കൊച്ചി: ഇരട്ട വോട്ട് ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി. ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂവെന്ന് ഉറപ്പു വരുത്തണമെന്നു പറഞ്ഞ കോടതി, ഇരട്ട വോട്ട് തടയാന്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷനോട് നിര്‍ദേശിച്ചു.
ഇരട്ട വോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ക്രമക്കേടുകള്‍ തടയാന്‍ ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ വിളിക്കാമെന്നും കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ രേഖ കോടതി അംഗീകരിച്ചു. സംസ്ഥാനത്താകെ എല്ലാ ബൂത്തുകളിലുമായി 4.16 ലക്ഷത്തിലധികം ഇരട്ട വോട്ടുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് പ്രതിപക്ഷ നേതാവ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരു ബൂത്തില്‍ത്തന്നെ ഒന്നിലധികം വോട്ടുകളുള്ള 22,812 പേരുകള്‍ കണ്ടെത്തി.
ഇരട്ട വോട്ടുള്ളവര്‍, സ്ഥലത്തില്ലാത്തവര്‍, മരിച്ചു പോയവര്‍ എന്നിവരുടെ കാര്യം ബിഎല്‍ഒമാര്‍ നേരിട്ട് വീടുകളിലെത്തി പരിശോധിക്കുമെന്ന് കമ്മീഷന്റെ മാര്‍ഗ രേഖയില്‍ പറയുന്നു. പോളിങ് സമയത്ത് പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് നല്കുന്ന വോട്ടര്‍ പട്ടികയില്‍ ഇക്കാര്യം രേഖപ്പെടുത്തും. ഇത്തരം വോട്ടര്‍മാര്‍ ബൂത്തിലെത്തിയാല്‍ അവരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങും, അവരുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കും. കൈയില്‍ മഷി തേച്ച് ബൂത്തില്‍ നിന്ന് മടങ്ങും മുമ്പ് അത് ഉണങ്ങിയെന്ന് ഉറപ്പു വരുത്തും.
എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകള്‍ സംബന്ധിച്ച പട്ടികയായി. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ട് പരിശോധിച്ച് തയാറാക്കിയ പട്ടിക കളക്ടര്‍മാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. പട്ടികയ്ക്കൊപ്പം നേരിട്ട് ബൂത്തിലെത്തി വോട്ട് ചെയ്യണ്ടാത്തവര്, മണ്ഡലം മാറിയവര്‍, മരിച്ചു പോയവര്‍ എന്നിവരുടെ പട്ടികയും തെരഞ്ഞെടുപ്പിനു മുമ്പ് തയാറാക്കും. ഇതും പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് കൈമാറും.
അന്വേഷണത്തില്‍ 38,586 ഇരട്ട വോട്ടുകള്‍ മാത്രമേയുള്ളൂവെന്ന് കമ്മീഷന് കണ്ടെത്തിയിരുന്നു. ഈ വോട്ടര്‍മാരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് വോട്ടര്‍ പട്ടികയ്ക്കൊപ്പം പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് നല്‍കുക. ഇരട്ട വോട്ടുള്ളവരെ വോട്ടവകാശം വിനിയോഗിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു ചെന്നിത്തല ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ഇരട്ട വോട്ടുണ്ടെന്ന് കരുതി ഒരാളെ വോട്ട് ചെയ്യുന്നതില്‍ നിന്ന് തടയാനാകില്ലെന്ന് കമ്മീഷന് നിലപാടെടുത്തു. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഒരാള്‍ ഒരു വോട്ട് മാത്രമേ ചെയ്യൂയെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ രേഖ ഹൈക്കോടതി അംഗീകരിച്ചത്. ഇരട്ട വോട്ടുള്ളവര്‍ രണ്ടു വോട്ട് ചെയ്തതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും കമ്മീഷന് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: