ഐ ലീഗ് കിരീട നേട്ടത്തോടെ ഗോകുലം കേരള എഫ്സി, ഇന്ത്യന്‍ ഫുട്ബോളില്‍ പുതിയ ചരിത്രമാണ് കുറിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കേരള ടീമാണ് ഗോകുലം. ക്ലബ് രൂപീകരിച്ച് നാല് വര്‍ഷത്തിനുള്ളില്‍ കൈവരിച്ച ഈ നേട്ടം കേരള ഫുട്ബോളിന് നല്കുന്ന ഉണര്‍വ്വ് ചെറുതല്ല.
നാഷണല്‍ ലീഗും ഐ ലീഗും ഐഎസ്എല്ലും ഒക്കെ വന്നിട്ടും കിരീടം കേരളത്തിലേക്ക് വന്നില്ല. രണ്ടു തവണ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ ഫൈനലില്‍ എത്തിയെങ്കിലും കിരീടം കിട്ടാക്കനിയായി. മലയാളി ഫുട്ബോള്‍ ആരാധകരുടെ കിരീട കാത്തിരിപ്പിനാണ് ഗോകുലം അന്ത്യം കുറിച്ചത്. കൊല്‍ക്കത്തയില്‍ ഐ ലീഗിലെ അവസാന മത്സരത്തില്‍ 70-ാം മിനിറ്റുവരെ 0-1ന് പിന്നിട്ടുനിന്നശേഷം നാല് തവണ, എതിരാളികളായ മണിപ്പൂര്‍ ക്ലബ് ട്രാവുവിന്റെ വല കുലുക്കിയാണ് ഗോകുലം പടയോട്ടം അവസാനിപ്പിച്ചത്. യുവതാരങ്ങളെ ടീമിലെത്തിച്ച് വീറും വാശിയും സമം ചേര്‍ത്ത് പൊരുതി നേടിയതാണ് ഗോകുലത്തിന്റെ കിരീടം. ഇതിന് പിന്നില്‍ കഠിനാദ്ധ്വാനം ചെയ്ത കോച്ച് വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അനൈസെയും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.
2017-ല്‍ മാത്രം രൂപീകൃതമായ ഗോകുലത്തിന് നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ നാല് കിരീടങ്ങളും നേടാനായി എന്നത് വലിയ കാര്യമാണ്. ആദ്യം കേരള പ്രീമിയര്‍ ലീഗ്, പിന്നെ ഡ്യൂറന്‍ഡ് കപ്പ്, പിന്നാലെ ദേശീയ വനിതാ ലീഗ്, ഒടുവില്‍ ഐ ലീഗ് കിരീടവും. ഐ ലീഗ് നേട്ടത്തോടെ എഎഫ്സി കപ്പ് യോഗ്യതയും ഗോകുലത്തിന് സ്വന്തമായി. ആദ്യമായാണ് ഒരു കേരള ക്ലബ് ഈ നേട്ടവും കരസ്ഥമാക്കുന്നത്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരള പോലീസ് നേടിയ ഫെഡറേഷന് കപ്പായിരുന്നു എഎഫ്സിയുടെ അംഗീകാരമുള്ള ഒരു ദേശീയ ടൂര്‍ണമെന്റിലെ കേരള ടീമിന്റെ അവസാന ട്രോഫി. അതിനുശേഷം എഫ്സി കൊച്ചിന് നേടിയ ഡ്യൂറന്‍ഡ് കപ്പും.
ഗോകുലത്തിന്റെ നേട്ടം കേരള ഫുട്ബോളിനെ കൂടുതല്‍ ഉയരങ്ങളിലെത്താന്‍ സഹായിക്കും. കെഎഫ്എ അടക്കം മുന്‍കൈ എടുക്കണമെന്ന് മാത്രം. ഇന്ത്യയിലെ മികച്ച ക്ലബുകള്‍ പങ്കെടുത്തിരുന്ന നിരവധി ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ കേരളത്തില്‍ നടന്നിരുന്നു. ഇന്ന് അതെല്ലാം ഓര്‍മകള്‍ മാത്രമായി. ഗോകുലത്തിന്റെ നേട്ടം ഉള്‍ക്കൊണ്ട് ആ ടൂര്‍ണമെന്റുകള്‍ പുനരുജ്ജീവിപ്പിച്ച് കേരള ഫുട്ബോളിനെ ഉണര്‍ത്താനുള്ള പദ്ധതികള്‍ക്ക് കെഎഫ്എ മുന്‍കൈ എടുക്കണം.
ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരു സംഘം ആളുകളുടെ പ്രയത്നമാണ് ഗോകുലം കേരളയെ വളര്‍ത്തിയത്. ഇനിയും വലിയ തേരോട്ടങ്ങള്‍ നടത്താന്‍ ഗോകുലം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ ക്ലബിന് കഴിയും. ചരിത്ര നേട്ടം സ്വന്തമാക്കിയ ആ ക്ലബ്ബിനും കളിക്കാര്‍ക്കും പരിശീലകര്‍ക്കും ടീം മാനേജ്മെന്റിനും അഭിനന്ദനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: