ഇടതു മുന്നണിയിലെ പുത്തന്‍കൂറ്റുകാരനായ ജോസ് കെ. മാണി, കമ്യൂണിസ്റ്റ് പാര്‍ട്ടികളെ സംബന്ധിച്ച് അച്ഛന് കെ.എം. മാണിയില്‍നിന്ന് വ്യത്യസ്തനാണ്. ആ വ്യത്യാസ സങ്കല്‍പ്പം ഒന്നുകൊണ്ട് മാത്രമാണ് യഥാര്‍ഥ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ സിപിഐ മുറുമുറപ്പുകളോടെയാണെങ്കിലും മുന്നണിയില്‍ തുടരുന്നത്. ‘വല്യേട്ട’നായി മുന്നണിയില്‍ മുണ്ട് മാടിക്കുത്തി നില്ക്കുന്ന സിപിഎമ്മിനെ, ജോസ് മാണിയുടെ കാര്യത്തില്‍, ഒരിക്കല്‍ക്കൂടി താക്കീതു ചെയ്യാന്‍ സിപിഐക്ക് അവസരമൊരുക്കുന്നതാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ലൗ ജിഹാദ് വിഷയം.
ലൗ ജിഹാദ് ഉണ്ടോ എന്ന ചോദ്യത്തിന് ശരിയായ ഉത്തരം കണ്ടെത്താന്‍, സ്വര്‍ണക്കടത്തു വിഷയത്തില്‍ വാസ്തവമറിയാന്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി പിണറായി വിജയന് തയാറാകില്ല. ഉമ്മന്‍ ചാണ്ടിയുടെയോ മറ്റ് ഏതെങ്കിലും നേതാവിന്റെയോ നേതൃത്വത്തില്‍ യുഡിഎഫ് അധികാരത്തില്‍ ഇരിക്കുന്ന ഒരു കാലം ഉണ്ടായാല്‍ അന്ന് അവരും തയാറാകില്ല. കാരണം, വിഷയം ലൗ ജിഹാദാണ്. അത് തീവ്രവാദമോ ഭീകര വാദമോ അല്ല, ഭീകരപ്രവര്‍ത്തനമാണ്.
മഴവില്‍ മനോരമയുടെ അഭിമുഖത്തിലാണ് ജോസ് കെ. മാണി ലൗ ജിഹാദിനെക്കുറിച്ച് മറുപടി പറഞ്ഞത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കണം, അതില്‍ യാഥാര്‍ഥ്യം ഉണ്ടോ എന്ന് വ്യക്തത വരണം എന്നുമാണ് ജോസ് പറഞ്ഞത്. ചോദിച്ചത് മനോരമ, മറുപടി കേരള കോണ്‍ഗ്രസ് നേതാവിന്റേത്. സ്ഥാപനവും പ്രസ്ഥാനവും പിന്തുടരുന്നതും പിന്തുണയ്ക്കുന്നതും, അവരുടെ പ്രവര്‍ത്തന മേഖലയില്‍ ഔദ്യോഗികമായി അംഗീകരിക്കേണ്ടതോ, പ്രഖ്യാപിക്കേണ്ടതോ അല്ലെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ, കൃത്യമായി പറഞ്ഞാല്‍ ക്രിസ്തീയ മത വിശ്വാസികളുടെ കാഴ്ചപ്പാടുകളും നിലപാടുകളും. ക്രിസ്തീയ മത സമൂഹമാകട്ടെ ലൗ ജിഹാദ് ഉണ്ടെന്നും അത് സമുദായത്തിനും സമൂഹത്തിനും അപകടമാണെന്ന നിലപാട് ഔദ്യോഗികമായി, സിനഡ് യോഗത്തില്‍ പ്രമേയമായി അംഗീകരിച്ചവരും. അതായത് ചോദ്യം അബദ്ധത്തിലോ അപ്രതീക്ഷിതമോ ആയിരുന്നില്ല, ഉത്തരം നാവുപിഴയോ ആസൂത്രണം ഇല്ലാത്തതോ ആയിരുന്നില്ല എന്നര്‍ഥം.
ജോസും പാര്‍ട്ടിയും ഇടതു മുന്നണിയിലാണ്. ഇടതുമുന്നണിയാകട്ടെ, തീവ്രവാദത്തെയും ഭീകരതയേയും എതിര്‍ക്കുന്ന രാഷ്ട്രീയ നിലപാടാണ് ഈ തെരഞ്ഞെടുപ്പ് സീസണില്‍ പ്രചരിപ്പിക്കുന്നത്. ഭീകരതയെ തുണയ്ക്കുന്ന സംഘടനകളേയും സംഘടനാ നേതാക്കളേയും പിന്തുണയ്ക്കുകയോ തോളില്‍ കൈയിട്ട് ചങ്ങാതിയാക്കുകയോ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയാക്കുകയോ ചെയ്തിട്ടുള്ളവരാണ് ഈ സീസണില്‍ പുതുമാര്‍ഗംകൂടിയിരിക്കുന്നത്. ആ മാറ്റം ആത്മാര്‍ഥതയോടെ ആണെങ്കില്‍, ഇടതുപക്ഷ മുന്നണിയും അതിലെ ഘടകകക്ഷികളും അവയുടെ നേതാക്കളും ജോസിന്റെ പ്രസ്താവനയെ പിന്തുണയ്ക്കുകയല്ലേ വേണ്ടിയിരുന്നത്. പക്ഷേ എന്തുകൊണ്ട് അവര്‍ എതിര്‍ത്തു.
സിപിഎം നേതാവും മുഖ്യമന്ത്രിയും മുന്നണിയുടെ മുഖ്യ പ്രചാരണക്കാരനുമായ പിണറായി വിജയന് പറഞ്ഞത് ‘അക്കാര്യം ജോസ്.കെ.മാണിയോടുതന്നെ ചോദിക്കണം’ എന്നാണ്. ‘ഉണ്ട്’, അഥവാ ‘ഇല്ല’ എന്ന ഒറ്റ വാക്കില്‍, അല്ലെങ്കില്‍ ഒരു വാക്യത്തില്‍ പറയാവുന്ന മറുപടിക്ക് പകരമാണ് ഈ വിശദീകരണം. ആരാണ് പറയുന്നത് എന്നും ശ്രദ്ധിക്കണം: സംസ്ഥാന ആഭ്യന്തര വകുപ്പുകൂടി ഭരിക്കുന്ന മുഖ്യമന്ത്രി.
അപ്പോള്‍ എവിടെയോ കള്ളക്കളിയുണ്ട്. പറയാന്‍ മടിക്കുന്ന, ഭയക്കുന്ന വസ്തുതകള്‍ ലൗ ജിഹാദ് വിഷയത്തിലുണ്ട്. എന്തുകൊണ്ട് മടിക്കുന്നു, ആരെ ഭയക്കുന്നുവെന്നതാണ് ഉത്തരം കിട്ടേണ്ട ചോദ്യം.
സിപിഎം സെക്രട്ടറി വി. വിജയരാഘവന് പ്രതികരിച്ചില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന നിലയിലും മിണ്ടിയിട്ടില്ല. പക്ഷേ, സിപിഐ നേതാവ് കാനം രാജേന്ദ്രന് പ്രതികരിച്ചു. അത് ലൗ ജിഹാദ് വിഷയത്തിലുള്ള നിലപാടല്ല, മറിച്ച്, സിപിഐയെ മൂന്നാം പന്തിയിലേക്ക് ചവിട്ടിത്താഴ്ത്തി മുന്നണിയില്‍ കയറിയ ജോസ് മാണിയോടും പാര്‍ട്ടിയോടുമുള്ള ഒടുങ്ങാപ്പക തീര്‍ക്കാന്‍ കിട്ടിയ അവസരം വിനിയോഗിച്ചതാണ്.
ചതിച്ച്വെട്ടി മറുമുന്നണി ചാടിയ ജോസ് മാണിയേയും പാര്‍ട്ടിയേയും പ്രഹരിക്കാന്‍ യുഡിഎഫിന് കിട്ടിയ മികച്ച രാഷ്ട്രീയ ആയുധമാണ് ലൗ ജിഹാദ് വിഷയത്തിലെ ജോസിന്റെ പ്രസ്താവന. പക്ഷേ, മുസ്ലിം ലീഗ് ഒപ്പമുള്ള മുന്നണി നയിക്കുന്ന പ്രതിപക്ഷത്തിന്, കോണ്‍ഗ്രസിന് ഒന്ന് ഞരങ്ങാന്‍ പോലുമാകാത്ത സ്ഥിതിയാണ്. കോണ്‍ഗ്രസിനും മുന്നണിയിലെ പ്രധാന കക്ഷികയായ പി.ജെ. ജോസഫിനും ഏറെ പ്രിയപ്പെട്ടവരും പിന്തുണക്കാരുമായ മത വിഭാഗത്തിന് ഏറെ ഉത്കണ്ഠയുള്ള വിഷയമായിരുന്നിട്ടു പോലും. അവിടെയാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാണെന്ന് തിരിച്ചറിയേണ്ടത്. ലൗ ജിഹാദിനെക്കുറിച്ച്, അതുണ്ട്, ഇല്ല, എന്നു പറയാനല്ല, ആ വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും യുഡിഎഫിന് ആകുന്നില്ല.
ഇനി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സംഭവിച്ച മറ്റൊരു പ്രസ്താവനയുടെ കാര്യം കൂടി നോക്കുമ്പോള്‍ വാസ്തവം കൂടുതല്‍ തെളിയും. ശബരിമലയില്‍ യുവതീ പ്രവേശനം വിഷയമാക്കി നടന്ന സംഭവങ്ങള്‍, ഒരു സംസ്ഥാന ഭരണ സംവിധാനം വിശ്വാസികള്‍ക്കു മേല്‍ നടത്തിയ ഭീകരതയയിരുന്നുവെന്ന് ആരും സമ്മതിക്കും. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ ലാത്തിയും തോക്കും ഉപയോഗിക്കാന്‍ വകുപ്പുണ്ടെന്നും അത് ചട്ടമാണെന്നും വാദിക്കുന്നവര്‍, അതേ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് മലങ്കര ക്രീസ്തീയ സഭയില്‍ യാക്കോബായ- ഓര്‍ത്തഡോക്സ് തര്‍ക്കത്തിലെ വിധി നടപ്പാക്കാന്‍ ഉപയോഗിച്ചില്ലെന്നതിലേക്കുകൂടി ശ്രദ്ധക്ഷണിക്കട്ടെ. പതിറ്റാണ്ടുകള്‍ക്കുമുമ്പ്, ശിവഗിരിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ അധികാരത്തിലേറ്റാന്‍ കോടതികളുടെ ആവര്‍ത്തിച്ചുള്ള ഉത്തരവ് നടപ്പാക്കാതെ മാറിനിന്ന സര്‍ക്കാരുകള്‍ ഭരിച്ച കേരളത്തിലാണ് ശബരിമല വിധി അടിച്ചേല്‍പ്പിച്ചത്.
അതല്ല, വിഷയം ഇപ്പോള്‍. അന്ന് ചെയ്തത് തെറ്റായിപ്പോയി എന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രസ്താവിച്ചു. മുഖ്യമന്ത്രി പിണറായിക്ക് ആ മന്ത്രിയെ തള്ളിപ്പറയാന്‍ മിനുട്ടുകള്‍ വേണ്ടിവന്നില്ല. സിപിഎം ദേശീയ സെക്രട്ടറിക്ക് മന്ത്രിയെ തിരുത്താന്‍ മടിയുണ്ടായില്ല. പക്ഷേ, ലൗ ജിഹാദ് വിഷയത്തില്‍ അങ്ങനെയല്ല. അത് ജോസ്.കെ.മാണിയെക്കൊണ്ട്, മാറ്റിപ്പറയിക്കാനേ പറ്റൂ. ജോസ് പറയുന്നതോ, ലൗ ജിഹാദില്‍ ‘ഇടതു മുന്നണിയുടെ നിലപാടാണ് കേരള കോണ്‍ഗ്രസിനും’ എന്നാണ്. ഭീകര പ്രവര്‍ത്തനമായ ലൗ ജിഹാദില്‍ ഇടതുമുന്നണിയുടെ നിലപാട് എന്താണ്? അവര്‍ പറഞ്ഞിട്ടില്ല. അപ്പോള്‍ ജോസിന്റേതോ?
സൂയസ് കനാലില്‍ ‘എവര്‍ ഗ്രീന്‍’ എന്ന ചരക്കു കപ്പല്‍ കുടുങ്ങിയതുപോലെയാണ് പെട്ടെന്ന് ലൗ ജിഹാദ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ള പല നേതാക്കളുടെയും തൊണ്ടയില്‍ കുടുങ്ങിയിരിക്കുന്നത്. കാരണം, ലൗ ജിഹാദ് ഭീകര പ്രവര്‍ത്തനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: