ജയസിംഹനുമായുള്ള പുരന്ദര്‍ സന്ധിയിലും, ആഗ്രയില്‍ ഔറംഗസേബുമായുള്ള കൂടിക്കാഴ്ചയിലും സംഭാജി ശിവാജിയുടെ കൂടെ ഉണ്ടായിരുന്നു.
പിന്നീട് ശഹജാദാ മുഅജമ്മിന്റെ കൂടെ അയ്യായിരം സൈനികരുടെ തലവനായിക്കൊണ്ട് ഉത്തരവാദിത്വം നിര്‍വഹിച്ചിട്ടുണ്ടായിരുന്നു. സംഭാജി യുദ്ധകലയില്‍ പ്രാവീണ്യം സമ്പാദിച്ചു. ജന്മനാതന്നെ ഒരു സാഹസിയും പരാക്രമിയും ആയിരുന്നു സംഭാജി. മാത്രമല്ല അതീവ രൂപസൗന്ദര്യവും ഉണ്ടായിരുന്നു. സൈനികര്‍ക്ക് സംഭാജിയോട് സ്‌നേഹവും ആദരവും ഉണ്ടായിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും സ്വഭാവം നന്നായിരുന്നില്ല. സംഭാജിയെ ശ്രദ്ധിച്ച് വേണ്ട സംസ്‌കാരം കൊടുക്കാന്‍ ശിവാജിക്ക് സമയമുണ്ടായിരുന്നില്ല. സംഭാജിയുടെ മൂന്നാമത്തെ (രണ്ടര) വയസ്സില്‍തന്നെ അമ്മറാണി സയിബായി അന്തരിച്ചു. അതുകൊണ്ടുതന്നെ മകന് ചോദിക്കാനും പറയാനും ആരും ഉണ്ടായിരുന്നില്ല. സ്വേഛാചാരിയായി വളര്‍ന്നുവന്നു. വളര്‍ന്നുവരുന്നതനുസരിച്ച് മന്ത്രിമാരോട് കലഹിക്കാന്‍ ആരംഭിച്ചു.
പിതാമഹിയായിരുന്ന ജീജാബായിയായിരുന്നു പിന്നീട് സംഭാജിയുടെ ഒരാശ്രയം.
സംഭാജിയുടെ 16-ാം വയസ്സില്‍ പിതാമഹി ജീജാബായി അന്തരിച്ചു. ബാല്യകാലം മുതല്‍ അമ്മയുടെ സ്ഥാനത്ത് സംഭാജിയെ പരിപാലിച്ചുപോന്നിരുന്നത് വിമാതാ കാശിബായിയായിരുന്നു. ജീജാബായി മരിച്ച് പതിനഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ കാശിബായിയും അന്തരിച്ചു. ആകെ യുവരാജാവ് പ്രക്ഷുബ്ധനായിരുന്നു.
ഇതെല്ലാം കണ്ടുകൊണ്ടാണ് ശിവാജി ദക്ഷിണായനത്തിന് പുറപ്പെട്ടപ്പോള്‍ സംഭാജിയോട് ശൃംഗാര്‍പൂര്‍ കേന്ദ്രമാക്കാന്‍ പറഞ്ഞത്. സൈന്യസമേതം അങ്ങോട്ടേക്കയയ്‌ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംഭാജിയാകട്ടെ തന്റെ അഭിമാനത്തിന് ക്ഷതമേറ്റതായിട്ടാണിതിനെ കണ്ടത്. ദക്ഷിണയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശിവാജിക്ക് മനസ്സിലായി. സംഭാജി മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ ഹസ്താക്ഷേപം ചെയ്യുന്നു എന്ന്. ഇങ്ങനെ അനിയന്ത്രിതനായി വളര്‍ന്നാല്‍ സ്വരാജ്യത്തിന്റെ ഭരണനിര്‍വഹണം പ്രതിസന്ധിയിലാകുമല്ലൊ എന്നദ്ദേഹം ചിന്തിച്ചു. മകന് നല്ല സംസ്‌കാരം കിട്ടണം എന്ന ഉദ്ദേശ്യത്തോടെ സ്വാമി സമര്‍ത്ഥ രാമദാസ്ജിയുടെ സാന്നിദ്ധ്യത്തില്‍ കുറച്ചു ദിവസം താമസിക്കട്ടെ എന്നു കരുതി.
സംഭാജിയെ രാമദാസ്ജിയുടെ പവിത്രാശ്രമമായ സജ്ജന്‍ ഗഢിലേക്കയച്ചു. 1678 ഒക്‌ടോബര്‍ 7ന് സംഭാജി സജ്ജന്‍ഗഢിലെത്തി, എന്നാല്‍ ഇത് തനിക്കുള്ള ശിക്ഷാനടപടിയായിട്ടാണ് സംഭാജി കണക്കാക്കിയത്. ഇത് എന്നെ അപമാനിക്കാനുള്ള നടപടിയാണെന്ന് ചിന്തിക്കാന്‍ തുടങ്ങി.
ഈ സമയത്ത് ശാഹജാദാ മുഅജ്ജം ദക്ഷിണത്തിന്റെ സുബേദാര്‍ ആയിരുന്നു. ഇദ്ദേഹത്തെ സഹായിക്കാന്‍ ഔറംഗസേബ് ദിലേര്‍ഖാനെ ദക്ഷിണത്തിലേക്കയച്ചിട്ടുണ്ടായിരുന്നു. ഏതു പ്രകാരത്തിലും ബീജാപ്പൂരിലെ ആദില്‍ശാഹിയെ അവസാനിപ്പിക്കണം എന്ന് ഔറംഗസേബ് നിരന്തരം പത്രങ്ങള്‍ അയച്ചുകൊണ്ടിരുന്നു. മുഅജ്ജമും ദിലേര്‍ഖാനും അതിനുള്ള പരിശ്രമത്തിലായിരുന്നു. ഈ സമയത്ത് രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നവര്‍ക്കൊരു സൂചന ലഭിച്ചു, ശിവാജിയും മകന്‍ സംഭാജിയും തമ്മില്‍ വൈമനസ്യത്തിലാണെന്ന്. ദിലേര്‍ഖാന്‍ സംഭാജിക്ക് പ്രലോഭനങ്ങളടങ്ങിയ കത്തുകള്‍ പലതയച്ചു. സംഭാജിയെ ഏഴായിരം സൈനികരുടെ നേതൃത്വം ഏല്‍പ്പിക്കാമെന്നായിരുന്നു അത്. ഈ എഴുത്തുകളെല്ലാം വളരെ രഹസ്യമായി നടന്നുകൊണ്ടിരിക്കുകയായിരുന്നു.
ഒളിച്ചോടാനുള്ള അവസരം ഒരുക്കിക്കൊണ്ടായിരുന്നു സംഭാജി സജ്ജന്‍ഗഡില്‍ എത്തിയത്. സംഭാജിയുടെ ഭാര്യ യേസൂബായി ഗര്‍ഭിണിയായതിനാല്‍ തന്റെ പിതൃഗൃഹമായ ശൃംഗാര്‍പൂരില്‍ ആയിരുന്നു. രണ്ടാമത്തെ പത്‌നിയായ ദുര്‍ഗാവതിയും അവളുടെ സഹോദരി രാണുബായിയും സംഭാജിയുടെ കൂടെ ഉണ്ടായിരുന്നു. ആകര്‍ഷകങ്ങളായ സ്ഥാനമാനങ്ങള്‍ നല്‍കാമെന്ന പ്രലോഭനത്തോടുകൂടിയ കത്ത് പ്രതിദിനം വന്നുകൊണ്ടിരുന്നു. ബാദശാഹയുടെ നേതൃത്വം അംഗീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്യാന്‍ തയ്യാറായാല്‍ സംഭാജിക്ക് എഴുപത്തിയയ്യായിരം രൂപ പ്രതിമാസം നല്‍കണമെന്നായി. ഇത്തരം പ്രലോഭനങ്ങളില്‍ പെട്ടു പോയ സംഭാജി സ്വരാജ്യം ഉപേക്ഷിക്കാനും മുഗളരുമായി ചേരാനും നിശ്ചയിച്ചു. 1678 ഡിസംബര്‍ 13 ന് ശ്രീക്ഷേത്ര മാഹുലിയില്‍ കൃഷ്ണവേലാ സംഗമത്തില്‍ സ്‌നാനം ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞ് സജ്ജന്‍ഗഢില്‍ നിന്നും പുറപ്പെട്ട് ദിലേര്‍ഖാന്റെ സൈനിക ഛാവണിയില്‍ ചെന്നുചേര്‍ന്നു. ഇദ്ദേഹത്തിന്റെ കൂടെ ദുര്‍ഗാബായി, രാണുബായിയെ കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ഏതാനും സൈനികരും ഉണ്ടായിരുന്നു.
മോഹന കണ്ണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: