കൊച്ചി: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്ത സാഹചര്യത്തില്‍ അടുത്ത നീക്കം സംബന്ധിച്ച് കസ്റ്റംസ് വിദഗ്ധരുടെ നിയമോപദേശം തേടി.
യൂണിടാക് ഉടമ സന്തോഷ് ഈപ്പന് യുഎഇ കോണ്‍സുലേറ്റിന് കൈക്കൂലിയായി നല്കിയ ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചിരുന്നുവെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു നോട്ടീസ് അയച്ചത്. എന്നാല്‍ മൂന്ന് തവണയും വിനോദിനി ഹാജരായില്ല. അതേ സമയം വിനോദിനി കസ്റ്റംസിന്റെ ഈ വാദം നിഷേധിക്കുകയും സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു.
മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ലെങ്കില്‍ കോടതിയില്‍ നിന്നും വാറന്റ് വാങ്ങി അടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് കസ്റ്റംസിന്റെ സാധാരണ പതിവ്. ഇതിന് മുന്നോട്ടിയായാണ് നിയമോപദേശം തേടല്‍.
അതേ സമയം ഈ കേസില്‍ വിനോദിനിയെ രക്ഷിയ്ക്കാന്‍ ക്രൈംബ്രാഞ്ച് കരുനീക്കം തുടങ്ങി. വിനോദിനി ഉപയോഗിക്കുന്നത് സ്വന്തം ഐഫോണ്‍ ആണെന്ന് സ്ഥാപിക്കുന്നതായിരുന്നു ബുധനാഴ്ച പുറത്തുവന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഈ കേസില്‍ വിനോദിനി തന്നെ ഡിജിപിയ്ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ചിന്റെ ഈ കണ്ടെത്തല്‍.
കവടിയാറിലെ കടയില്‍ നിന്നാണ് വിനോദിനി ഫോണ്‍ വാങ്ങിയിരിക്കുന്നതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. സ്റ്റാച്യു ജംഗ്ഷനിലെ കടയില്‍ നിന്നാണ് സന്തോഷ് ഈപ്പന് കൈക്കൂലിയായി നല്‍കാനുള്ള ഐ ഫോണുകള്‍ വാങ്ങിയത്. എന്നാല്‍ ഈ രണ്ട് ഫോണുകളും റീട്ടെയില്‍ കടക്കാര്‍ക്ക് വിറ്റത് സ്പെന്‍സര്‍ ജംഗഷനിലെ ഹോള്‍സെയില്‍ ഡീലറാണ്. ഈ രണ്ട് ഫോണുകളും അടുത്തടുത്ത ദിവസങ്ങളില്‍ വിറ്റതിനാല്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോഴുണ്ടായ ആശയക്കുഴപ്പമാണ് കസ്റ്റംസിന്റെ സംശയങ്ങള്‍ക്ക് കാരണമായതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: