ബെല്‍ഗ്രേഡ്: ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ നേടിയ വിജയഗോള്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് പൊട്ടിത്തെറിച്ച് പോര്‍ച്ചുഗീസ് നായകന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പന്ത് ഗോള്‍വര കടന്നിട്ടും ഗോള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ക്യാപ്റ്റന്റെ ആംബാന്‍ഡ് ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞ് കളംവിട്ട റൊണാഡോയെ റഫറി മഞ്ഞകാര്‍ഡും കാണിച്ചു. ഈ ഗോള്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് പോര്‍ച്ചുഗല്‍ – സെര്‍ബിയ മത്സരം സമനിലയായി (2-2).
മത്സരത്തിന്റെ മുപ്പത്തിയാറാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ രണ്ട് ഗോളിന്റെ ലീഡ് നേടിയതാണ്. ഡിയോഗോ ജോറ്റയാണ് രണ്ട് ഗോളും നേടിയത്. പതിനൊന്നാം മിനിറ്റിലും മുപ്പത്തിയാറാം മിനിറ്റിലും വല കുലുക്കി. ഇടവേളയ്ക്ക് പോര്‍ച്ചുഗല്‍ 2-0 ന് മുന്നിട്ടുനിന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ സെര്‍ബിയ രണ്ട് ഗോളും തിരിച്ചടിച്ചു. മിത്രോവിച്ചും കോസ്റ്റിക്കുമാണ് സ്കോര്‍ ചെയ്തത്. ഇഞ്ചുറി ടൈമില്‍ റൊണാള്‍ഡോ ലക്ഷ്യം കണ്ടു. പക്ഷെ റഫറി ഗോള്‍ അനുവദിച്ചില്ല. തുടര്‍ന്നാണ് റൊണോ ക്ഷുഭിതനായി കളിക്കളം വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: