കഴിഞ്ഞ ഞായറാഴ്ച മാര്‍ച്ച് 21 ന് തൊടുപുഴയില്‍ ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ ഇടുക്കി ജില്ലാ സമിതിക്കുവേണ്ടി സ്വന്തമായി നിര്‍മിച്ച കാര്യാലത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായി. അതൊരു ചടങ്ങു മാത്രമായിരുന്നില്ല. ഇടുക്കി ജില്ലയിലെ മിക്കവാറും എല്ലായിടങ്ങളിലും നിന്നുവന്ന സംഘപരിവാറിലെ വിവിധ പ്രസ്ഥാനങ്ങള്‍ക്കു മഹോത്സവം തന്നെയായിരുന്നു. പ്രഭാതത്തിലെ ഗണപതി ഹോമം മുതല്‍ നാം ആചരിക്കാറുള്ള കര്‍മങ്ങളെല്ലാം നിറവേറ്റിയ ആ അവസരം അവാച്യമായ ഒരനുഭൂതിയാണ് എനിക്കു തന്നത്. അതു തന്നെയാവും അതില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഉണ്ടായത് എന്നും ഞാന്‍ കരുതുന്നു. രണ്ടു പതിറ്റാണ്ടുകള്‍ക്കപ്പുറത്ത് തൊടുപുഴ നഗരത്തിന്റെ ഹൃദയഭാഗത്ത് ആദ്യത്തെ കേരള പ്രാന്തപ്രചാരകന്‍ ഭാസ്‌കര്‍ റാവുവും, അന്നത്തെ മൂവാറ്റുപുഴ സംഘജില്ലാ സംഘചാലക
നും, ദീര്‍ഘകാലം കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ അധ്യക്ഷനുമായിരുന്ന എം.പി. ഗോപാലകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ കാര്യാലയ ഗൃഹപ്രവേശം നടത്തിയ അവസരത്തിലാണിതുപോലത്തെ അനുഭൂതിയുണ്ടായത്. ഠേംഗ്ഡി ഭവന്‍ എന്ന് നാമകരണം ചെയ്യപ്പെട്ട പ്രസ്തുത മന്ദിരത്തില്‍ മസ്ദൂര്‍ സംഘത്തിന്റെ സംസ്ഥാനാധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താനാണ് ഔപചാരികമായി കാര്യാലയ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.
തൊടുപുഴ പട്ടണത്തിലെ ഉയര്‍ന്ന ഒരു കുന്നിന്മുകളിലാണ് ഠേംഗ്ഡിജി ഭവന്‍. നഗരത്തിന്റെ ചുറ്റുമുള്ള നയനമനോഹരമായ നിമ്‌നോന്നത പ്രദേശങ്ങളുടെ ദൃശ്യം ആരെയും ആകര്‍ഷിക്കും. തൊടുപുഴയില്‍ മസ്ദൂര്‍ സംഘത്തിന്റെ ആദ്യത്തെ പ്രവര്‍ത്തകരില്‍ പ്രമുഖന്‍ ചാലങ്കോട്ട് രാജന്‍ എന്നറിയപ്പെട്ടിരുന്ന പ്രസിദ്ധനായ സ്വാമി അയ്യപ്പ ദാസ് ആയിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് ശാഖയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ ന്യായത്തിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു. വിട്ടുവീഴ്ചയില്ലാതെ വിജയം കാണുന്നതുവരെയുള്ള ആ യാത്രയുടെ വീര്യം ഇന്നും കുറഞ്ഞിട്ടില്ല. മുഖവുര ആവശ്യമില്ലാത്തവിധം ധാര്‍മിക കേരളത്തിനുവേണ്ടിയുള്ള പോരാട്ടം ഇന്നും തുടരുകയാണ്.
തൊടുപുഴയില്‍നിന്ന് ബിഎംഎസിന്റെ പ്രചാരകനായി വയനാട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന എന്‍. ജയന്ദ്രനുമുണ്ടായിരുന്നു. വയനാട്ടിലെ പഴയ പ്രവര്‍ത്തകര്‍ ദശകങ്ങള്‍ക്കുശേഷവും അദ്ദേഹത്തെ സ്മരിക്കുന്നു. ഇന്നദ്ദേഹം പരിസ്ഥിതി മൃഗ സംരക്ഷണ രംഗത്തെ സമുന്നത പ്രവര്‍ത്തകനാണ്. എസ്പിസിഎയുടെ ഭാരവാഹിത്തവുമുണ്ട്. സംഘത്തിന്റെ വിഭാഗ് സംഘചാലകന്‍ കെ.എന്‍. രാജുവടക്കം പ്രമുഖ കാര്യകര്‍ത്താക്കളും ബിജെപിയുടെ ജില്ലാ പ്രസിഡന്റ് കെ.എസ്. അജിയും പങ്കെടുത്തു. തൊടുപുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും വിദ്യാര്‍ത്ഥി പരിഷത്തിന്റെ മുന്‍ ദേശീയ നേതാക്കളിലൊരാളും, യുവമോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയുമായ ശ്യാമ രാജു തന്റെ പ്രചാരണ യാത്രക്കിടെ അവിടെയെത്തിയിരുന്നു. തൊടുപുഴ നഗരസഭയിലെ ബിജെപി അംഗങ്ങളെല്ലാവരും അവിടത്തെ ഏര്‍പ്പാടുകളുടെ ഭാരവാഹികളായിത്തന്നെ സജീവരായിരുന്നു.
പരിപാടിയുടെ സവിശേഷതയായി കണ്ട ഒരു കാര്യം ബിഎംഎസിന് മന്ദിരം നിര്‍മിക്കാനായി മൂന്ന് സെന്റ് സ്ഥലം ദാനം ചെയ്ത പ്രമുഖ വസ്ത്രവ്യാപാരിയായ ജോമി ചാമക്കാലയുടെ സജീവ സാന്നിദ്ധ്യമാണ്. തൊടുപുഴയിലെ തന്റെ സ്ഥാപനത്തിനടുത്തായിരുന്നു നേരത്തെ ബിഎംഎസിന്റെ ആഫീസ്. ആ സ്ഥാപനത്തിലെ തൊഴിലാളികളേറെയും ബിഎംഎസ് അംഗങ്ങളുമായിരുന്നു. ബിഎംഎസ് തൊഴിലാളികളുടെ തൊഴില്‍ സംസ്‌കാരത്തിന്റെ സ്വാധീനമാണ് തന്റെ കൈവശമുള്ള സ്ഥലം ബിഎംഎസിന് ദാനം ചെയ്യാന്‍ പ്രേരണയായതെന്ന് അദ്ദേഹം സ്വസംഭാഷണ വേളയില്‍ പറയുകയുണ്ടായി.
മാത്രമല്ല എന്റെ പിതാവിന്റെ സുഹൃത്തും ആര്‍എസ്എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും സജീവ പ്രവര്‍ത്തകനുമായിരുന്ന നല്ലാനിക്കല്‍ രാമകൃഷ്ണപിള്ളച്ചേട്ടനില്‍നിന്ന് ചെറുപ്പത്തില്‍ത്തന്നെ സംഘത്തെക്കുറിച്ച് നല്ല ധാരണയുമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതീയ മസ്ദൂര്‍ സംഘം ഇന്ന് ഭാരതത്തിലെ മാത്രമല്ല ലോകത്തിലെതന്നെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായി വളര്‍ന്നുകഴിഞ്ഞു. കേരളത്തില്‍ ഇടതുപക്ഷ തൊഴിലാളി സംഘടനകളുടെ തേരോട്ടം നടന്നുവന്ന കാലഘട്ടം അവസാനിക്കുകയായി. കഴിഞ്ഞ വര്‍ഷം നടന്ന കെഎസ്ആര്‍ടിസിയിലെ ഹിതപരിശോധനയില്‍ ബിഎംഎസിന് അഭിമാനകരമാംവിധം രണ്ടാം സ്ഥാനം ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്. തൊഴിലാളികള്‍ക്കിടയില്‍ ആ പ്രസ്ഥാനത്തിന് ആത്മവിശ്വാസം സൃഷ്ടിക്കാന്‍ ഇടവരുന്നുവെന്നതിന്റെ തെളിവാണത്.
രാഷ്‌ട്രത്തെ വ്യവസായവല്‍കരിക്കുക, വ്യവസായങ്ങളെ തൊഴിലാളിവല്‍കരിക്കുക, തൊഴിലാളികളെ രാഷ്‌ട്രവല്‍കരിക്കുക എന്നീ മുഖ്യലക്ഷ്യങ്ങളാണ് ബിഎംഎസിന്റേതെന്ന്. സ്ഥാപകന്‍ ദത്തോപാന്ത് ഠേംഗ്ഡിജി പ്രഖ്യാപിച്ചപ്പോള്‍, സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍, നിങ്ങള്‍ക്ക് നഷ്ടപ്പെടുവാന്‍ കൈച്ചങ്ങല മാത്രം നേടുവാനോ ഈ ലോകം മുഴുവന്‍ എന്ന മുദ്രാവാക്യം വെറും പഴങ്കഞ്ഞിയായിക്കഴിഞ്ഞു. തൊഴിലാളിവര്‍ഗ സര്‍വാധിപത്യം എന്ന കമ്യൂണിസത്തിന്റെ അടിസ്ഥാന സങ്കല്‍പനം ലോകത്തുനിന്ന് അസ്തമിച്ചു. ചീനയില്‍ പാര്‍ട്ടി സര്‍വാധിപത്യവും, ഏറ്റവും ക്രൂരമായ മുതലാളിത്തവുമാണല്ലോ നടക്കുന്നത്. ഏറ്റവും വലിയ തൊഴിലാളിവര്‍ഗ സര്‍വാധിപത്യം നടന്ന സോവ്യറ്റ് യൂണിയനില്‍ അത് ഏഴു പതിറ്റാണ്ടിനകത്ത് സ്വന്തം ഭാരം താങ്ങാന്‍ കഴിയാതെ തകര്‍ന്നടിഞ്ഞത് നാം കണ്ടു.
ഭാരതീയ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അടിത്തറയില്‍ ഇവിടത്തെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും പുതുക്കിപ്പണിയാന്‍ സംഘം നടത്തിയ ബഹുമുഖ പ്രവര്‍ത്തനങ്ങളിലൊന്നാണല്ലോ ബിഎംഎസ്. ദത്തോപാന്ത് ഠേംഗ്ഡിയെപ്പോലൊരു പ്രതിഭാശാലി അതിന്റെ ദൗത്യം ഉള്‍ക്കൊണ്ട് പൂജനീയ ഗുരുജിയുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് ദീനദയാല്‍ ഉപാധ്യായയുമൊരുമിച്ച് വിചിന്തനം ചെയ്ത്, തൊഴില്‍നയത്തിന്റെ ഭാരതീയ ആധാരം കണ്ടെത്തി, അതിന് ആധുനിക കാലത്തിനനുയോജ്യമായ രൂപം നല്‍കി. ആ മനീഷിയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായിട്ടാണ് ബിഎംഎസ് മെല്ലെ മെല്ലെ കരുപ്പിടിച്ചു വന്നത്.
ലോകത്തെ തൊഴില്‍ സംഘടനയില്‍ ബിഎംഎസിന് അംഗത്വം നേടാനായപ്പോള്‍ ഇവിടത്തെ സ്ഥിരം തൊഴിലാളി നേതാക്കള്‍ നടുങ്ങി. എന്നു മാത്രമല്ല ഐഎല്‍ഒയിലെ സ്ഥിരം തൊഴിലാളി പ്രതിനിധികളുടെ മട്ടിലുള്ള പാഠപുസ്തക (ടെക്സ്റ്റ് ബുക്ക്) വിശദീകരണമായിരുന്നില്ല ബിഎംഎസ് പ്രതിനിധികളുടെ അഭിപ്രായങ്ങള്‍. ലോകതൊഴിലാളി നേതാക്കള്‍ക്ക് തങ്ങള്‍ അതുവരെ കേള്‍ക്കാത്തതും അറിയാത്തതുമായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു. ഭാരതത്തിലെ സ്ഥിരം പ്രതിനിധികള്‍ക്ക് ഔദ്യോഗിക പ്രതിനിധികളായി പോകാനുള്ള അര്‍ഹത തന്നെ നഷ്ടപ്പെട്ടു.
മുമ്പ് രാഷ്‌ട്രപതിയായിരുന്ന വി.വി. ഗിരി ഐഎന്‍ടിയുസിയുടെ നേതാവായിരുന്നു. അക്കാലത്താണ് ബിഎംഎസ് ആദ്യമായി സമഗ്രമായ നയപ്രഖ്യാപനം തയ്യാറാക്കിയത്. അതു വലിയൊരു നിവേദക സംഘമായി അദ്ദേഹത്തിനു സമര്‍പ്പിക്കപ്പെട്ടു. അതിന്റെ പേരു ബിഎംഎസിന്റെ 14 പ്രതിബദ്ധതകള്‍ എന്നായിരുന്നു. മറ്റു സംഘടനകള്‍ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ടപ്പോള്‍ ബിഎംഎസ് രാഷ്‌ട്രത്തോടും ജനങ്ങളോടും വ്യവസായങ്ങളോടും തൊഴിലാളികളോടും മറ്റുമുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് പ്രഖ്യാപിച്ചത്. തൊഴിലാളിയും മുതലാളിയുമായുണ്ടാക്കുന്ന തര്‍ക്കം ദ്വികക്ഷി തര്‍ക്കമല്ല, അദൃശ്യമായൊരു മൂന്നാം കക്ഷികൂടി അവിടെയുണ്ട്, അതാണ് രാഷ്‌ട്രം അഥവാ സമാജം. ആ മൂന്നാം കക്ഷിയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമായ തീരുമാനമെടുക്കാന്‍ ആര്‍ക്കുമധികാരമില്ല എന്നുകൂടി ബിഎംഎസിന്റെ ആദര്‍ശം പറയുന്നു.
രസകരമായ ഒരു സ്വന്തം കാര്യം കൂടി ഇവിടെ പ്രസ്താവിക്കാനുണ്ട്. 1966 ല്‍ ഭാരതീയ ജനസംഘത്തില്‍ പരമേശ്വര്‍ജിയെ സഹായിക്കാന്‍ ഒരു പ്രചാരകനെ നിയോഗിക്കണമെന്ന് സംഘം ആലോചിച്ചു. അതിനായി മുതിര്‍ന്ന പ്രചാരകന്‍ രാ. വേണുഗോപാലിനെയാണ് നിയോഗിച്ചത്. ഭാസ്‌കര്‍ റാവുജി എന്നോട് മസ്ദൂര്‍ സംഘത്തില്‍ പ്രവര്‍ത്തിക്കേണ്ടിവരുമെന്നും പറഞ്ഞു. എന്നാല്‍ തുടര്‍നിര്‍ദേശമൊന്നും ലഭിച്ചില്ല. 1967 ലെ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍, ബിഎംഎസിനു നല്‍കുന്നത് വേണുവേട്ടനായാല്‍ നന്നായിരിക്കുമെന്ന് ഠേംഗ്ഡിജി അഭിപ്രായപ്പെട്ടതിനാല്‍ അദ്ദേഹം അങ്ങോട്ട് നിയോഗിക്കപ്പെട്ടു. വേണുവേട്ടന്‍ ബിഎംഎസിലെ ഏറ്റവും ഉയര്‍ന്ന പദവി വരെ പ്രശസ്തമായി വഹിച്ചശേഷം കഴിഞ്ഞ വര്‍ഷം നമ്മോട് വിടപറഞ്ഞു.
ഞാന്‍ ജനസംഘത്തില്‍ പോയി. അതിനുശേഷം ആദ്യത്തെ സംഘ ബൈഠക്കില്‍ പൂജനീയ ഗുരുജിക്കു മുമ്പാകെ പരിചയം നല്‍കാന്‍ എണീറ്റ് നിന്ന് പേര്‍ പറഞ്ഞ് ജനസംഘത്തിന്റെ സംഘാടന്‍ മന്ത്രി എന്നുപറഞ്ഞപ്പോള്‍ അദ്ദേഹം യൂ ജന്‍സംഘ്? വാട്ട് എ ഫാള്‍ മൈ കണ്‍ട്രിമെന്‍! ( ) എന്ന് മാര്‍ക്ക് ആന്റണിയുടെ വചനം പറഞ്ഞു പൊട്ടിച്ചിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: