അന്നൊരിക്കല്‍ ഗൗരിയമ്മയോട് അവര്‍ ചോദിച്ചു, പാര്‍ട്ടിക്കൊപ്പം നില്ക്കുന്നോ അതോ ഭര്‍ത്താവിനൊപ്പമോ? ഉത്തരം കണ്ടെത്താന്‍ അവര്‍ക്ക് അധികം ആലോചിക്കേണ്ടി വന്നില്ല, പാര്‍ട്ടിക്കൊപ്പമെന്ന് മറുപടി.
അത് കാലം 1964. കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളരുന്നു. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സിപിഎമ്മിനൊപ്പമായിരുന്നു ഗൗരിയമ്മ. ഭര്‍ത്താവ് ടി.വി.തോമസ് സിപിഐക്കൊപ്പവും. കേരളത്തിലെ ആദ്യ വനിതാ മന്ത്രി ഗൗരിയമ്മയാണ്. ആദ്യ മന്ത്രി ദമ്പതികള്‍ ഗൗരിയമ്മയും ടി.വി.തോസും. 57 ലായിരുന്നു ഇരുവരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്തതും ജീവിതത്തില്‍ ഒരുമിച്ചതും. 64ല്‍ പാര്‍ട്ടിക്കൊപ്പം ആ ജീവിതങ്ങളും വഴിപിരിഞ്ഞു.
ഗൗരിയമ്മ പിന്നെയും പലവട്ടം മന്ത്രിയായി. 67ലെ ഇഎംഎസ് മന്ത്രിസഭയില്‍, 80ലെയും 87ലെയും നായനാര്‍ മന്ത്രിസഭകളില്‍. പിന്നെ 2001ലെ യുഡിഎഫ് മന്ത്രിസഭയിലും. തീയില്‍ കുരുത്തതായിരുന്നു കെ.ആര്. ഗൗരി എന്ന ഗൗരിയമ്മ. പക്ഷേ 94 ല്‍ വിഭാഗീയതയുടെ ചൂടേറ്റ് വാടി. അങ്ങനെയാണ് ഗൗരിയമ്മ യുഡിഎഫിലെത്തിയത്.
87ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉയര്‍ത്തിയ പ്രധാന മുദ്രാവാക്യം കേരം തിങ്ങും കേരളനാട്ടില്‍ കെ.ആര്. ഗൗരി ഭരിച്ചീടും എന്നായിരുന്നു. പക്ഷേ കെ.ആര്. ഗൗരിയെ മുഖ്യമന്ത്രിയാക്കാന്‍ സിപിഎമ്മിലെ പുരുഷ മേധാവികള്‍ ഒരുക്കമായിരുന്നില്ല. ഉറങ്ങിക്കിടന്ന നായനാരെ വിളിച്ചുണര്‍ത്തി മുഖ്യമന്ത്രിയാക്കി. ഗൗരിയമ്മ വ്യവസായ മന്ത്രിയും. നായനാര്‍ അന്ന് നിയമസഭാംഗം പോലുമായിരുന്നില്ല. പാര്‍ട്ടിയോട് ഇണങ്ങിയും പിണങ്ങിയും മുന്നോട്ട് പോയ ഗൗരിയമ്മ 94ല്‍ പാര്‍ട്ടിക്ക് പുറത്തായി. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന തോട്ടണ്ടി ഇറക്കുമതിയില്‍ സിപിഎം നേതാക്കള്‍ വന്‍തുക കോഴവാങ്ങിയെന്ന വെളിപ്പെടുത്തലാണ് പുറത്താക്കലില്‍ കലാശിച്ചത്. ഈ അഴിമതി ഇ.എം.എസിന് അറിയാമായിരുന്നുവെന്നും അവര്‍ പറഞ്ഞു.
പാര്‍ട്ടിക്ക് വേണ്ടി ജീവിതം ത്യജിച്ച ഗൗരിയമ്മയെ പക്ഷേ പാര്‍ട്ടി കൈയൊഴിഞ്ഞു. പുതിയൊരു ഒറ്റയാള്‍ പാര്‍ട്ടിയുടെ ജനനമായിരുന്നു അത്. ജനാധിപത്യ സംരക്ഷണ സമിതി. ഗൗരിയമ്മയും ജെഎസ്എസും യുഡിഎഫിന്റെ ഭാഗമായി. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ അവര്‍ കൃഷിമന്ത്രിയായി. 2004ല്‍ ആന്റണിയുടെ രാജിയെത്തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോഴും ഗൗരിയമ്മ മന്ത്രിസഭയില്‍ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: