ന്യൂദല്‍ഹി: കഴിഞ്ഞവര്‍ഷത്തെ കാലയളവുമായുള്ള താരതമ്യത്തില്‍ ഈ വര്‍ഷം ജമ്മു കാശ്മീരില്‍ ഭീകരാക്രമണങ്ങളില്‍ 25 ശതമാനം കുറവ്. മുന്‍വര്‍ഷം ഭീകരസംഘടനകളില്‍ 167 യുവാക്കള്‍ അംഗങ്ങളായപ്പോള്‍ 2021-ല്‍ ഇതുവരെയുള്ള കണക്ക് 20 മാത്രം. ഈ വര്‍ഷം ഇതുവരെ ജമ്മു കാശ്മീരില്‍ 43 ഭീകരാക്രമണങ്ങളുണ്ടായതെന്ന് സുരക്ഷാസ്ഥാപനങ്ങളിലെ വൃത്തങ്ങള്‍ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020-ല്‍ സമാനസമയത്ത് ഇത് 58 ആയിരുന്നു. കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം പോയവര്‍ഷത്തെ ഈ കാലയളവില്‍ ആറായിരുന്നുവെങ്കില്‍ ഇക്കൊല്ലം ഒന്നാണ്.
ഇപ്പോഴും തുടരുന്ന, ഫെബ്രുവരി 25ന് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നുഴഞ്ഞുകയറ്റത്തില്‍ കുറവുവരുത്തിയിട്ടുണ്ടെങ്കിലും മഞ്ഞുരുകി തുടങ്ങിയത് മലമുകളിലൂടെയുള്ള വഴികള്‍ സുഗമമാക്കിയിട്ടുണ്ട്. നുഴഞ്ഞുകയറ്റത്തിന് സൗകര്യമൊരുക്കാനായി ‘കവറിംഗ് ഫയര്‍’ പാക്കിസ്ഥാന്‍ ഇപ്പോഴും ഉപയോഗിക്കുന്നു. കാണാതായശേഷം ഭീകരസംഘടനകളില്‍ അംഗമായെന്ന് കരുതിയിരുന്ന പ്രദേശത്തെ ഒന്‍പത് യുവാക്കളെങ്കിലും ഈ വര്‍ഷം വീട്ടിലേക്ക് മടങ്ങി. 2021-ല്‍ 20 ജമ്മു കാശ്മീര്‍ യുവാക്കളെ ഭീകരസംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ട്. എട്ടുപേരെ അറസ്റ്റ് ചെയ്യുകയോ, ഏറ്റുമുട്ടലില്‍ വധിക്കുകയോ ചെയ്തു.
ഏറ്റുമുട്ടലില്‍ കുടുങ്ങിയ എല്ലാ ഭീകരരോടും കീഴടങ്ങാന്‍ കുടുംബാംഗങ്ങള്‍ വഴി അഭ്യര്‍ഥിച്ചിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ ഏറ്റുമുട്ടല്‍ നടന്ന വിവിധ സ്ഥലങ്ങളില്‍ കീഴടങ്ങാനായി 15 ഭീകരരെ പ്രേരിപ്പിക്കാന്‍ സുരക്ഷാസേനകള്‍ക്കായി. പുതിയതായി ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് പോയവരെ മുഖ്യധാരയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ അവരുടെ കുടുംബങ്ങളെ കണ്ടെത്തി സമാനമായ അഭ്യര്‍ഥനകള്‍ നടത്തിവരികയാണ്. തിരികെയെത്തുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.
ഇത്തരക്കാരുടെ പ്രശ്‌നങ്ങള്‍, ആവശ്യങ്ങള്‍, താത്പര്യങ്ങള്‍ എന്നിവ ചോദിച്ചറിഞ്ഞും കൗണ്‍സിലിംഗ് നല്‍കിയുമാണ് ജമ്മു കാശ്മീര്‍ പൊലീസ് ഭീകരവാദത്തില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നൈപുണ്യ വികസന അവസരങ്ങളും തൊഴിലും സംരംഭങ്ങള്‍ തുടങ്ങാനുള്ള വായ്പകളുമൊക്കെ ലഭ്യമാക്കി ഇത് സാധ്യമാക്കുന്നു. 2018-നെ അപേക്ഷിച്ച് ഭീകരവാദത്തിലേക്ക് എത്തിപ്പെടുന്ന കാശ്മീരികളുടെ എണ്ണം കുറഞ്ഞുവെന്ന് ജമ്മു കാശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: