ആലപ്പുഴ: നാലു മാസത്തിലേറെയായി വെള്ളക്കെട്ടില്‍ കഴിയുകയാണ് കൈനകരിയിലെ കനകാശേരി പാടശേഖരത്തിലെ പുറംബണ്ടില്‍ കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങള്‍. പുറംബണ്ട് നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുകയാണ്. അടുത്ത കാലവര്‍ഷക്കാലം പടിവാതില്‍ക്കലെത്തിയ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് ഇവര്‍. ദുരിതജീവിതം കണ്ട് ആശ്വസിപ്പിച്ച് മടങ്ങുന്നവര്‍ സത്വര പരിഹാര നടപടികള്‍ സ്വീകരിക്കാതെ കബളിപ്പിക്കുകയാണ്.
പലരും ബന്ധുവീടുകളിലും മറ്റുമാണ് കാലങ്ങളായി കഴിയുന്നത്. ”ഞങ്ങള്‍ക്ക് കൃഷി ചെയ്യണം സുരക്ഷിതമായി, ജീവിക്കണം പട്ടിണിയില്ലാതെ, ഈ വെള്ളത്തില്‍ നിന്ന് കരകയറി അന്തിയുറങ്ങണം ആശങ്കയില്ലാതെ, കോടികള്‍ മുടക്കി നാല് പ്രാവശ്യം മടകുത്തിയെങ്കിലും കൈനകരി കൃഷിഭവനു കീഴിലുള്ള കനകാശേരി, മീനപ്പള്ളി, വലിയകരി പാടശേഖരങ്ങളില്‍ താമസിക്കുന്ന ഞങ്ങള്‍ക്ക് വെള്ളത്തില്‍ നിന്ന് ഇതുവരേയും ഒരു മോചനം ഉണ്ടായിട്ടില്ല… ഈ പരിദേവനം എല്ലാം ശരിയാക്കിയവര്‍ കേട്ട മട്ടില്ല. യാതൊരു ഉറപ്പും അധികൃതര്‍ക്ക് നല്‍കാനാകുന്നുമില്ല.
2018 മഹാപ്രളയത്തിന് മുന്‍പ് ജുലായ് 17ന് കുട്ടനാടന്‍ കാര്‍ഷിക മേഖലയില്‍ ആദ്യമായി മട വീണ പാടശേഖരമാണ് കനകാശ്ശേരി. ഈ പാടത്ത് മടവീണാല്‍ വലിയകരി, മീനപ്പള്ളി ഉള്‍പ്പടെ മൂന്നു പാടശേഖരങ്ങളിലെ കൃഷിയും ഈ പാടശേഖരങ്ങളുടെ പുറംബണ്ടുകളിലും അകത്തും ആയി താമസിക്കുന്ന 700 കുടുംബങ്ങളാണ് വെള്ളത്തിലാകുന്നത്.
മഹാപ്രളയത്തിന് ഒരുമാസം മുന്‍പേ വെള്ളത്തിലായവരാണ് ഇവര്‍. തുടര്‍ന്ന് കുട്ടനാടന്‍ ശൈലിയില്‍ മട കുത്തി അതിനുശേഷം ആശങ്കയോടെയാണെങ്കിലും ഒരു കൃഷി പൂര്‍ത്തികരിച്ച് വിളവെടുക്കാന്‍ സാധിച്ചു. അതിനു ശേഷം അടുത്ത കൃഷി ചെയ്യുന്നതിനിടെയാണ് മീനപ്പള്ളി വട്ടകായലിനോട് ചേര്‍ന്നുള്ള കനകാശ്ശേരി ചിറയില്‍ 2019 ആഗസ്റ്റ് 10ന് മടവീഴുന്നത് അന്നു തുടങ്ങുന്നു ഇവരുടെ നികത്താനാകാത്ത നഷ്ടങ്ങളും ദുരിതങ്ങളും.
ഇതോടെ തുടര്‍ച്ചയായി രണ്ടാംവര്‍ഷവും പ്രദേശവാസികള്‍ വെള്ളത്തിലായി. തോട്ടപ്പള്ളിയില്‍നിന്നും മണ്ണ് കൊണ്ടുവന്നു മണല്‍ചാക്കില്‍ നിറച്ച് അടുക്കിയുള്ള മടകുത്തല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പാടശേഖരത്തില്‍ നടപ്പിലാക്കി. ഒരു മാസത്തിനുശേഷം പൂര്‍ണ്ണമായും മടവീഴ്ചയുണ്ടായി. തുടര്‍ന്ന് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട് മെന്റിന്റെ മേല്‍നോട്ടത്തില്‍ വീണ്ടും മടകുത്തിയെങ്കിലും ഇതുവരേ കൃഷി ചെയ്യുവാനോ വെള്ളത്തില്‍ നിന്ന് കരകയറാനോ സാധിച്ചിട്ടില്ല. കഴിഞ്ഞ ജനുവരി 17ന് വീണ്ടും 85 ലക്ഷം മുടക്കി കുത്തിയ മടവീണു. ഇതോടെ ഇവര്‍ വീണ്ടും വെള്ളത്തിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: