കൊല്‍ക്കത്ത: ഗോകുലം കേരള എഫ്സി ചരിത്രമെഴുതി. ആവേശം വാനോളമുയര്‍ന്ന അവസാന മത്സരത്തില്‍ അവിശ്വസീയമായ തിരിച്ചുവരവിലൂടെ മണിപ്പൂരിന്റെ കരുത്തരായ ട്രാവുവിനെ കീഴടക്കി ഗോകുലം ഐ ലീഗ് കിരീടത്തില്‍ മുത്തമിട്ടു. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് വിജയം പിടിച്ചത്. ഇതാദ്യമാണ് ഒരു കേരളാ ടീം ഐ ലീഗ് കിരീടം സ്വന്തമാക്കുന്നത്.
എഴുപതാം മിനിറ്റുവരെ ഒരു ഗോളിന് പിന്നില്‍ നിന്ന ഗോകുലം ഏഴു മിനിറ്റിനുള്ളില്‍ ശരവേഗത്തില്‍ മൂന്ന് ഗോളുകള്‍ ട്രാവുവിന്റെ വലയിലേക്ക് അടിച്ചുകയറ്റി. ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി നേടി കിരീടം ഉറപ്പിച്ചു. ഷെരീഫ് മുഖമ്മദ്, എമില്‍ ബെന്നി, ഡെന്നി ആന്റ്വി, മുഹമ്മദ് റഷീദ് എന്നിവരാണ് ഗോകുലത്തിനായി ഗോളുകള്‍ നേടിയത്. വിദ്യാസാഗര്‍ സിങ്ങാണ് ട്രാവുവിനായി ലക്ഷ്യം കണ്ടത്.
ഈ വിജയത്തോടെ ഗോകുലം പതിനഞ്ച് മത്സരങ്ങളില്‍ 29 പോയിന്റോടെയാണ് ചാമ്പ്യന്മാരായത്. ഇതേ സമയത്ത് നടന്ന മറ്റൊരു നിര്‍ണായക മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റൗണ്ട്ഗ്ലാസ് പഞ്ചാബിനെ തോല്‍പ്പിച്ചു. ഇതോടെ ഗോകുലത്തിനൊപ്പം ചര്‍ച്ചിലിനും പതിനഞ്ച് മത്സരങ്ങളില്‍ 29 പോയിന്റായി. എന്നാല്‍ ഗോള്‍ ശരാശരിയില്‍ ചര്‍ച്ചിലിനെ പിന്നിലാക്കി ഗോകുലം കിരീടം നേടി.
ഗോകുലത്തിന്റെ രണ്ടാം ദേശീയ കിരീടമാണിത്. 2019 ല്‍ ഡ്യൂറന്റ് കപ്പ് സ്വന്തമാക്കിയിരുന്നു. ഐ ലീഗ് കിരീടം നേടിയതോടെ എഎഫ്സി കപ്പില്‍ മത്സരിക്കാന്‍ യോഗ്യത ലഭിച്ചു.
തുടക്കം മുതല്‍ ഗോകുലവും ട്രാവുവും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ ആദ്യം കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ ഗോകുലത്തിന് കഴിഞ്ഞില്ല. ഇരുപത്തിനാലാം മിനിറ്റില്‍ ഗോകുലത്തെ ഞെട്ടിച്ച് ട്രാവു മുന്നിലെത്തി. വിദ്യാസാഗര്‍ സിങ്ങാണ് ഗോള്‍ വല കുലുക്കിയത്. ഇടവേളയ്ക്ക് ട്രാവു 1-0 ന് മുന്നിട്ടുനിന്നു.
എഴുപതാം മിനിറ്റില്‍ ഗോകുലം ഗോളടി തുടങ്ങി. ഷെരീഫ് മുഖമ്മദാണ് ആദ്യം ട്രാവുവിന്റെ ഗോള്‍ വല കുലുക്കിയത്. നാലു മിനിറ്റുകള്‍ക്കുള്ളില്‍ ഗോകുലത്തിന്റെ രണ്ടാം ഗോളും പിറന്നു. ഇത്തവണ എമില്‍ ബെന്നിയാണ് ലക്ഷ്യം കണ്ടത്. ഗോളാരവം അവസാനിക്കും മുമ്പ് മൂന്നാം ഗോളും നേടി. ക്യാപ്റ്റന്‍ ഡെന്നി ആന്റ്വിയാണ് സ്കോര്‍ ചെയതത്.
ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ഗോകുലത്തിന്റെ വിന്‍സി ബറേറ്റോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. തുടര്‍ന്ന് പത്ത് പേരുമായാണ് ഗോകുലം പൊരുതിയത്. നാലു മിനിറ്റുകള്‍ക്ക് ശേഷം ഗോകുലം നാലാം ഗോളും നേടി. മുഹമ്മദ് റഷീദാണ് ഗോളടിച്ചത്്.
വിദ്യാസാഗറിന് ഗോള്‍ഡന്‍ ബൂട്ട്
ഗോകുലത്തിന്റെ എമില്‍ ബെന്നിക്ക് ഏറ്റവും മികച്ച എമര്‍ജിങ് പ്ലേയര്‍ക്കുള്ള പുരസ്കാരം ലഭിച്ചു. ടോപ്പ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട്ട്രാവുവിന്റെ വിദ്യാസാഗര്‍ സിങ് (12 ഗോളുകള്‍) സ്വന്തമാക്കി. ഹീറോ ഓഫ് ദ ലീഗ് പുരസ്കാരവും വിദ്യാസാഗര്‍ സിങ്ങിന് ലഭിച്ചു. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്കാരം പഞ്ചാബിന്റെ കിരന്‍ ലിമ്പു നേടി. മികച്ച പ്രതിരോധ താരത്തിനുള്ള അവാര്‍ഡ് ചര്‍ച്ചില്‍ ബ്രദേഴ്സിന്റെ ഹംസ ഖീറും മികച്ച മീഡ്ഫീല്ഡര്ക്കുള്ള പുരസ്കാരം ട്രാവുവിന്റെ ഫല്‍ഗുനി സിങ്ങും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: