കൊച്ചി: തെരഞ്ഞെടുപ്പിനു മുന്‍പ് വലിയൊരു ബോംബ് പൊട്ടിയേക്കുമെന്നും അതില്‍ തനിക്ക് ഭയമില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വെളിപ്പെടുത്തുന്നത് അദ്ദേഹത്തിന്റെയും സിപിഎമ്മിന്റെയും ആശങ്ക.
സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അസ്വസ്ഥമാക്കുന്ന നിരവധി കേസുകള്‍ അതിന്റേതായ വഴികളില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും ആ കേസുകളില്‍ നിര്‍ണായക നീക്കങ്ങളോ തീരുമാനങ്ങളോ ഉണ്ടാകാം. തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് അത്തരമൊരു നടപടിയോ തീരുമാനമോ നിര്‍ദേശമോ കോടതി പരാമര്‍ശമോ വന്നാല്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും തെല്ലൊന്നുമല്ല അത് ബാധിക്കുക. അതിനാലാണ് ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്‍പേ എറിയുകയെന്ന പഴഞ്ചൊല്ല് അന്വര്‍ഥമാക്കും വിധം ബോംബ് പൊട്ടാമെന്നും അതില്‍ ഭയമില്ലെന്നും മുഖ്യമന്ത്രി തട്ടി വിട്ടത്.
കേസുകളില്‍ എന്ത് നിര്‍ണായക വഴിത്തിരിവുണ്ടായാലും അത് മുന്‍പേ പ്രതീക്ഷിച്ചിരുന്നതാണെന്നും രാഷ്ട്രീയ വൈരം തീര്‍ത്തതാണെന്നും പറഞ്ഞ് തലയൂരാനുള്ള മുന്‍ കരുതലാണ് പ്രസ്താവന. ലാവ്ലിന്, ഡോളര്‍ – സ്വര്‍ണക്കടത്ത് അടക്കമുള്ള കേസുകളില്‍ മുഖ്യമന്ത്രിയും സിപിഎമ്മും ആശങ്കയിലാണെന്നതിന്റെ വ്യക്തമായ സൂചന കൂടിയാണ് പ്രസ്താവന. ലാവ്ലിന് കേസില്‍ ക്രൈം മാസിക എഡിറ്റര്‍ നന്ദകുമാറിനെ തെളിവു നല്കാന് എന്‍ഫോഴ്സ്മെന്റ് വിളിപ്പിച്ചിരുന്നു, അദ്ദേഹം ഇന്നലെ എത്തി തെളിവുകള്‍ സമര്‍പ്പിച്ചു. കേസില്‍ മുഖ്യമന്ത്രിയടക്കം മൂന്നു പേരെ കുറ്റ വിമുക്തരാക്കിയതിനെതിരെ സിബിഐ നല്കിയ ഹര്‍ജി ഏപ്രില്‍ ആറിന് സുപ്രീംകോടതി പരിഗണിക്കുകയാണ്. ഫെബ്രുവരി 24നാണ് ഹര്‍ജി ആദ്യം പരിഗണിച്ചത്. സിബിഐ സമയം നീട്ടി ചോദിച്ചതിനാല്‍ ഏപ്രില്‍ ആറിലേക്ക് മാറ്റുകയായിരുന്നു. അന്നാണ് നിയമസഭാ തെരഞ്ഞെടുപ്പും. സിബിഐ കോടതിയും ഹൈക്കോടതിയും വിട്ടയച്ച കേസില്‍ ശക്തമായ തെളിവുകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഹാജരാക്കാന്‍ സുപ്രീംകോടതി സിബിഐയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സിബിഐ എന്തെങ്കിലും തെളിവ് ഹാജരാക്കുമെന്ന് പിണറായിയും സര്‍ക്കാരും കരുതുന്നു.
ഡോളര്‍ കടത്തു കേസിലും എന്തെങ്കിലും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരാം. അതും ആശങ്കയ്ക്ക് കാരണമാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മറ്റുമുള്ള ജാഗ്രതാ സന്ദേശം കൂടിയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. അധികം വൈകാതെ പാര്‍ട്ടിയുടെ സൈബര്‍ പോരാളികള്‍ക്ക്, ബോംബ് പൊട്ടിയാല്‍ ന്യായീകരിക്കാനുള്ള ക്യാപ്സൂളുകള് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: