മഞ്ചേശ്വരം: സപ്തഭാഷാ സംഗമ ഭൂമിയായ ജില്ലയിലെ, മഞ്ചേശ്വരം മണ്ഡലത്തിലെ പ്രചരണത്തിന് പ്രത്യേകതകള്‍ ഏറെയാണ്. കന്നട തുളു ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങളാണ് അവിടെ അധികവും. അതിനാല്‍ ഈ ഭാഷകളില്‍ വീഡിയോകളും പോസ്റ്ററുകളും പുറത്തിറക്കിയാണ് എന്‍ഡിഎ പ്രചരണം കൊഴിപ്പിക്കുന്നത്.
പ്രചരണത്തിന്റെ ഭാഗമായി കെ.സുരേന്ദ്രന് വേദിയിലെത്തുമ്പോഴും സംസാരിക്കുന്നത് ഇതേ ഭാഷയിലാണ്. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ആവശ്യമായ പദ്ധതി തയ്യാറാക്കി നടപ്പാക്കുമെന്ന ഉറപ്പ് നല്‍കിയാണ് കെ.സുരേന്ദ്രന് ഇത്തവണ മഞ്ചേശ്വരത്ത് മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ ഭാഷാ ന്യൂനപക്ഷ വിഭാഗം പ്രചരണ രംഗത്തും സജീവമാണ്.
മറ്റ് ജില്ലകളില്‍ നിന്നും വ്യത്യസ്തമായി കര്‍ണ്ണാടക അതിര്‍ത്തി കടന്ന് നേതാക്കള്‍ എത്തുന്നതാണ് മഞ്ചേശ്വരത്തെ പ്രവര്‍ത്തകരുടെ ആവേശം. തെരഞ്ഞെടുപ്പ് പ്രചാരത്തിന്റെ പ്രഥമഘട്ടമായ മണ്ഡലം പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ മുതലേ കര്‍ണ്ണാടക നേതാക്കളെ പങ്കെടുപ്പിച്ചാണ് എന്‍ഡിഎയുടെ പ്രചരണം മുന്നേറുന്നത്. കര്‍ണ്ണാടക എംഎല്‍എയും ചീഫ് വിപ്പുമായ സുനില്‍ കുമാര്‍ കാര്‍ക്കള, നളിന്‍കുമാര്‍ കട്ടീല്‍ എം.പി, ബിജെപി ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് സുദര്ശന്, സെക്രട്ടറി സതീഷ് കുമ്പള, എന്നീ നേതാക്കളാണ് മണ്ഡലത്തില്‍ പ്രചരണത്തിന് സജീവമായുള്ളത്.
കേരളത്തിലെ വികസന മുരടിപ്പ് തന്നെയാണ് മണ്ഡലത്തിലെ പ്രധാന ചര്‍ച്ചാ വിഷയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: