രാജ്യത്ത് ജാതി അടിസ്ഥാനമാക്കി ജനസംഖ്യാ കണക്കെടുപ്പ് നടത്തണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അഠാവ്ളെ ഈയടുത്ത് അഭിപ്രായപ്പെട്ടിരുന്നു. ജാതീയതയ്ക്ക് വഴിയൊരുക്കുകയെന്നതല്ല തന്റെ ഉദ്ദേശ്യമെന്നും, അടുത്ത ജനസംഖ്യാകണക്കെടുപ്പില്‍ വിവിധ ജാതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി, അതുവഴി മൊത്തം ജനസംഖ്യയില്‍ ഓരോജാതിയും എവിടെ നില്‍ക്കുന്നുവെന്ന് ആളുകള്‍ക്ക് അറിയാന്‍ സാധിക്കുമെന്നും അഠാവ്ളെ കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വിക്രം ഗഡില്‍ ആദിവാസി വിഭാഗങ്ങളോടു സംസാരിക്കവേയാണ് കേന്ദ്രമന്ത്രി ഇങ്ങനെ ചൂണ്ടിക്കാട്ടിയത്.
കേന്ദ്രമന്ത്രിയുടെ ഈ അഭിപ്രായത്തിന് ഈ അവസരത്തില്‍ ഏറെ പ്രസക്തിയുണ്ടെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. അദ്ദേഹം മഹാരാഷ്ട്രയിലെ ആദിവാസികളോടാണ് ഇത് പറഞ്ഞതെങ്കിലും, ഭാരതത്തിലെ മുഴുവന്‍ ജാതികളുടേയും പൊതുസ്ഥിതി അറിയാന്‍ ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ കണക്കെടുപ്പ് അനിവാര്യമാണെന്ന്, പിന്നാക്കത്തില്‍ പിന്നാക്കമായി കഴിയുന്ന ഒട്ടേറെ സമുദായങ്ങളുടെ ദുരവസ്ഥ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
സാമുഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്നവരുടെ ഉന്നമനത്തിനായി ഏര്‍പ്പെടുത്തിയ സംവരണത്തിലൂടെ അക്കൂട്ടരുടെ കൈപിടിച്ചുയര്‍ത്താന്‍ ഒരു പരിധി വരെ സാധിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അതേനിലയില്‍ അര്‍ഹിക്കുന്ന ഗുണഫലം ലഭിക്കാത്ത പിന്നാക്കം തള്ളപ്പെട്ടുകൊണ്ടിരിക്കുന്ന സമുദായങ്ങളും ഏറെയുണ്ടെന്ന് തിരിച്ചറിയേണ്ടതാണ്. കേന്ദ്ര മന്ത്രി സൂചിപ്പിച്ച ജാതീയമായ കണക്കെടുപ്പ് കൂടാതെ ഇനിയും മുന്നോട്ടുപോയാല്‍ ജനം ഇനിയും തിരിച്ചറിയാത്ത ഒട്ടേറെ ദുര്‍ബലവിഭാഗങ്ങള്‍ ഈ മണ്ണില്‍ നിന്നും തൂത്തെറിയപ്പെടുന്നതാണ്.
പ്രൊ: ലാസ്കിയുടെ വളരെ പ്രസക്തമായ ഒരു വാക്യമുണ്ട്. ‘സമത്വമെന്നാല്‍ എല്ലാവരേയും ഒരുപോലെ ആക്കുകയല്ല; എല്ലാവര്ക്കും സമാനമായ അവസരങ്ങള്‍ നല്‍കലാണ്’. സ്ഥിതിസമത്വത്തെക്കുറിച്ചു വാക്ധോരണി മുഴക്കുന്നവര്‍ ഈ വാക്യം സ്വാദ്ധ്യായം ചെയ്യേണ്ടതാണ്.
അവസര സമത്വം ലഭിക്കാത്ത നിരവധി സമുദായങ്ങള്‍ കേരളത്തിലുണ്ട്. ഉദ്യോഗനിയമനങ്ങളിലും ഭരണ – രാഷ്ട്രീയ മേഖലകളിലും ഇവര്‍ ക്രൂരമായ വിവേചനമാണു നേരിടുന്നത്. വോട്ടു ബാങ്കു രാഷ്ട്രീയത്തിന്റെ തിക്ത ഫലങ്ങളാണ് ഇവര്‍ അനുഭവിക്കുന്നത്. അതേസമയം, പ്രബല സമുദായങ്ങള്‍ക്കും പ്രത്യേക സംവരണമുള്ള സമുദായങ്ങള്‍ക്കും ആനുകൂല്യലഭ്യതയില് ഒരു കുറവുമില്ല. എന്നാല്‍ പ്രത്യേക സംവരണമില്ലാത്ത ഒ.ബി.സിയില്‍പ്പെടുന്ന ഏകദേശം 68 സമുദായങ്ങളുടെ അവസ്ഥയാണ് പരമ ദയനീയം! അവരെക്കുറിച്ചു പറയാന്‍, അറിയാന്‍ ആരുമില്ല. കാരണം അവര്‍ ഒരുമിക്കാത്ത കൂട്ടരാണ്. അതറിയാവുന്ന രാഷ്ട്രീയക്കാര്‍ അവരെ തിരുഞ്ഞുപോലും നോക്കില്ല.
യാദവര്‍, ചെട്ടി, ഹെഗ്ഡെ, എഴുത്തച്ഛന്, ചക്കാല, ഗണക, ആര്യ, ബണ്ടാരി, അമ്പലക്കാരന്‍, അഗസ, കുടുംബി, കുശവ, കണിയാര്, കളരി പണിക്കര്‍, ഗൗഡ്, കാവുതിയാന്, മരുത്തുവാര്, സൗരാഷ്ട്രാസ്, പണ്ഡിതാസ്, ചാലിയന്‍, വീരശൈവര്‍, വണിക, വണിക വൈശ്യ, പണ്ഡാരം, വേലര്‍, വിളക്കിത്തല നായര്‍, വെളുത്തേടത്തുനായര്‍ തുടങ്ങി 68 വിഭാഗങ്ങളാണ് എല്ലാ ആനുകൂല്യങ്ങളില്‍ നിന്നും പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നത്. സംഖ്യാബലമില്ലാത്ത ഒറ്റക്കാരണത്താല്‍ ഇവര്‍ക്ക് പ്രത്യേക സംവരണമില്ലെന്നു മാത്രമല്ല, എല്ലാ മേഖലകളില്‍ നിന്നും അവഗണിക്കപ്പെടുകയും ചെയ്തുപോരുന്നു.
സാംസ്കാരിക പശ്ചാത്തലവും പ്രാഗത്ഭ്യവുമുള്ള ഇക്കൂട്ടരില്‍ വിവിധ വിഷയങ്ങളില്‍ കഴിവും മികവും പുലര്‍ത്തിയവരെ രാജഭരണ കാലത്തുപോലും അംഗീകരിച്ചിട്ടുണ്ട്. ജനാധിപത്യ ഭരണത്തിനു അവരെ വേണ്ടെന്ന അവസ്ഥയാണ്. പിന്നാക്ക വിഭാഗങ്ങളില്‍ പ്രബലരായിട്ടുള്ളവരെ ആരും അവഗണിക്കാറില്ല. കാരണം അവര്‍ക്ക് ഒന്നു മുതല്‍ 14 ശതമാനം വരെ സംവരണം ലഭിക്കുന്നവരുമാണ്. അതേ സമയം ഈ 68 സമുദായങ്ങളുടെ സ്ഥിതിയോ, റൊട്ടേഷന്‍ സമ്പ്രദായത്തില്‍ മൊത്തത്തില്‍ 3 ശതമാനം മാത്രമാണ് സംവരണം. സത്യത്തില്‍ പിന്നാക്കത്തില്‍ പിന്നാക്കക്കാര്‍ ഇവരാണ്. ഒരു രംഗത്തും നീതിലഭിക്കാത്തവര്!
ഇവര്‍ ഒത്തൊരുമിച്ചാലോ? പ്രബല സമുദായങ്ങളേക്കാള്‍ സംഖ്യാബാഹുല്യമുണ്ടാകും. പക്ഷേ അതിനുണ്ടോ അവര്‍ തയ്യാറാകുന്നു?. അവരാണെങ്കില്‍ ഓരോ പോക്കറ്റ് സംഘടനകള്കൊണ്ടു നടക്കുന്നവരുമാണ്. അതുകൊണ്ട് അവര്‍ ഈ ജന്മത്തില് രക്ഷപ്രാപിക്കുമെന്നും കരുതേണ്ടതില്ല.
തിരഞ്ഞെടുപ്പു നടക്കുന്ന ഇക്കാലത്ത് ഈ പറഞ്ഞ വിഭാഗങ്ങളില്‍ നിന്ന് ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിയുണ്ടോ? പിന്നെന്താണ് അവസര സമത്വം! കേന്ദ്ര മന്ത്രി ജാതി കണക്ക് പരിശോധിക്കുമ്പോള്‍ ഈ 68 സമുദായങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
കല്ലട ഷണ്മുഖന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: