ നേരിടുന്ന ഈ ദുരിതങ്ങളെല്ലാം തെരഞ്ഞെടുപ്പില്‍ വോട്ട് തേടിയെത്തുന്നവരോട് വിവരിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ഇവര്‍.
മൂന്ന് വീടുകളാണ് ഈ കോളനിയിലുള്ളത്. ഷീറ്റുകള്‍ വലിച്ചുകെട്ടിയ കൂരയില്‍ ജീവിതം തള്ളിനീക്കാന്‍ പറ്റാതായതോടെ ഒരു കുടുംബം ബന്ധുവീ്ട്ടിലേക്ക് താമസം മാറ്റി. ബാക്കിയുള്ള രണ്ട് വീടുകളിലായി കൈക്കുഞ്ഞുങ്ങളടക്കം 11 പേരാണ് താമസിക്കുന്നത്. ഈ രണ്ടുവീടുകളും കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലാണ്. തറകള്‍ പൊളിഞ്ഞ് ഭിത്തികള്‍ വീണ്ടുകീറിയ നിലയിലാണ്. മേല്‍ക്കൂരയ്ക്കും കേടുപാടുകള്‍ സംഭവിച്ചതിനാല്‍ മഴപെയ്താല്‍ വീടുകള്‍ ചോര്‍ന്നൊലിക്കും. ഇതിനുപുറമെ രോഗംകൊണ്ടും കോളനിക്കാര്‍ ദുരിതത്തിലാണ്.
കോളനിയിലെ മോഹനന്റെ കുടുംബത്തിന്റെ അവസ്ഥ അതിദയനീയമാണ്. ഭാര്യ സരസുവും രണ്ടാമത്തെ മകള്‍ വിഷ്ണുപ്രിയയും അരിവാള്‍ രോഗബാധിതരാണ്. മോഹനന്റെ പിതാവ് ഓണന് കാഴ്ചയുമില്ല. അതുകൊണ്ടുതന്നെ മോഹനന് കൂലിപ്പണിക്കുപോയി ലഭിക്കുന്ന തുച്ഛമായ തുകകൊണ്ടുവേണം ആറംഗ കുടുംബ കഴിയാനും മരുന്നുകള്‍ വാങ്ങാനും. എല്ലാചെലവും നടത്തി ജീവിതം തള്ളിനീക്കാന്‍ കഷ്ടപെടുകയാണ് ഈ കുടുംബം. ഇതിനിടയില്‍ വൈദ്യുതി ബില്ലാടക്കാത്തതിനെ തുടര്‍ന്ന് രണ്ട് വര്‍ഷമുമ്പ് വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷന് വിശ്ചേദിക്കുകയും ചെയ്തു. ഇതോടെ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനംപോലും മുടങ്ങിയ അവസ്ഥയിലാണ്.
കോളനിയിലേക്ക് ജലനിധിയുടെ കണക്ഷന് ഉണ്ടെങ്കിലും അതു മുടങ്ങുന്ന സമയങ്ങളില്‍ കുടിവെള്ളക്ഷാമവും ഇവര്‍ നേരിടുന്നുണ്ട. തങ്ങളുടെ ഈ ജീവല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നവരായിരിക്കണം തെരഞ്ഞെടുക്കപ്പെടേണ്ടതെന്നാണ് ഇവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: