അഞ്ജനാ ദേവിയുടെ തപസ്സിന്റെ ഗുണവും ഹനുമാനിലുണ്ട്. ദേവിയാണ് ഹനുമാനെ ഉത്തമനായി വളര്‍ത്തിയെടുത്തത്. അമ്മമാരാണല്ലോ മക്കളെ ഗുണവാന്മാരായ മക്കളെ വളര്‍ത്തിയെടുക്കുന്നത്.
ഹനുമാന്റെ ശങ്കരസുവന് എന്ന നാമധേയത്തിന് ആചാര്യന്മാര് മറ്റൊരു വ്യാഖ്യാനവും നല്‍കുന്നുണ്ട്.
‘ശങ്കര സുവന് ന’ എന്നാല്‍ ഹനുമാന് ശങ്കരന്റെ പുത്രനല്ല, മറിച്ച് ശ്രീശങ്കരന് തന്നെയെന്നാണ് അര്‍ഥമാക്കുന്നത്. മഹാവിഷ്ണുവിനെ സേവിക്കാനായി അവതാരമെടുത്തു എന്ന് സാരം.
‘തേജപ്രതാപ് മഹാ ജഗ വന്ദന’
(അര്‍ഥം: ഹനുമാന്റെ തേജസ്സും പ്രതാപവും ലോകം മുഴുവന്‍ വാഴ്ത്തപ്പെടുന്നു എന്നത് സത്യം)
തേജസ്സ്: മറ്റുള്ളവരെ നിഷ്പ്രഭമാക്കാനുള്ള കഴിവ്. രാമായണം ശ്രീരാമന്റെ കഥയെങ്കിലും പലപ്പോഴും ഹനുമാന് തന്നെ നായകന്.
പ്രതാപ്: വീര സാഹസികത്വമാണ് ഇവിടെ ധ്വനിപ്പിക്കുന്നത്. ശ്രീരാമന്റെ പോലും സാഹസിക കൃത്യങ്ങള്‍ ഹനുമാന് ചെയ്തതില്‍ മുങ്ങിപ്പോകുന്നു.
തേജസ്സും പ്രതാപവും നമുക്കോരോരുത്തര്‍ക്കും അനിവാര്യമാണ്. നമ്മളില്‍ ആദ്യമൊന്നും മറ്റുള്ളവര്‍ അത് കണ്ടെന്നു വരില്ല. കാലക്രമേണ അത് ആര്‍ക്കും അവഗണിക്കാനാവാതെ വരും. ആശയത്തിലും പ്രവര്‍ത്തനത്തിലും സ്ഥിരത പുലര്‍ത്തിയാല്‍ നാം ലക്ഷ്യത്തില്‍ എത്തിപ്പിടിക്കുക തന്നെ ചെയ്യും. പക്ഷേ ഇടയ്ക്ക് വച്ച് ഇട്ടേച്ചു പോകരുത്.
ബിദ്യബാന് ഗുനി അതിചാതുര്‍
രാമകാജ് കരിബെ കോ ആതുര്
(അര്‍ഥം: സര്‍വവിദ്യകളും അങ്ങയില്‍ പ്രകാശിക്കുന്നു. സര്‍വഗുണങ്ങളും തികഞ്ഞ അങ്ങ് എല്ലാററിലും നിപുണനാണ്. ശ്രീരാമനെ സേവിക്കുന്നതില്‍ അങ്ങ് സദാ ജാഗരൂകനായി വര്‍ത്തിക്കുന്നു.)
തുളസീദാസ് ഈ ചെറുവരികളില്‍ ഒളിപ്പിക്കുന്നത് ഏതു മേഖലയിലും വെന്നിക്കൊടി പാറിക്കാനുള്ള രഹസ്യമാണ്. അത് ആധ്യാത്മികമാകട്ടെ, ലൗകികമാകട്ടെ.
വിദ്യാവാന്‍: അറിവുള്ളവന്. ഇത് ലൗകികവിഷയങ്ങളിലേയോ ആധ്യാത്മിക വിഷയങ്ങളിലേയോ ജ്ഞാനമാകാം. ഹനുമാന് രണ്ടിലും അഗ്രഗണ്യനായിരുന്നല്ലോ!
ഇത് മറ്റൊരു രീതിയില്‍ നോക്കിയാല്‍ ഏതൊരു കാര്യവും ചെയ്യാന്‍ വേണ്ടി തുനിഞ്ഞിറങ്ങുമ്പോഴും നാം ആദ്യം ആലോചിക്കേണ്ടത് ഇത് എനിക്ക് ചെയ്യാന്‍ പറ്റുന്നതാണോ എന്നതാണ്. തന്റെ ശക്തിയില്‍ വ്യക്തമായ ധാരണ വേണം.
ഈ കര്‍ത്തവ്യ പൂര്‍ത്തീകരണത്തിന് തന്നെ സഹായിക്കാന്‍ ആരൊക്കെ കാണുമെന്നും ബോധ്യമുണ്ടാവണം. ഏറ്റെടുത്ത ദൗത്യത്തിനു മുമ്പില്‍ എന്തെല്ലാം പ്രതിബന്ധങ്ങള്‍ വരും എന്നതിനെക്കുറിച്ചും അറിയാന്‍ ശ്രമിക്കണം. താന്‍ തന്നെയാണോ ഇക്കാര്യം ചെയ്യേണ്ടതെന്ന് ഉറപ്പു വരുത്തണം. ഇതെല്ലാം അറിയാതെ നമ്മള് എന്തിനെങ്കിലും ഇറങ്ങി പുറപ്പെട്ടാല്‍ വലിയ പ്രശ്നങ്ങള്‍ക്ക് അത് വഴിയാരുക്കും.
ബ്രഹ്മചാരി സുധീര്‍ ചൈതന്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: