കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം തൊഴിലാളി ദ്രോഹത്തിന്റെ ഇരുണ്ട നാളുകളായിരുന്നു. സംസ്ഥാനത്തുള്ള പൊതു മേഖലാ സ്ഥാപനങ്ങളില്‍ 1996ന് ശേഷം ഒരു നിയമനം പോലും നടന്നില്ലെന്നത് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ്. സിപിഎം നേതാക്കളുടെ മക്കളും കുടുംബാംഗങ്ങളും പിന്‍വാതിലിലൂടെ ഇത്തരം സ്ഥാപനങ്ങളില്‍ ജോലി നേടുകയും ചെയ്തു. ഇടതു – വലതു മുന്നണികള്‍ അവരുടെ അധികാരക്കാലം തങ്ങളുടെ സ്വന്തക്കാരെ തിരുകികയറ്റുന്നതിനുള്ള അവസരമായി മുതലെടുത്തു. താല്‍ക്കാലിക, കരാര്‍ തൊഴിലാളികളായി അണികളെയും ബന്ധുക്കളെയും നിയമിക്കുകയും പിന്നീട് അവരെ സ്ഥിരപ്പെടുത്തുകയും ചെയ്യുകയെന്ന തന്ത്രമാണ് ഇവര്‍ നടപ്പാക്കുന്നത്. സിപിഐ ഭരിക്കുന്ന വകുപ്പുകളിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സിപിഐ പ്രവര്‍ത്തകരും സിപിഎം ഭരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ സിപിഎമ്മുകാരും കയറിപ്പറ്റുന്നു. ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകുമ്പോഴേക്കും കാലം ഏറെ കഴിയും. അതിനിടയില്‍ ഭരണം മാറും. എന്നാല്‍ താല്‍ക്കാലികക്കാരെ ചവിട്ടിക്കയറ്റുന്നതിന് ഇതൊന്നും തടസ്സമല്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ നിയമനനിരോധനം നടപ്പാക്കുകയും പിന്‍വാതിലിലൂടെ സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും തിരുകികയറ്റുകയും ചെയ്യുന്നു. ഇതാണ് കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഇതിനിടയിലാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ മോദിവില്ക്കുന്നു, പിണറായി വാങ്ങുന്നുവെന്ന അടിസ്ഥാനരഹിതമായ പ്രചാരണം നടക്കുന്നത്. ഈ പ്രചാരണത്തിന്റെ യഥാര്‍ത്ഥ വസ്തുതയറിയാന്‍ ഏറ്റവും ഒടുവിലായി വന്ന ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ ഏറ്റെടുക്കല്‍ പ്രക്രിയയെ കുറിച്ച് മനസ്സിലാക്കിയാല്‍ മതി. 650 ഏക്ര ഭൂമിയാണ് എച്ച്എന്‍എല്ലിന് സ്വന്തമായുള്ളത്. കണ്ണായ ഭൂമിയാണത്. തിരുവനന്തപുരത്തും എറണാകുളത്തും കമ്പനിക്ക് ഗസ്റ്റ് ഹൗസുകളുണ്ട്. ഇതൊന്നും കൂടാതെ നൂറുകണക്കിന് ഏക്ര പ്ലാന്റേഷനും. 2017 മുതല്‍ ശമ്പളം ലഭിക്കാത്ത തൊഴിലാളികളാണ് ഇവിടെയുള്ളത്. ഏറ്റെടുക്കുന്നതോടെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ശമ്പളമാകട്ടെ 2017 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തിലെ പതിനാറ് ശതമാനം ശമ്പളം മാത്രം. ഗ്രാറ്റിവിറ്റി ലഭിക്കുന്നതാകട്ടെ 35 ശതമാനം മാത്രം. തൊഴിലാളിക്ക് നാമമാത്രമായ ആനുകൂല്യം നല്കി അവരെ ഒഴിവാക്കുകയും തൊഴിലാളിക്ക് തൊഴില്‍ അസാധ്യമാക്കുകയും ചെയ്യുന്ന നടപടിയാണ് എച്ച്എന്‍എല്ലില്‍ നടക്കുന്നത്.
ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ കമ്പനിയുടെ ഭൂമി ഭൂമാഫിയകള്‍ക്ക് വീതിച്ചു നല്കാന് കഴിയുന്നു. ഒരു ഇടനിലക്കാരന്റെ റോളിലേക്ക് സര്‍ക്കാര്‍ തരംതാഴുകയാണ്. ലാഭക്കണ്ണോടെ ഭൂമാഫിയകള്‍ക്ക് വേണ്ടിയുള്ള വന്‍തട്ടിപ്പാണ് ഇതെന്ന് ചുരുക്കം. പൊതുമേഖലാ സ്ഥാപനങ്ങളെ രക്ഷിക്കുകയാണ് സര്‍ക്കാറിന്റെ ഉദ്ദേശ്യമെങ്കില്‍ ഏറ്റവും കൂടുതല്‍ പരിഗണന നല്‍കേണ്ടത് കളമശ്ശേരി എച്ച്എംടിയ്ക്ക് ആയിരുന്നു. മൂവ്വായിരം തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇന്ത്യയിലെ ഏക മെഷിന്‍ടൂള്‍ കമ്പനിയാണിത്. ലോകമാര്‍ക്കറ്റില്‍ സ്ഥാനം പിടിച്ച കമ്പനി ഇന്ന് 118 പേരാണ് അവിടെ ജോലി ചെയ്യുന്നത്. 600 ഓളം കരാര്‍ തൊഴിലാളികളും. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാസ്റ്റിംഗ് അയേണ്‍ പ്ലാന്റ് എച്ച്എംടിയിലാണുള്ളത്. എന്നാല്‍ ഇന്നവിടെ നൂറ്കണക്കിന് ലെയ്ത്ത് മെഷീനുകള്‍ നോക്കുകുത്തികളായി കിടക്കുന്നു. ആത്മനിര്‍ഭര്‍ പദ്ധതികള്‍ പോലെയുള്ള പുനരുജ്ജീവന പാക്കേജുകളിലൂടെ ഇത്തരം വ്യവസായ സ്ഥാപനങ്ങള്‍ വീണ്ടെടുക്കാമായിരുന്നു.
എന്നാല്‍ സര്‍ക്കാറിന്റെ താല്‍പ്പര്യം അതല്ലെന്ന് ചുരുക്കം. തൊഴിലാളികളെ ഒഴിവാക്കി കൈവശപ്പെടുത്താവുന്ന ഭൂമിയിലേക്കാണ് സര്‍ക്കാറിന്റെ കണ്ണ്. ഇടനിലക്കാരന്റെ കാപട്യം നിറഞ്ഞ നിലപാടാണ് സര്‍ക്കാറിനുള്ളത്. ഇതിനെയാണ് പിണറായി വാങ്ങുന്നവെന്ന പ്രചാരണമായി പിആര്‍ കമ്പനികള്‍ മാറ്റിയെടുത്തിരിക്കുന്നത്. തൊഴിലാളി വഞ്ചന നിറഞ്ഞ അഞ്ചു വര്‍ഷമാണ് കഴിഞ്ഞുപോകുന്നത്. 2016 മെയ് 16 ന് പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ പ്രഖ്യാപിച്ചിരുന്നത് സര്‍ക്കാര്‍ മേഖലയില്‍ പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കുമെന്നായിരുന്നു. സര്‍ക്കാറിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്ന് പെന്ഷന് നടപ്പാക്കുമെന്ന് ഉറപ്പ് നല്കി. സര്‍ക്കാര്‍ 5 വര്‍ഷം ഒന്നും ചെയ്തില്ല. എന്നാല്‍ ഇന്നും പങ്കാളിത്ത പെന്ഷന് തുടരുന്നു. എന്‍ജിഒ സംഘ്, ഫെറ്റോ എന്നീ സംഘടനകള്‍ സമരം ചെയ്തപ്പോള്‍ ജീവനക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ ഒരു കമ്മിറ്റി രൂപീകരിച്ച് തടിതപ്പുകയാണ് സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാരെ കണ്ണീരുകുടിപ്പിക്കുകയായിരുന്നു സര്‍ക്കാര്‍. ഓഖി, പ്രളയം, കോവിഡ് എന്നീ ദുരിതകാലങ്ങള്ക്കിടയില് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കാന്‍ ഓര്ഡിഡന്സ് ഇറക്കി. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്ന് ഹൈക്കോടതി വിധിയെ മറികടന്നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. ജീവനക്കാര്‍ക്ക് വീടു നിര്‍മ്മിക്കാന്‍ നാമമാത്ര പലിശക്ക് കാലാകാലങ്ങളായി അനുവദിച്ച വായ്പാ പദ്ധതിയും പൂര്‍ണ്ണമായി ഒഴിവാക്കി. ലീവ് സറണ്ടര്‍ ആനുകൂല്യം ഒഴിവാക്കി. ഡിഎ മരവിപ്പിച്ചു. സര്‍വ്വീസ് വെയിറ്റേജ് ചരിത്രത്തില്‍ ആദ്യമായി ഒഴിവാക്കി. ശമ്പള കമ്മീഷനുകളുടെ ഘടനതന്നെ സര്‍ക്കാര്‍ പൊളിച്ചടുക്കിയാണ് ഇത് നടപ്പാക്കിയത്.
കൊല്ലം ജില്ലയില്‍ മൂന്നരലക്ഷം കശുവണ്ടി തൊഴിലാളികളാണുള്ളത്. അധികാരത്തിലേറി പത്ത് ദിവസത്തിനുള്ളില്‍ കശുവണ്ടി ഫാക്റികള്‍ തുറക്കുമെന്നായിരുന്നു പ്രഖ്യാപനം. തുറന്നില്ലെന്ന് മാത്രമല്ല കാപക്സിലെ ഏതാനും കമ്പനികള്‍ തുറന്ന് ഈ മേഖലയെ തകര്‍ത്തു. പതിനൊന്ന് കശുവണ്ടി തൊഴിലുടമകളാണ് ആത്മഹത്യചെയ്തത്. മൂന്നരലക്ഷം തൊഴിലാളികള്‍ പെരുവഴിയിലുമായി. കയര്‍ മേഖലയിലും നൂറു ദിവസത്തെ തൊഴിലായിരുന്നു പിണറായി സര്‍ക്കാര്‍ വാഗ്ദാനംചെയ്തിരുന്നത്. തൊഴില്‍ ലഭിക്കാതെയായപ്പോള്‍ സിപിഐക്കടക്കം സമരം ചെയ്യേണ്ട ഗതികേടുണ്ടായി. ഏഴരലക്ഷം തൊഴിലാളികള്‍ പെരുവഴിയിലായി. പ്ലാന്റേഷന് മേഖലയിലും തൊഴിലാളികള്‍ ദുരിതത്തിലാണ്. ചോര്‍ന്നൊലിക്കുന്ന ലയങ്ങള്‍ പുതുക്കിപ്പണിയുമെന്ന എല്‍ഡിഎഫ് വാഗ്ദാനം ജലരേഖയായി പ്രധാനമന്ത്രി ആവാസ് യോജനപോലും ഈ മേഖലയില്‍ നടപ്പാക്കിയില്ല. പാവപ്പെട്ട തൊഴിലാളികള്‍ കാരണമാണ് സര്‍ക്കാര്‍ അധികാരത്തിലേറിയതെന്ന് ഓര്‍മ്മിക്കണമെന്ന് ആനത്തലവട്ടം ആനന്ദനുവരെ പറയേണ്ടിവന്നു.
പരമ്പരാഗത വ്യവസായ മേഖലകളിലെ തൊഴിലാളികള്‍ അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ണ്ണമായി അനാഥരായി. ഇരു മുന്നണികളും മാറിമാറി തൊഴിലാളി ദ്രോഹനടപടികള്‍ നടപ്പാക്കുന്നു. സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ എത്തിച്ചുനല്കുന്നുവെന്നാണ് പിണറായി സര്‍ക്കാറിന്റെ മറ്റൊരു അവകാശവാദം. എംഎല്‍എ മാരും എംപിമാരും രണ്ടു പെന്ഷന് വാങ്ങിക്കുമ്പോള്‍ ഒരു പെന്ഷന് വാങ്ങിക്കുന്നവര്‍ക്ക് മറ്റൊരു പെന്ഷന് വാങ്ങിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ചേര്ന്നവര്ക്കടക്കം പെന്ഷന് ഇല്ലാതാക്കി. തൊഴിലുറപ്പു പദ്ധതിയാണ് ഇടതു സര്‍ക്കാര്‍ തങ്ങളുടെ സ്വന്തം നേട്ടമായി അവതരിപ്പിക്കുന്നത് എന്നാല്‍ അവിദഗ്ധ തൊഴിലാളികള്‍ക്ക് കൂലിയിനത്തില്‍ നൂറ് ശതമാനം, ഭരണ ചെലവ് ആറ് ശതമാനം, ഉപകരണങ്ങള്‍ക്കുള്ള ചെലവ് എഴുപത്തിയഞ്ച് ശതമാനം എന്നിവ കേന്ദ്രസര്‍ക്കാരാണ് നല്‍കുന്നത്. എന്നാല്‍ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് സിപിഎമ്മും സിഐടിയും ശ്രമിക്കുന്നത്. തൊഴില്‍ മേഖലയില്‍ സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങളൊന്നും നടപ്പായില്ല. മോട്ടോര്‍ മേഖല തകരുകയാണ്. കെഎസ്ആര്‍ടിസിയില്‍ 4500 എംപാനലുകാരെ പിരിച്ചുവിട്ടിരിക്കുന്നു. യാതൊരു തത്വദീക്ഷയുമില്ലാത്ത നിലപാടുകളാണ് മാനേജ്മെന്റ് നടപ്പാക്കുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ രണ്ട് ശമ്പള കമ്മീഷനുകള്‍ക്ക് പിറകിലാണ്. ഡിഎ കുടിശ്ശികയും ഏറെയാണ്. പരീക്ഷയെഴുതി ഉന്നത റാങ്ക് നേടിയ ഉദ്യോഗാര്‍ത്ഥികള്‍ കെഎസ്ആര്‍ടിസിയിലാണ് ആദ്യം നിയമിക്കപ്പെടുക. എന്നാല്‍ ഇവിടെയാകട്ടെ സര്‍ക്കാറിന്റെ മറ്റുവകുപ്പുകളിനേക്കാള് കുറഞ്ഞ വേതന വ്യവസ്ഥയാണുള്ളത്. വികലമായ നയങ്ങളാണ് കെഎസ്ആര്‍ടിസിയെ നശിപ്പിക്കുന്നത്. വരുമാനം കണ്ടെത്താനായി സംസ്ഥാനത്തുടനീളം കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്സുകള്‍ ഇന്ന് വാടകയ്ക്ക് നല്കാന് കഴിയാതെ അടഞ്ഞുകിടക്കുകയാണ്. വായ്പകള്‍ അടയ്ക്കാന്‍ കഴിയാതെ കെഎസ്ആര്‍ടിസി ബുദ്ധിമുട്ടുമ്പോഴാണ് വരുമാനംലഭിക്കാനുള്ള വന്‍കെട്ടിട സമുച്ചയങ്ങള്‍ ഭാര്‍ഗവി നിലയങ്ങളായി മാറുന്നത്.
തമിഴ്നാട്, കര്‍ണ്ണാടകം മുതലായ സംസ്ഥാനങ്ങളില്‍ സ്വകാര്യ, സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ജീവനക്കാര്‍ക്ക് ഒരേ ആനുകൂല്യം ലഭിക്കുന്നു. എന്നാല്‍ കേരളത്തിലെ സ്വകാര്യ സ്കൂള്‍ അധ്യാപകര്‍ക്ക് ലഭിക്കുന്നതാകട്ടെ പ്രൈവററ് സ്ഥാപനങ്ങളിലെ ഗ്രേഡ് അനുസരിച്ചുള്ള ശമ്പളം മാത്രം. 1936 ലെ പെയ്മെന്റ് ഓഫ് ആക്റ്റിലെ ചട്ടങ്ങള്‍ നടപ്പാക്കാത്തതുകൊണ്ടാണ് ഈ വ്യത്യാസമുള്ളത്. വ്യവസായ സൗഹൃദ സംസ്ഥാനമെന്ന നിലയില്‍ ദേശീയതലത്തില്‍ കേരളം ഇന്ന് 28-ാം സ്ഥാനത്താണുള്ളത്. ഇരുപത്ലക്ഷം സ്ഥാപനങ്ങളാണ് സംസ്ഥാനത്താകെയുള്ളത്. എന്നാല്‍ ഇവിടെയുള്ള ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ളതാകട്ടെ 112 ലേബര്‍ ഓഫീസര്‍ മാത്രം. ഇത്രയധികം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദുര്‍ബ്ബലമായ സര്‍ക്കാര്‍ സംവിധാനമാണുള്ളത്. വ്യവസായങ്ങള്‍ അടച്ചുപൂട്ടിയെന്ന് മാത്രമല്ല തൊഴിലാളികളെ പെരുവഴിയിലാക്കി ആനന്ദിക്കുന്ന സര്‍ക്കാരാണ് ഇടതുപക്ഷത്തിന്റെ ലേബലില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി കേരളത്തെ ഭരിച്ചു കൊണ്ടിരിക്കുന്നത്.
സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന്
ബിഎംഎസ് സംസ്ഥാന അദ്ധ്യക്ഷന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: