അഹംപദാര്ത്ഥസ്ത്വഹമാദിസാക്ഷി
നിത്യം സുഷുപ്താവപി ഭാവദര്ശനാത്
ബ്രൂതേ ഹ്യജോ നിത്യ ഇതി ശ്രുതിഃ സ്വയം
തത് പ്രത്യഗാത്മാ സദസദ്വിലക്ഷണഃ
അഹന്തയുടേയും സാക്ഷിയാണ് യഥാര്‍ത്ഥ അഹം ആയ ആത്മാവ്. സുഷുപ്തിയിലും അത് സാക്ഷിയായി നിലകൊള്ളുന്നു. ആത്മാവ് അജവും നിത്യവുമാണെന്ന് ശ്രുതി പ്രഖ്യാപിക്കുന്നുണ്ട്. അതിനാല്‍ സത്തില്‍ നിന്നും അസത്തില്‍ നിന്നും വേറിട്ടതാണ് ആത്മാവ്.
ഇവിടെ സത്ത് എന്നാല്‍ സ്ഥൂലം അസത്ത് എന്നാല്‍ സൂക്ഷ്മം. സ്ഥൂല സൂക്ഷ്മങ്ങളില്‍ നിന്ന് വേറിട്ടവനാണ് പരമാത്മാവ്. നാം ഓരോരുത്തരിലും യഥാര്‍ത്ഥ അഹമായി കുടികൊള്ളുന്നത് ആത്മാവാണ്. ആയത് അഹന്ത മുതലായവയ്ക്കെല്ലാം സാക്ഷിയായിരിക്കുന്നു. ദ്രഷ്ടാവിനേയും ദൃശ്യത്തേയും ആത്മാവ് അറിയുന്നു. മുമ്പ് നടന്ന കാര്യങ്ങളൊക്കെ അന്ന് അനുഭവിച്ചത് ഇന്നും ഞാന്‍ സ്മരിക്കുന്നുണ്ട്, അറിയുന്നുണ്ട്. അന്നത്തെ സുഖമോ ദുഃഖമോ ഏതു തന്നെയായാലും എനിക്കറിയാം. കാണുന്നവനേയും കാഴ്ചകളേയും അനുഭവങ്ങളേയും സര്‍വ സാക്ഷിയായ ഞാന്‍ അറിയുന്നു.
അഹം പദാര്‍ത്ഥം എന്ന് വിശേഷിപ്പിക്കപ്പെട്ട ആത്മാവ് അഹങ്കാരം തുടങ്ങിയ സകല അജ്ഞാനദൃശ്യങ്ങളടേയും സാക്ഷിയായ നിത്യ വസ്തുവാണ്. അഹങ്കാരത്തിന് ലയം സംഭവിക്കുന്ന സുഷുപ്തിയിലും അത് നിലകൊള്ളുന്നു. ആത്മാവ് അജനും നിത്യനുമാണെന്ന് ശ്രുതിയും പറയുന്നു.അതു കൊണ്ട് സച്ചിദാനന്ദ സ്വരൂപമായ ആത്മാവ് വ്യക്തത്തില്‍ നിന്നും അവ്യക്തത്തില്‍ നിന്നും വേറിട്ടതാണ്.
ആത്മാവിനെ നിത്യസത്യമെന്ന് ഉറപ്പിക്കാം. അത് ഇല്ലാത്ത സമയമോ സ്ഥലമോ ഇല്ല. അത് ജാഗ്രത്തിലും സ്വപ്നത്തിലും സുഷുപ്തിയിലും ഒരുപോലെയുണ്ട്. ഉണര്‍ന്നിരിക്കുമ്പോള്‍ ഇക്കാണുന്നതിനെ മുഴുവന്‍ അറിഞ്ഞും സ്വപ്നത്തില്‍ സ്വപ്ന ലോകത്തെ കാണിച്ചും സുഷുപ്തിയില്‍ ഒന്നുമില്ലായ്മയെ പ്രകാശിപ്പിച്ചും അത് സാക്ഷിയായിരിക്കുന്നു. ഞാന്‍ സുഖമായി ഉറങ്ങി എന്ന് പറയണമെങ്കില്‍ അഹം വൃത്തി ലയിച്ച സുഷുപ്തിയിലും ഞാന്‍ ഉണ്ടായിരിക്കണം. അതിനെയാണ് ശ്രുതി അജമെന്നും നിത്യമെന്നും പറയുന്നത്. കഠ ഉപനിഷത്തില്‍ അജോ നിത്യ ശാശ്വതോയം പുരാണോ…. എന്ന് കാണാം.
എല്ലാവരിലും പ്രത്യഗാത്മാവായി വിളങ്ങുന്ന അത് സ്ഥൂലമോ സൂക്ഷ്മമോ അല്ല. അതിനെ അനുഭവം കൊണ്ടേ അറിയാനാകൂവെന്ന് ഇവിടെ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: