തിരുവല്ല: റേഷന്‍ കടകളില്‍ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്ന കേന്ദ്രം നല്കിയ ധാന്യങ്ങള്‍ വരുന്ന മാസത്തെ കിറ്റിലേക്ക് മാറ്റാന്‍ തീരുമാനം. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം സംസ്ഥാനത്തിന് സൗജന്യമായി നല്കിയ ലോഡ് കണക്കിന് അരിയും ഗോതമ്പും കടലയുമാണ് റേഷന്‍ കടകളില്‍ കെട്ടിക്കിടക്കുന്നത്. ഒരു ജില്ലയില്‍ ശരാശരി 60 ലോഡ് അരിയെങ്കിലും വിതരണം ചെയ്യാതെ കിടപ്പുണ്ട്. ഒരു ലോഡ് അരി പതിനായിരം കിലോയോളം വരും. ഇത് കൂടാതെ ഓരോ ജില്ലയിലും കിലോക്കണക്കിന് ഗോതമ്പും കടലയും വിതരണം ചെയ്യാതെ ഇരിപ്പുണ്ട്. ഇത് വരുന്ന മാസത്തെ കിറ്റിലാക്കാനാണ് നീക്കം. പ്രധാനമന്ത്രി കല്യാണ്‍ യോജന വഴി 5,87,791 മെട്രിക് ടണ്‍ അരിയും 27, 956 മെട്രിക് ടണ്‍ പയറ് വര്‍ഗ്ഗങ്ങളുമാണ് കേന്ദ്രം നല്‍കിയത്.
പ്രധാനമന്ത്രി കല്യാണ്‍ യോജന പ്രകാരമുള്ള സൗജന്യ ധാന്യ വിതരണം നവംബറില്‍ അവസാനിച്ചിരുന്നു. ഇത് കൃത്യമായി വിതരണം ചെയ്യാതിരുന്നത് മൂലമാണ് ലോഡ് കണക്കിന് ധാന്യങ്ങള്‍ റേഷന്‍കടകളില്‍ കെട്ടിക്കിടന്നത്. ഇക്കാര്യം കഴിഞ്ഞ 23ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിതരണം ചെയ്യാതെയിരുന്ന കടല ചില റേഷന്‍കടകളില്‍ പൂപ്പല്‍ ബാധിച്ച് ഉപയോഗശൂന്യമായതായി വ്യാപാരികള്‍ പറഞ്ഞു. ഭൗതിക സാഹചര്യങ്ങള്‍ മോശമായ റേഷന്കടകളിലുണ്ടായിരുന്ന ധാന്യമാണ് കേടാകുന്നത്. ഇവ സമയത്ത് വിതരണം ചെയ്തിരുന്നെങ്കില്‍ ഉപയോഗശൂന്യമാകുമായിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഗുണം ലഭിക്കാതെയിരിക്കാന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിതരണം അട്ടിമറിച്ചുവെന്നാണ് ആരോപണം.
തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്‍കിയെങ്കിലും സ്പെഷ്യല്‍ അരിക്കും സൗജന്യ കിറ്റിനുമുള്ള ധാന്യങ്ങള്‍ സര്‍ക്കാരിന്റെ പക്കല്‍ ഇല്ല. ഇതാണ് കേന്ദ്രം നല്കിയ ധാന്യങ്ങള്‍ കൂടി കിറ്റിലേക്ക് വക മാറ്റുന്നത്. അതുപോലെ തന്നെ വെള്ള, നീല കാര്‍ഡുകാര്‍ക്ക് 10 കിലോ വീതം സ്പെഷ്യല്‍ അരി എല്ലാവര്ക്കും നല്കാനുള്ളതും സര്‍ക്കാരിന്റെ പക്കല്‍ ഇല്ല. എല്ലാവര്ക്കും അരി കൊടുക്കണമെങ്കില്‍ 50,000 ടണ്‍ അരി കൂടി വേണം. ഇത് എഫ്സിഐയില്‍ നിന്ന് സര്‍ക്കാര്‍ വാങ്ങേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: