ഭാരതീയ ധര്‍മസാഗരം ഹൈന്ദവ സംസ്കൃതിയുടെ ഏകമെങ്കിലും വിഭിന്നധാരയുടെ ആത്മപ്രത്യക്ഷങ്ങളായി പ്രവഹിക്കുകയായിരുന്നു. ബുദ്ധെൈജനാദി പ്രചാരപ്രസിദ്ധമായ മതനാമങ്ങള്ക്കപ്പുറം അവ ആര്ഷപ്രത്യയങ്ങളുടെ ചാലക ശക്തിയായി രൂപം പൂണ്ടു. സംസ്കൃതിയാവിഷ്കാരത്തിലും അതിന്റെ പുനഃപ്രതിഷ്ഠയിലും നിര്‍ണായകമായ അന്തര്‍വഹ്നിയായി ആ തത്വാശയങ്ങള് ജൈത്രയാത്രയില്‍ തിളങ്ങി. പ്രാചീന മധ്യകാലഘട്ടത്തിന്റെ നവോത്ഥാന യജ്ഞത്തില്‍ ഉജ്ജീവന ശക്തിയായി ജൈനകവികളേകിയ മഹാപ്രകാശത്തിന് അസ്തമയമില്ല. ഗുജറാത്ത്, രാജസ്ഥാന്, കര്‍ണാടക തുടങ്ങിയ പ്രദേശങ്ങള്‍ ജൈനസംസ്കൃതിയുടെ ആത്മീയ പ്രത്യയങ്ങളില്‍ ബഹുദൂരം സഞ്ചരിക്കുകയായിരുന്നു.
പ്രാചീനമായി നിലനിന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അസമത്വങ്ങളെയും പ്രതിരോധിച്ചാണ് ജൈനമഹാകവികളുടെ കാവ്യതീര്ഥപഥങ്ങള് സാക്ഷാത്കാരം നേടിയത്. ജൈനതത്ത്വയാനം ഹീന മഹായാന മാര്‍ഗങ്ങളായി വ്യത്യസ്ത തലങ്ങളായി ശാന്തിദമായി പ്രചരിച്ചെങ്കിലും ആര്‍ഷദര്‍ശനത്തിന്റെ അസ്തിവാരത്തില്‍ അവ ദേശീയ പ്രബുദ്ധതയുടെ മഹാശബ്ദമായി പരിണമിക്കുകയായിരുന്നു. ലോകശാഹും, താരണ്തരണ് സ്വാമിയും പകര്‍ന്ന സാമൂഹ്യ നവോത്ഥാനാശയങ്ങള്‍ മതാതീതമായ നമ്മുടെ സ്വപ്നസാഫല്യമാണ്.
പത്താം നൂറ്റാണ്ടിന്റെ ഹൃദയ മുകുളത്തിന് കാവ്യപ്രകാശമേകിയത് പ്രധാനമായും മൂന്ന് ജൈനമഹാകവികളാണ്. പംപ, ശ്രീപൊന്ന, റണ്ണാ എന്നീ പ്രതിഭകളാണ് മൂന്നു രത്നങ്ങള്‍ എന്ന പേരില്‍ വിശ്രുതരായത്. ശ്രീപൊന്ന ആന്ധ്രയിലെ വേംഗി ജില്ലയിലാണ് ജനിച്ചത്. ജൈനമതം സ്വീകരിച്ച് മാതാപിതാക്കള്‍ കുടിയേറിയത് കര്‍ണാടകത്തിലാണ്. ‘മാന്യഖേത’യെന്ന രാഷ്ട്രകൂടവംശത്തിന്റെ രാജധാനിയില്‍ ജോലി ചെയ്തായിരുന്നു അവരുടെ ഉപജീവനം. പാരമ്പര്യ വിദ്യാഭ്യാസം നേടിയ അടിസ്ഥാന ജ്ഞാന വെളിച്ചം ശ്രീപൊന്നയെ ജിജ്ഞാസുവാക്കി. പൈതൃകപ്രോക്തമായ ജ്ഞാനസരണിയിലൂടെയായി തുടര്‍ന്നുള്ള യാത്ര. ഉള്ളില്‍ ബാല്യത്തില്‍ തന്നെ സംഭരിച്ച ആത്മീയാനുഭൂതികളും അനുഭവ പ്രത്യയങ്ങളും ശ്രീപൊന്നയുടെ പ്രതിഭയില്‍ നവീനമായ പ്രത്യക്ഷങ്ങളരുളി. ജൈനമത സിദ്ധാന്തങ്ങളുടെ പൊരുളുകള്‍ തേടി, തീര്ഥങ്കരന്മാരുടെ ജീവിതവും ആത്മീയതയും പഠന-മനനങ്ങള്‍ക്ക് വിധേയമാക്കുകയായിരുന്നു ശ്രീപൊന്ന. ചേതനയിലുറന്ന കവിതയുടെ നവനവ നക്ഷത്രങ്ങള്‍ യോഗരശ്മി ചിതറുന്ന അക്ഷരങ്ങളായി പിറവികൊള്ളാന്‍ തുടങ്ങി. ഇതിന്റെ ആദിഫലമാണ് ‘ജിനാക്ഷരമാല’ എന്ന ജൈന പുരാണം. ജിനചന്ദ്രദേവന് എന്ന തീര്‍ഥങ്കരന്റെ നിര്‍വാണ നിര്‍വൃതിയുടെ അനശ്വര കഥാസാക്ഷ്യമാണ് ഈ രചന. ജൈനപ്രബുദ്ധതയുടെ ജ്ഞാനഗംഗയായി ഗ്രന്ഥം സമൂഹം അംഗീകരിച്ചു. മുമുക്ഷവിന്റെ മഹാമാര്ഗവും ലക്ഷ്യവും തേടുന്ന കൃതി അനന്യഭാസുരമായ ബിംബാവലികളാല്‍ സമൃദ്ധമാണ്. എണ്‍പത്തിയൊമ്പത് കാണ്ഡങ്ങളിലായി വിസ്തരിക്കപ്പെടുന്നത് തീര്ഥങ്കരന്മാരെയും ജൈനസംന്യാസിമാരേയും കുറിച്ചുള്ള സ്തുതിവചനപ്രമാണങ്ങളാണ്.
ശാന്തിനാദനെന്ന പതിനാറാം തീര്‍ഥങ്കരന്റെ ജീവിതവും പതിനൊന്ന് പൂര്‍വജന്മങ്ങളുടെ കാവ്യാത്മക ചിത്രണങ്ങളുമാണ് ‘ശാന്തിപുരാണം’ എന്ന ചമ്പൂശൈലി പിന്‍പറ്റുന്ന ഗ്രന്ഥം. ‘ഭുവനൈകരാമായണം’ എന്ന ശ്രീപൊന്നയുടെ വിശിഷ്ട രചന അപൂര്‍വ രൂപത്തിലാണ് വീണ്ടുകിട്ടിയത്.
സംസ്കൃതവും കന്നടഭാഷയും ഉജ്ജ്വല കാന്തി വൈഭവത്തില്‍ സ്വന്തം പ്രതിഭായാനത്തില് സമാര്‍ജിച്ച ശ്രീപൊന്ന രാഷ്ട്രകൂട രാജവംശത്തിലെ പ്രമുഖ രാജാവായ കൃഷ്ണ മൂന്നാമന്റെ കൊട്ടാരത്തിലെ ആസ്ഥാന കവി പദം അലങ്കരിച്ചു. ഉദയകവി ചക്രവര്‍ത്തിയെന്ന ബിരുദനാമം നല്‍കിയാണ് നാട് ശ്രീപൊന്നയെ ആദരിച്ചത്.
സുദീര്‍ഘമായ ആ കാവ്യജീവിതം ആത്മീയതയുടെയും മാനവതയുടെയും ആതിര നിലാവില് ശാന്തിസൗഭഗങ്ങള് വിടര്‍ത്തിയാണ് പര്യവസാനിച്ചത്. സുഭാഷിതങ്ങളുടെയും സ്നേഹവായ്പിന്റെയും മധുവൂറുന്ന ആ അക്ഷര സഞ്ചയിക വ്യക്തിയെയും സമൂഹത്തെയും പുനഃസൃഷ്ടിക്കുകയായിരുന്നു. മതത്തിന്റെ ആന്തരികതയില്‍ അലിഞ്ഞുള്ള മഹാകവിയുടെ മാതൃകാ ജീവനം മാതൃഭൂമിയുടെ മഹിത സന്ദേശമാണ്. ജിനാക്ഷരമാലയിലെ ഓരോ മന്ദാരമണിയും കാലജപമന്ത്രണത്തില് സായുജ്യം നേടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: