Categories: Samskriti

ക്ഷമയുടെ മഹത്വം

പ്രതിസന്ധിഘട്ടങ്ങളില്‍ എടുത്തുചാടി പ്രതികരിക്കുകയോ, തളര്‍ന്നു പിന്‍വാങ്ങുകയോ അല്ല വേണ്ടത്. ഒരല്പം ക്ഷമയും സാവകാശവും പുലര്‍ത്തി വിവേകപൂര്‍വ്വം പ്രശ്‌നങ്ങളെ വിലയിരുത്തണം. എന്നിട്ട് ഉചിതമായ നടപടി സ്വീകരിക്കണം. അപ്പോള്‍ ഏതൊരു പ്രതിസന്ധിയെയും വിജയപൂര്‍വ്വം തരണംചെയ്യാന്‍ നമുക്കു കഴിയും.

മക്കളേ,  

ജീവിതത്തില്‍ വന്നുചേരുന്ന പ്രതിസന്ധികളെ നേരിടുന്നതില്‍ പലപ്പോഴും നമ്മള്‍ പരാജയപ്പെടാറുണ്ട്. പ്രതിസന്ധികളെ നേരിടാന്‍ ആവശ്യമായ മനസ്സാന്നിദ്ധ്യവും വിവേകവും ക്ഷമയും നമുക്കില്ലാതെ പോകുന്നതാണ് ഇതിനു കാരണം.  

പ്രതിസന്ധിഘട്ടങ്ങളില്‍ എടുത്തുചാടി പ്രതികരിക്കുകയോ, തളര്‍ന്നു പിന്‍വാങ്ങുകയോ അല്ല വേണ്ടത്. ഒരല്പം ക്ഷമയും സാവകാശവും  പുലര്‍ത്തി വിവേകപൂര്‍വ്വം പ്രശ്‌നങ്ങളെ വിലയിരുത്തണം. എന്നിട്ട് ഉചിതമായ നടപടി സ്വീകരിക്കണം. അപ്പോള്‍ ഏതൊരു പ്രതിസന്ധിയെയും വിജയപൂര്‍വ്വം തരണംചെയ്യാന്‍ നമുക്കു കഴിയും.

ഒരു ഗ്രാമത്തില്‍  മാതൃകാദമ്പതികളായി ഒരു ഭാര്യയും ഭര്‍ത്താവും ഉണ്ടായിരുന്നു. സ്‌നേഹവും നന്മയും നിറഞ്ഞ അവരുടെ ജീവിതത്തില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട് ആ ഗ്രാമവാസികള്‍ മുഴുവന്‍ ശാന്തിയോടും സമാധാനത്തോടും ജീവിച്ചുപോന്നു. അങ്ങിനെയിരിക്കെ ആ ദമ്പതികളുടെ മുപ്പതാം വിവാഹവാര്‍ഷികം വന്നെത്തി. നാട്ടുകാരെല്ലാം ചേര്‍ന്ന് ആ ദിവസം വളരെ വിപുലമായ രീതിയില്‍ ആഘോഷമൊരുക്കി. ഒരു പത്രക്കാരന്‍ ആ ദമ്പതികളോടു ചോദിച്ചു, ‘വിവാഹത്തിനു ശേഷം നിങ്ങള്‍ തമ്മില്‍ ഒരു തവണപോലും വഴക്കിട്ടിട്ടില്ല എന്നാണ് കേള്‍ക്കുന്നത്. അതിന്റെ രഹസ്യമെന്താണ്?’

ചോദ്യം കേട്ട് ഭാര്യ പറഞ്ഞു, ‘അത്ര വലിയ രഹസ്യമൊന്നും ഇതിന്റെ പിന്നിലില്ല. കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം ഞങ്ങളൊരു ഉല്ലാസയാത്രയ്‌ക്കു പോയി. ഞങ്ങളുടെ ഭാണ്ഡങ്ങളും ഭക്ഷണസാധനങ്ങളും ചുമക്കാന്‍ ഒരു കഴുതയെയും കൂടെ കൂട്ടിയിരുന്നു. ഇടയ്‌ക്കുവെച്ച് കഴുത കാലിടറി വീണു. എന്റെ ഭര്‍ത്താവിന് അതു് ഒട്ടും ഇഷ്ടമായില്ല. അദ്ദേഹം കഴുതയുടെ ചെവിക്കു പിടിച്ചുകൊണ്ടു പറഞ്ഞു, ഇത് ആദ്യത്തെ താക്കീതാണ്. നീ സൂക്ഷിക്കണം. കേട്ടോ, കേട്ടോ, കേട്ടോ…എന്ന്. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ കഴുത വീണ്ടും മറിഞ്ഞു വീണു. അദ്ദേഹം ദേഷ്യത്തോടെ അതിന്റെ രണ്ടു ചെവിയിലും മുറുകെ പിടിച്ചുകൊണ്ട് അലറി, ഇതു രണ്ടാമത്തെ താക്കീതാണ്. നീ സൂക്ഷിക്കണം. കേട്ടോ, കേട്ടോ, കേട്ടോ… ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു. എത്തേണ്ട സ്ഥലത്തിന് പകുതിവഴി പിന്നിട്ടപ്പോഴേയ്‌ക്കും കഴുത കുഴഞ്ഞുവീണു. ഭര്‍ത്താവിനു് ദേഷ്യം ഒട്ടും നിയന്ത്രിക്കാനായില്ല. അദ്ദേഹം കൈവശമുണ്ടായിരുന്ന തോക്കെടുത്ത് കഴുതയുടെ നേരെ നിറയൊഴിച്ചു. അതു ചത്തുവീണു. അതുകണ്ട് ഞാന്‍ വിഷമത്തോടെ പറഞ്ഞു, അങ്ങെന്താണീ ചെയ്തത്. അതൊരു തിരിച്ചറിവില്ലാത്ത മൃഗമല്ലേ. അതിനെ കൊന്നതു ശരിയാണോ. അതുകേട്ടതും അദ്ദേഹം എന്റെ ചെവിയ്‌ക്കു പിടിച്ചുകൊണ്ട് പറഞ്ഞു, ഇത് ആദ്യത്തെ താക്കീതാണ്. നീ സൂക്ഷിക്കണം. കേട്ടോ, കേട്ടോ, കേട്ടോ… എന്ന്. ഞാന്‍ അമ്പരന്നുപോയി. ഇത്ര മുന്‍കോപവും വിട്ടുവീഴ്ച ഇല്ലാത്തവനുമായ ഒരാളുടെ കൂടെ എങ്ങനെ ജീവിക്കും. ഏതായാലും അല്പമൊന്നു ക്ഷമിക്കാനും ശ്രദ്ധയോടെ മുന്നോട്ടു നീങ്ങാനും ഞാന്‍ തീരുമാനിച്ചു. ഭര്‍ത്താവു കര്‍ക്കശക്കാരനും മുന്‍കോപിയുമാണെങ്കിലും സ്‌നേഹവും സേവനതല്പരതയും അച്ചടക്കവും ഉള്ളവനാണെന്ന് ഞാന്‍ ക്രമേണ മനസ്സിലാക്കി. ഇക്കാലംകൊണ്ട് ഭര്‍ത്താവും എന്നെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കി. അങ്ങനെ ഞങ്ങള്‍ പരസ്പരം മനസ്സിലാക്കി സ്‌നേഹത്തോടെയും ഐക്യത്തോടെയും ഇതുവരെയും ജീവിച്ചു.’  

വാസ്തവത്തില്‍, ഈ കഥയിലെ ഭാര്യ കാണിച്ച ക്ഷമ ഭയത്തോടുകൂടിയുള്ളതാണെങ്കിലും അതിനും ഒരു മഹത്വമുണ്ട്. വൈരം മാലിന്യത്തിലാണ് കിടക്കുന്നതെങ്കിലും നമ്മളതെടുക്കും; വേണ്ടെന്നുവെയ്‌ക്കില്ല. കാരണം വൈരത്തിന്റെ മൂല്യം അത്രയ്‌ക്കു വലുതാണ്. ക്ഷമയുടെ മഹത്വവും അതുപോലെയാണ്. ഭര്‍ത്താവിന്റെ മുന്‍കോപത്തിനുമുമ്പില്‍ വേണമെങ്കില്‍ ഭാര്യയ്‌ക്കും അതുപോലെ പ്രതികരിക്കാമായിരുന്നു. അടുത്തദിവസംതന്നെ വിവാഹമോചനം തേടാമായിരുന്നു. എന്നാല്‍ അവര്‍ ക്ഷമയുടെയും വിവേകത്തിന്റെയും മാര്‍ഗ്ഗമാണ് സ്വീകരിച്ചത്.  അവരുടെ ആ ക്ഷമയാണ് ദാമ്പത്യബന്ധം ഭംഗിയായി മുമ്പോട്ടുകൊണ്ടുപോകാന്‍ കാരണമായത്. ഒരാളെയും പെട്ടെന്ന് നമ്മള്‍ വിധിയെഴുതരുത്. ഏവരിലും നന്മയുണ്ട്. അതു തിരിച്ചറിയാന്‍ നമ്മള്‍ ശ്രമിക്കണം. ക്ഷമയും വിട്ടുവീഴ്ചയും സഹകരണവും കൊണ്ട് മിക്ക പ്രശ്‌നങ്ങളെയും അതിജീവിക്കാന്‍ നമുക്കു കഴിയും.  

പ്രതിസന്ധിഘട്ടങ്ങളില്‍ അന്ധമായി പ്രതികരിക്കാതെ, ഒരു നിമിഷം നമ്മുടെ ഉള്ളിലേക്കു തിരിയാനും, ഒരല്പം ക്ഷമയും വിവേകവും കണ്ടെത്താനും കഴിഞ്ഞാല്‍ ജീവിതത്തില്‍ ശാന്തിയും സന്തോഷവും നിറയും.  

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക