ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്നതാണ് ബിജെപിയുടെ എക്കാലത്തെയും നയം. 2014 മുതല്‍ അധികാരത്തില്‍ തുടരുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി ഈ നയമാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പ്രളയക്കെടുതികളുടെ കാലത്തായാലും, കൊവിഡ് മഹാമാരിയുടെ കാലത്തായാലും സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായമെത്തിക്കുന്നതില്‍ മോദി സര്‍ക്കാര്‍ യാതൊരു വിവേചനവും കാണിച്ചിട്ടില്ല. ഈ സത്യം മറച്ചുപിടിക്കാനാണ് കേരളം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിച്ചത്. വലിയതോതിലുള്ള കുപ്രചാരണമാണ് ഇക്കാര്യത്തില്‍ നടന്നത്. കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനു പകരം ധനമന്ത്രി തോമസ് ഐസക്ക് തുടക്കം മുതല്‍ തന്നെ കേന്ദ്ര വിരുദ്ധ പ്രചാരണത്തിന് നേതൃത്വം നല്‍കുകയായിരുന്നു. താന്‍ വഹിക്കുന്ന പദവിയുടെ അന്തസ്സുപോലും മാനിക്കാതെ കിഫ്ബി വിഷയത്തിലടക്കം മന്ത്രി ഐസക്ക് ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങളെ ഹനിക്കുന്നതും, വികസനലക്ഷ്യങ്ങളെ അട്ടിമറിക്കുന്നതുമാണെങ്കിലും കേന്ദ്ര സര്‍ക്കാരിനെ എങ്ങനെയൊക്കെ അപകീര്‍ത്തിപ്പെടുത്താമോ അതൊക്കെ ചെയ്ത് ആളാവാനാണ് ഐസക്ക് ശ്രമിച്ചത്.
ധനമന്ത്രി ഐസക്ക് കൂടുതല്‍ കുപ്രചാരണം നടത്തിയത് ജിഎസ്ടി വിഹിതത്തിന്റെ കാര്യത്തിലാണ്. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ ഒന്നും മിണ്ടാതിരിക്കുക. അതിനുശേഷം കേരളത്തില്‍ വന്ന് സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം നല്‍കുന്നില്ലെന്ന് പരാതിപ്പെടുക. ഇതായിരുന്നു സ്ഥിരം ശൈലി. മന്ത്രി ഐസക്ക് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോഴും കേരളത്തിന് അര്‍ഹമായ ജിഎസ്ടി വിഹിതം കേന്ദ്രസര്‍ക്കാര്‍ സ്ഥിരമായി അനുവദിച്ചുപോന്നു. ജിഎസ്ടി ഇനത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിമാസ വരുമാനമാണ് കഴിഞ്ഞമാസം രാജ്യത്തിന് ലഭിച്ചത്. 1,23,902 കോടി രൂപ. ഏറ്റവും കൂടിയ പ്രതിമാസ വരുമാനമാണിത്. കഴിഞ്ഞവര്‍ഷത്തെ ഇക്കാലയളവിനെ അപേക്ഷിച്ച് 27 ശതമാനത്തിന്റെ വര്‍ധന. കൊവിഡ് കാലത്തെ മാന്ദ്യത്തില്‍നിന്ന് രാജ്യം അതിവേഗം കരകയറുകയാണെന്നതിന്റെ സൂചനയാണിത്. ഇതനുസരിച്ച് കഴിഞ്ഞമാസം കേരളത്തിന് ജിഎസ്ടി വിഹിതമായി ലഭിച്ചത് 1,827 കോടിയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലഭിച്ചത് 1,475.25 കോടിയാണ്. ജിഎസ്ടി വഴിയുള്ള നികുതിവരുമാനം വര്‍ധിക്കുന്നതനുസരിച്ച് കേരളത്തിനുള്ള വിഹിതവും വര്‍ധിക്കുന്നു എന്നതാണ് ഇതില്‍നിന്ന് വ്യക്തമാവുന്നത്. ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള കടുംപിടുത്തമോ വിവേചനമോ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നില്ല.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തി വരുമാനം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ മോദി സര്‍ക്കാര്‍ ഒരിക്കല്‍പ്പോലും പിശുക്കു കാണിച്ചിട്ടില്ല. ചോദിക്കുന്നതെല്ലാം നല്കുന്ന സര്‍ക്കാരാണ് നരേന്ദ്ര മോദിയുടെതെന്ന് ഇടതുമുന്നണിയിലെ ചില മന്ത്രിമാര്‍ തന്നെ പ്രസ്താവിച്ചിട്ടുള്ളതാണല്ലോ. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 45,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അധികമായി നല്‍കിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.2 ശതമാനത്തിന്റെ വര്‍ധന. മോദി സര്‍ക്കാരിന്റെ ഉദാരമായ സമീപനത്തിന് തെളിവാണിത്. മൂലധന ചെലവിനായി 11,830 കോടി രൂപ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജില്‍പ്പെടുത്തി സംസ്ഥാനങ്ങള്‍ക്ക് നല്കിയിട്ടുള്ളതും ഇതിനോടൊപ്പം കൂട്ടിവായിക്കണം. കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ഇതിന് പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലെങ്കിലും കോണ്‍ഗ്രസ്സ് ഭരണകാലത്ത് ഉയര്‍ന്നു കേള്‍ക്കുമായിരുന്ന കേന്ദ്ര അവഗണന എന്ന മുദ്രാവാക്യം തന്നെ ഇപ്പോള്‍ അപ്രസക്തമായിരിക്കുകയാണ്. വിവേകമുള്ള വോട്ടര്‍മാര്‍ ഇത് കാണാതിരിക്കില്ല. ചില അവകാശവാദങ്ങള്‍ക്കപ്പുറം വികസനപാതയില്‍ കേരളത്തിന് മുന്നേറാനാവാത്തതിന്റെ കാരണങ്ങളിലൊന്ന് സംസ്ഥാനത്തെ ഇടതു-വലതു മുന്നണികള്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാരിനോട് പുലര്‍ത്തുന്ന വിപ്രതിപത്തിയാണ്. ഇത് മാറിയേ തീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: