ആനന്ദം എന്നത് അര്‍ഥമാക്കുന്നത് എന്തിനെക്കുറിച്ചാണ്? തീര്‍ച്ചയായും ഒന്നിനെക്കുറിച്ചുമല്ല. ആനന്ദമെന്നാല്‍ നിങ്ങള്‍ ചെയ്യുന്ന ഏതെങ്കിലുമൊരു കാര്യമല്ല. സ്വയം ആനന്ദമായിത്തീരുകയാണ് വേണ്ടത്. നിങ്ങള്‍ എത്തിച്ചേരേണ്ട ഒരു പ്രത്യേക മാനസികാവസ്ഥയാണ് അത്. ശാരീരികമായി നിങ്ങളില്‍ പ്രസന്നാത്മക ഭാവം വരികയാണെങ്കില്‍ അതിനെ സൗഖ്യമെന്ന് വിളിക്കുന്നു. മാനസികമായി നിങ്ങള്‍ പ്രസന്നതയില്‍ വര്‍ത്തിക്കുമ്പോള്‍ അതിനെ സന്തോഷമെന്ന് വിളിക്കുന്നു.
നിങ്ങളിലെ ഊര്‍ജങ്ങള്‍ ഒരു പ്രത്യേകരീതിയിലുള്ള പ്രസന്നതയില്‍ വരുമ്പോള്‍ അതിനെയാണ് ആനന്ദം എന്ന് വിളിക്കുന്നത്. നിങ്ങളുടെ ഉള്ളിലെ അടിസ്ഥാനപരമായ ജീവല്‍ പ്രക്രിയകളെ ശല്യപ്പെടുത്താതെയിരുന്നാല്‍, ആനന്ദമെന്ന സ്വാഭാവിക പരിണതിയെ അറിയാനാകും. ആനന്ദം ഒരു നേട്ടമല്ല, അത് നിങ്ങളുടെ സഹജ പ്രകൃതമാണ്.
‘നിങ്ങള്‍’ എന്ന സ്വത്വത്തിന് മാത്രമേ ആനന്ദത്തില്‍ വര്‍ത്തിക്കുവാന്‍ സാധിക്കുകയുള്ളു, യഥാര്‍ഥത്തില്‍ ‘നിങ്ങള്‍’ എന്ന ഒന്നും തന്നെ നിലനില്‍ക്കുന്നില്ല. നിങ്ങള്‍ എന്നത് ചുറ്റുമുള്ള സാഹചര്യങ്ങളുടെ ശേഖരമാണ്. രണ്ട് വലിയ കൂമ്പാരങ്ങളാണ് ശരീരവും മനസ്സും. ശരീരമെന്നത് നിങ്ങളിതുവരെ ഭക്ഷിച്ചതിന്റെ ശേഖരമാണ്. മനസ്സാണെങ്കില്‍ നിങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളുടെ കൂമ്പാരവും.
ആരെങ്കിലും നിങ്ങളിലേക്ക് ഇതെല്ലാം വലിച്ചെറിഞ്ഞതല്ല. ഈ ‘കൂമ്പാര’ ങ്ങളത്രയും ശേഖരിക്കുന്നതില്‍ മുഴുകിയതിനാല്‍, അതിനുള്ളില്‍ അകപ്പെട്ട് ഇപ്പോള്‍ എവിടെയാണെന്ന് പോലും തിരിച്ചറിയാനാവാത്ത അവസ്ഥയിലേക്ക് നിങ്ങള്‍ എത്തിച്ചേര്‍ന്നു. സമൂഹത്തെ പഴിചാരാന്‍ വളരെയെളുപ്പമാണ്. അതേസമയം, ഏതുതരം സ്വാധീനങ്ങളില്‍ അകപ്പെട്ടാലും ചെയ്യേണ്ടതെന്ത് എന്നു തീരുമാനിക്കാനുള്ള വിവേചനാധികാരം ഓരോ മനുഷ്യനിലുമുണ്ട്.
ജീവിതത്തിലുണ്ടാവുന്ന തെറ്റുകളാലോ, ബാഹ്യസാഹചര്യങ്ങളാലോ അല്ല ഒരാള്‍ക്ക്, കഷ്ടതയും ദുരിതവും അനുഭവിക്കേണ്ടിവരുന്നത്. ബാഹ്യസാഹചര്യങ്ങള്‍ക്ക് ശാരീരികമായി വേദനിപ്പിക്കാനായേക്കും. പക്ഷേ നിങ്ങളെ ദുരിതത്തിലാക്കാനാവില്ല. മറിച്ച്, നിങ്ങള്‍ ആഗ്രഹിക്കുന്നത് ചെയ്യാന്‍ മനസ്സ് തയ്യാറാകാത്തതാണ് ദുരിതങ്ങള്‍ക്ക് കാരണം. നിങ്ങള്‍ ദുരിതം സൃഷ്ടിക്കാതിരുന്നാല്‍, ആനന്ദമുണ്ടാകുന്നത് സ്വാഭാവികമാണ്. ജീവിതത്തിലെ ഈ അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കാതെ പോയാല്‍ ആനന്ദത്തില്‍ വര്‍ത്തിക്കാനുള്ള സാധ്യത വിദൂരമാണ്.
ആന്തരികതയുടെ ശാസ്ത്രം എന്നു വിളിക്കുന്ന ശാസ്ത്രവും ജ്ഞാനവും, ജീവിതത്തിന്റെ അടിസ്ഥാനസ്ഥിതിയായി ആനന്ദത്തെ കാണുവാനാണ്. അല്ലാതെ ആനന്ദമറിയേണ്ടത് ജീവിതാവസാനത്തില്ല. ആനന്ദം പ്രാപ്തമായ ശേഷമേ അതിന്റെ തുടര്‍ച്ചയായി മറ്റുള്ളവയെല്ലാം പ്രകടമാവുകയുള്ളൂ. അല്ലാത്തപക്ഷം ജീവിതത്തിലുടനീളം, ദുരിതത്തിലാകുമെന്ന ഭയവും പേറി ജീവിക്കേണ്ടിവരും. ബാഹ്യമായി, ശാരീരികമായി, എന്തു തന്നെ സംഭവിച്ചേക്കാമെങ്കിലും, നിങ്ങള്‍ ഭയക്കുന്നത് ദുരിതത്തിലാവുമോ, ഉല്‍ക്കണ്ഠയിലോ, സമ്മര്‍ദ്ദത്തിലാവുമോ എന്നൊക്കെയാണ്. ‘എന്ത് സംഭവിക്കും’ എന്നതാണ് നിങ്ങളെ ഏറ്റവും കൂടുതല്‍ അലട്ടുന്നത്.
ആനന്ദമുണ്ടാവാന്‍ ബാഹ്യസാഹചര്യങ്ങളെ ആശ്രയിക്കുകയാണെങ്കില്‍, നിങ്ങള്‍ മനസ്സിലാക്കേണ്ടതായൊരു കാര്യമുണ്ട്. അവയെന്നും പൂര്‍ണമായും നിങ്ങളുടെ ഇഷ്ടത്തിന് അനുസൃതമാവില്ല. അതിനാല്‍, നിങ്ങള്‍ എന്ന വ്യക്തിയെങ്കിലും സ്വന്തം ഇച്ഛയ്‌ക്കായി പ്രവര്‍ത്തിക്കണം. അങ്ങനെയെങ്കില്‍ സ്വാഭാവികമായും നിങ്ങള്‍ ആനന്ദമായിരിക്കും തിരഞ്ഞെടുക്കുക.
പിന്തുടരേണ്ടതായ ഒന്നല്ല ആനന്ദം. നിങ്ങളുടെ യഥാര്‍ത്ഥ പ്രകൃതത്തില്‍ വര്‍ത്തിക്കുക. അങ്ങനെയെങ്കില്‍ ആനന്ദത്തോടെയിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: