സ്വകീയരും പരകീയരുമായ, രാജനീതി-ധാര്‍മികരംഗങ്ങളിലെ പ്രമുഖര്‍ ക്ഷണിക്കപ്പെട്ടു. ഭാരതത്തിലെ സപ്തനദികളില്‍ നിന്നും, എല്ലാ സമുദ്രങ്ങളില്‍നിന്നും തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്നും തീര്‍ത്ഥജല കലശങ്ങള്‍ കൊണ്ടുവന്നു. ദൂരദിക്കുകളില്‍ നിന്നുപോലുമുള്ള വിദ്വാന്മാരും, കലാകാരന്മാരും രാജദൂതന്മാരും വന്നെത്തി.
ജീജാബായി ‘റായഗഡില്‍’ എത്തി. രാജാമാതാവിന്റെ ജീവിതത്തിലെ സുവര്‍ണാവസരമായിരുന്നു അത്. ജീവിതം സാര്‍ത്ഥകമായ ക്ഷണങ്ങള്‍.
ലോകത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊരു മുഹൂര്‍ത്തം ഉണ്ടാവുമെന്നു തോന്നുന്നില്ല. എത്രയോ തവണ മൃത്യുവിന്റെ മുഖത്തില്‍ പതിച്ച, അവരുടെ ഏകമാത്ര പുത്രന് ഇന്ന് സിംഹാസനാരോഹണം ചെയ്യും. ഛത്രപതിയാകും എന്ന സന്തോഷത്തിന്റെ അളവ് എങ്ങനെ അളക്കും? എത്രയോ വര്‍ഷങ്ങളായി ഇത്തരത്തിലുള്ള ഒരു മുഹൂര്‍ത്തം പ്രതീക്ഷിച്ചിരിക്കുകയായിരുന്ന കണക്കില്ലാത്ത സാധുസജ്ജനങ്ങള്‍ വന്നെത്തിയിട്ടുണ്ട്. മഠമന്ദിരങ്ങളുടെ ഉദ്ധാരകനായ ശിവാജിയുടെ സിംഹാസനാരോഹണ സന്ദര്‍ഭത്തില്‍ അവിടെ ഉപസ്ഥിതനാവുക, അതില്‍ ഭാഗഭാക്കാവുക എന്നത്, ജീവിതത്തിലെ ധന്യനിമിഷങ്ങളായി, അവര്‍ നിര്‍വൃതികൊണ്ടു.
ധാര്‍മിക വിധികള്‍ ആരംഭിക്കുന്നതിനു മുന്‍പ് ശിവാജി കുടുംബസമേതം പ്രതാപഗഡില്‍ പോയി. അവിടെയായിരുന്നു ശിവാജിയുടെ സര്‍വസ്വമായ ജഗദംബ ഭവാനിദേവിയുടെ പ്രതിഷ്ഠ. ദേവിയെ ഛത്രചാമരങ്ങള്‍ അണിയിച്ചതിനുശേഷം മാത്രമായിരിക്കും ശിവാജിയുടെ ഛത്രചാമരധാരണം. ആ മംഗളകര്‍മം പൂര്‍ത്തിയാക്കി ശിവാജി റായഗഢില്‍ തിരിച്ചെത്തി.
വളരെ നൂറ്റാണ്ടുകള്‍ക്ക് ശേഷം നടക്കുന്ന ഹിന്ദുസിംഹാസന പ്രതിഷ്ഠയ്ക്കായി പുരോഹിതനായ ഗംഗാഭട്ട് ഒരുസിംഹാസനാരോഹണ സംഹിത തന്നെ രചിച്ചിരുന്നു. ഓരോന്നായി സംസ്കാര വിധികള്‍ ആരംഭിച്ചു. ശിവാജി ക്ഷത്രിയ കുലോല്‍പ്പന്നനായിരുന്നു. ശഹാജി സിസോദിവംശീയനാണ് എന്ന് തമിഴ് കവിയായ ജയരാമപാണ്ഡ്യേ എഴുതിയിട്ടുണ്ട്. ഭോസലേ എന്നത് അദ്ദേഹത്തിന്റെ വംശത്തിന്റെ പേരായിരുന്നു. എന്നിരുന്നാലും മുസ്ലിങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കംകൊണ്ട് കുടുംബത്തില്‍ അനേകം സംസ്കാരങ്ങള്‍ ലോപിച്ചുപോയിരുന്നു. സമാജത്തില്‍ അംഗീകാരം കിട്ടുന്നതിനായി അത്തരം സംസ്കാരങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് അനിവാര്യമായിരുന്നു. ശിവാജിയുടെ ഉപനയന സംസ്കാരം നടന്നിരുന്നില്ല. സിംഹാസനാരോഹണത്തിന്റെ പത്തുദിവസം മുന്‍പ് യജ്ഞോപവീത സംസ്കാരം നടത്തി. ഈ കാലത്ത് ഇദ്ദേഹത്തിന് രണ്ട് പുത്രന്മാരും ആറ് പുത്രികളും ഉണ്ടായിരുന്നു. വയസ്സാണെങ്കില്‍ നാല്‍പ്പത്തിയേഴും. ഉപനയനത്തിനുശേഷം വിവാഹ സംസ്കാരം നടന്നു. പത്നിയായ സൊയിരാബായിയുമായി ശാസ്ത്രവിധിയനുസരിച്ച് പുനര്‍വിവാഹം നടന്നു. മാതാപിതാക്കളുടെ വിവാഹം കുട്ടികള്‍ക്ക് മനോരഞ്ജകമായി അനുഭവപ്പെട്ടു.
ശാസ്ത്രനിര്‍ദ്ദേശമനുസരിച്ച് ശിവാജിയുടെ ബ്രഹ്മചര്യം അവസാനിച്ച് ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിച്ചു. ഏകാദശി നാളില്‍ ശിവാജിയുടെ സുവര്‍ണ തുലാഭാരം നടത്തി. ആനന്ദനാമ സംവത്സരത്തിന്റെ ജ്യേഷ്ഠശുക്ല ത്രയോദശിയില്‍ ഹിന്ദവി സ്വരാജ്യത്തിന്റെ (ഹിന്ദുസാമ്രാജ്യം) ശുഭാരംഭം കുറിച്ചു. ആ ദിവസം സ്വരാജ്യത്തിലെ ചരാചരങ്ങള്‍ക്കുപോലും തങ്ങളുടെ രാജ്യാഭിഷേകം നടന്നതായി അനുഭവപ്പെട്ടു. റായിഗഢില്‍ രാജഭവനത്തില്‍ ഗംഗാഭട്ടനും കുലഗുരു ബാളം ഭട്ടനും ചേര്‍ന്ന് അതിഗംഭീര ഉച്ചസ്വരത്തില്‍ വേദമന്ത്രങ്ങള്‍ ചൊല്ലിത്തുടങ്ങി. മുതിര്‍ന്ന ഭരണാധികാരികളും സേനാനായകന്മാരും ദേശത്തുനിന്നും വിദേശത്തുനിന്നും വന്ന രാജദൂതന്മാരും വരിവരിയായി ഇരിപ്പുണ്ടായിരുന്നു. എന്നാല്‍ ശിവാജിയുടെ പ്രാണപ്രിയരായ ബാജി പ്രഭു, താനാജി, മുരാരിബാജി, പ്രതാപറാവുഗുര്‍ജര്‍, ബാജിപാസല്‍കര്‍ എന്നിവര്‍ ഉപസ്ഥിതരായിരുന്നില്ല. അതുപോലെ സ്വരാജ്യത്തിനുവേണ്ടി ജീവാര്‍പ്പണം ചെയ്ത അനേകം സൈനികരും അവരുടെ പ്രാണപ്രിയ നായകന്റെ സിംഹാസനാരോഹണ വൈഭവം കാണാന്‍ അവിടെ ഉണ്ടായിരുന്നില്ല. അവരുടെ ത്യാഗത്തിന്റെ-ബലിദാനത്തിന്റെ-ദിവ്യാഹുതിയുടെ ബലിവേദിയിലാണ് ഈ സിംഹാസനം ഉയര്ന്നുനില്ക്കുന്നത്. ആ വീരന്മാരുടെ പ്രാണാര്‍പ്പണത്തില്‍നിന്നാണ് ഈ സിംഹാസനം പ്രാണധാരണം ചെയ്തിരിക്കുന്നത്. ഇതിഹാസത്തിന്റെ ഗതി അതാണ്. കോകിലങ്ങള്‍ തങ്ങളുടെ രക്തമൊഴിക്കുമ്പോഴാണ് പാടലീപുഷ്പം വിരിയുന്നത് എന്നാണ് ചൊല്ല്.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: