തിരുവനന്തപുരം: യാഗാശ്വത്തെ വരവേല്‍ക്കാന്‍ നീലാകാശത്തിന് കീഴില്‍ കാവിത്തിരമാലതീര്‍ത്ത് കാട്ടാക്കടയിലെ എന്‍ഡിഎ പ്രവര്‍ത്തകര്‍. വൈകുന്നേരം സൂര്യന്‍ അസ്തമിക്കാന്‍ ഒരുങ്ങുമ്പോള്‍ മറ്റൊരു സൂര്യോദയം കണക്കെയായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പേയാടില്‍ ഒരുക്കിയ വേദിയിലേക്ക് കടന്നുവന്നത്. കൈകള്‍ കൂപ്പി ചെറുപുഞ്ചിരിയോടെ വേദിയില്‍ നടന്നുകയറിയ ആദിത്യനാഥിനെ കണ്ടപാടെ പ്രവര്‍ത്തകര്‍ ആവേശഭരിതരായി. മുദ്രാവാക്യം വിളികളും കൈയടികളുമായാണ് പേയാട് ജങ്ഷനില്‍ കൂടിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആയിരങ്ങൾ യോഗിയെ വരവേറ്റത്. ആദിത്യനാഥ് പ്രവര്‍ത്തകരെ ഒന്നാകെ കൈവീശികാണിച്ചതും ആവേശം ഉച്ചസ്ഥായിലായി.
കാട്ടാക്കട മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസ് സംസാരിക്കാന്‍ മൈക്കിനരികിലേക്ക് നീങ്ങിയതും വീണ്ടും ജനകൂട്ടം ഹര്‍ഷാരവം മുഴക്കി. ഭാരത മാതാവ് വിജയിക്കട്ടെയെന്ന മന്ത്രം നൂറുകണക്കിന് കണ്ഠങ്ങളില്‍ നിന്നും ഒരേസമയം മുഴങ്ങിയത് യോഗിയേയും ത്രസിപ്പിച്ചു. ഉത്തര്‍പ്രദേശിനെ യോഗി ആദിത്യനാഥ് എത്രമാത്രം പുരോഗതിയിലേക്ക് നയിച്ചെന്ന് അക്കമിട്ട് നിരത്തിയായിരുന്നു പി.കെ. കൃഷ്ണദാസിന്റെ പ്രസംഗം ആരംഭിച്ചത്.
യോഗിയുടെ ഊഴമെത്തിയതും സദസ്സില്‍ ആവേശം പ്രകടമായി. ”കേരളത്തിലെ എല്ലാവര്‍ക്കും നമസ്‌കാരം” എന്ന് അക്ഷരസ്ഫുടതയോടെ നാവ് വഴങ്ങുന്ന തനി മലയാളികണക്കെ യുപി മുഖ്യമന്ത്രി പറഞ്ഞതും സദസ്സ് ഒന്നടങ്കം എഴുനേറ്റ് നിന്ന് കൈയടിച്ചു. വളരെ സാവധാനം പ്രസംഗിച്ച് തുടങ്ങിയ യോഗി തീപന്തം പോലെ പടന്നുകയറി. അഴിമതിയും കെടുകാര്യസ്ഥതയും ഭീകരവാദവും കള്ളക്കടത്തും ചൂണ്ടിക്കാട്ടിയായിരുന്നു പ്രസംഗത്തില്‍ ഉടനീളം യോഗി സര്‍ക്കാരിനെ കടന്നാക്രമിച്ചത്. നാളെയുടെ പ്രവര്‍ത്തനത്തിനുള്ള ഊര്‍ജം പ്രവര്‍ത്തകരില്‍ പകര്‍ന്നുകൊണ്ടായിരുന്നു ഭാരത്മാതാകീ ജയ് വിളിച്ച് യോഗി പ്രസംഗം അവസാനിപ്പിച്ചത്.
തെരഞ്ഞെടുപ്പ് യോഗം തുടങ്ങുന്നതിന് മുമ്പ് സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസ് പേയാട് ജങ്ഷനില്‍ റോഡ് ഷോ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: