ന്യൂദൽഹി : കാർഷിക നിയമങ്ങൾക്കെതിരെ കര്‍ഷകര്‍ ദല്‍ഹി അതിർത്തിയിൽ നടത്തിവരുന്ന പ്രക്ഷോഭം ദുര്‍ബലപ്പെടുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ സാഹചര്യം കുറഞ്ഞതോടെയും നേരത്തെ പ്രക്ഷോഭം നടത്തിയവര്‍ക്കെതിരെ നിയമനടപടികള്‍ കടുപ്പിച്ചതോടെയും നിരവധി പ്രതിഷേധക്കാർ വിവിധ കാരണങ്ങളാൽ സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോവുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. കേരളത്തിലെയും ബംഗാളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ വിവാദമായ മൂന്ന് കാര്‍ഷികനിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധരുടെ പാനല്‍ പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജനവരി 11നാണ് സുപ്രീംകോടതി കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കുകയും ഇതേക്കുറിച്ച് പഠിക്കാന്‍ നാലംഗ സമിതിയെ നിയമിക്കുകയും ചെയ്തത്. “ഞങ്ങള്‍ മാര്‍ച്ച് 19ന് തന്നെ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതേക്കുറിച്ച് അന്തിമ വിധി പറയേണ്ടത് കോടതിയാണ്,” -നാലംഗ പഠനപാനലിലെ അംഗമായ പി.കെ. മിശ്ര പറയുന്നു.
പ്രതിഷേധത്തിന്റെ കേന്ദ്രബിന്ദുവായ സിംഗു അതിർത്തിയിൽ പ്രക്ഷോഭകരുടെ എണ്ണത്തില്‍ വന്‍തോതിലുള്ള ഇടിവുണ്ട്. മുൻപ് ട്രാക്ടർ റാലികളിൽ 10 മുതൽ 15 പ്രതിഷേധക്കാർ പങ്കെടുത്തിരുന്നു. എന്നാൽ ഇപ്പോൾ മൂന്ന് മുതൽ അഞ്ച് വരെ ആളുകൾ മാത്രമാണ് പങ്കെടുക്കുന്നത്. ഇതേ തുടർന്ന് മഹാപഞ്ചായത്തിനായി വിവിധ സംസ്ഥാനങ്ങളിലേക്ക് പോയ പ്രതിഷേധക്കാരെ അതിർത്തിയിലേക്ക് തിരിച്ചു വിളിക്കുകയാണ്. അതേ സമയം വിളവെടുപ്പുകാലം ആരംഭിച്ചതാണ് അതിർത്തിയിലെ പ്രതിഷേധക്കാരുടെ എണ്ണം കുറയാൻ കാരണമെന്നും, വരും മാസങ്ങളിൽ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം ശക്തമാക്കുമെന്നും പ്രക്ഷോഭകരുടെ സംഘടന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: