ദേഹത്ത് വെടിയുണ്ടയുമായി മന്ത്രിയാകുന്ന ആദ്യത്തെ ആളല്ല ഇ.പി. ജയരാജന്. നേരത്തെ മന്ത്രിയായത് കാന്തലോട്ട് കുഞ്ഞമ്പു. രണ്ടുപേരും കണ്ണൂരുകാര്. കാന്തലോട്ട് കുഞ്ഞമ്പു സിപിഐക്കാരനായിരുന്നു. വനംവകുപ്പിന്റെ ഭരണമാണ് ഇ.കെ. നായനാര്‍ കാന്തലോട്ടിനെ ഏല്‍പ്പിച്ചിരുന്നത്. കൊല്ലാവുന്ന മൃഗങ്ങളുടെയും കൊല്ലാന്‍ പാടില്ലാത്ത മൃഗങ്ങളുടെയും ഇനം തിരിച്ച് അന്ന് വനംമന്ത്രി പ്രസ്താവന നടത്തിയിരുന്നു. അന്നത്തെ ലിസ്റ്റില്‍ മൃഗങ്ങളുടെ പട്ടികയില്‍ പെരുച്ചാഴി കടന്നുകൂടിയത് കൗതുകവാര്‍ത്തയായിരുന്നു.
വെടിയുണ്ട ദേഹത്തുണ്ടായെന്ന അഹങ്കാരമൊന്നും കാന്തലോട്ടിനുണ്ടായിരുന്നില്ല. നേരിയ പരിചയമുള്ള ആളാണെങ്കില്‍പ്പോലും കൊടിവച്ച കാര്‍ നിര്‍ത്തി കുശലം പറഞ്ഞേ മന്ത്രി മുന്നോട്ടുപോകൂ. പണ്ട് വഴിവക്കില്‍ നിന്ന് ചായ കുടിച്ച ഓര്‍മ്മ വിടാതെ കാര്‍ നിര്‍ത്തി ചൂടോടെ ചായ കഴിച്ചേ മന്ത്രി മുന്നോട്ട് പോകൂ. കാന്തലോട്ടിനെ കുറിച്ചല്ല, ജയരാജന് മന്ത്രിയെക്കുറിച്ച് പറയാനാണ് ഉദ്ദേശ്യം.
കണ്ണൂരിന്റെ മാത്രം പ്രത്യേകതയാണ് ഒരേ പേരുള്ള മൂന്ന് നേതാക്കള്‍. എം.വി. ജയരാജന്, ഇ.പി. ജയരാജന്, പി. ജയരാജന്. ജയരാജത്രയങ്ങളാണ് പാര്‍ട്ടിയുടെ കണ്ണൂരിലെ കെങ്കേമന്മാര്. മൂന്നുപേര്‍ക്കും അവരവരുടെതായ പ്രത്യേകതകളുണ്ട്. ഒരു മന്ത്രിസഭയില്‍ രണ്ടുതവണ സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയാണല്ലോ ഇ.പി. ജയരാജന്. ജയരാജന് ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനില്ലത്രേ. മട്ടന്നൂരായിരുന്നു ജയരാജന്റെ തട്ടകം. ജയരാജന് പകരം കെ.കെ. ശൈലജയാണ് ഇപ്പോള്‍ മട്ടന്നൂരില്‍. മട്ടന്നൂര്‍ കിട്ടാത്തതിന്റെ കുശുമ്പാണ് മത്സരത്തിനില്ലെന്ന് പറയാന്‍ കാരണമെന്ന് ആരും ചിന്തിച്ചേക്കരുത്. ഉള്ളത് വെട്ടിത്തുറന്ന് പറയാന്‍ മടിയുള്ള ആളല്ല ജയരാജന്. ചിലപ്പോള്‍ അതുതന്നെയാകാം അദ്ദേഹത്തിന് വിനയാകുന്നതും. മത്സരിക്കാനില്ലെന്നല്ലാതെ പാര്‍ട്ടി വിടാനോ തോമസ് ഐസക്കിനെപ്പോലെ അവധിയില്‍ പോകാനോ അബദ്ധങ്ങള്‍ വിളമ്പാനോ ഒന്നും ജയരാജന് പോകുന്നില്ല.
മന്ത്രിപദവി പോകുന്നതും മത്സരിക്കാന്‍ പറ്റാത്തതും തോമസ് ഐസക്കിനെ വല്ലാതെ ഉലച്ചിരിക്കുകയാണല്ലോ. കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ കൊമ്പിട്ടിളക്കുകയും അസഭ്യം വിളമ്പുകയുമൊക്കെ ചെയ്ത തോമസ് ഐസക്ക് ഇപ്പോള്‍ വല്ലാതെ കുഴയുകയാണ് വോട്ടെടുപ്പ് കഴിയുംവരെ പാര്‍ട്ടിയിലുണ്ടാകും. അത് കഴിഞ്ഞാല്‍ അവധി തുടങ്ങുമെന്നാണ് കേള്‍ക്കുന്നത്. ദല്‍ഹി ജെഎന്‍യുവില്‍നിന്നാണ് തോമസ് ഐസക്ക് ഡോക്ടറേറ്റ് നേടിയത്. കയര്‍ മേഖലയിലെ വര്‍ഗസമരവും വ്യവസായ ബന്ധവുമാണ് ഡോക്ടറേറ്റിനുള്ള വിഷയം. അതില്‍ കുറേക്കൂടി ഗവേഷണത്തിനാണ് അവധിയെന്നും കേള്‍ക്കുന്നു. ഏതായാലും ഉറപ്പായും എല്‍ഡിഎഫ് വരുമ്പോള്‍ നിലവിലെ ധനമന്ത്രി നാടുകടത്തപ്പെടുമെന്നര്‍ത്ഥം.
വ്യവസായമന്ത്രിക്ക് പിറകെ ധനകാര്യമന്ത്രിക്കും രാഷ്ട്രീയം മടുക്കുമ്പോള്‍ ജനങ്ങളുടെ അവസ്ഥയെന്താകും. എല്ലാംകൂടി ആകുമ്പോള്‍ സംഭവിക്കാന്‍ പോകുന്നത് ഉറപ്പല്ല വെറുപ്പ് എന്ന് മനസ്സിലാക്കാം. മുതിര്‍ന്നവരെയെല്ലാം അരികിലൊതുക്കി ‘കുഞ്ഞുണ്ണിമാഷും കുട്ട്യോളും’ എന്നപോലെ പിണറായിയും കുറേ കുഞ്ഞാടുകളും മാത്രമായി സഭയിലൊതുങ്ങും. തിരുവായ്ക്ക് എതിര്‍വായ ഇല്ലാത്ത അവസ്ഥയാണ് ക്യാപ്റ്റന്‍ ആഗ്രഹിക്കുന്നത്. അതെങ്ങനെ ആകണമെന്ന് ജനങ്ങള്‍ തീരുമാനിക്കുന്നത് കാണാനിരിക്കുന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: