ധാക്ക: ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം തെക്കുപടിഞ്ഞാറന്‍ ബംഗ്ലാദേശിലുള്ള യശോരേശ്വരി കാളിക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭക്തര്‍ക്കായി ഇന്ത്യ കമ്മ്യൂണിറ്റി ഹാള്‍ പണിയുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. മുഖാവരണം ധരിച്ച് ക്ഷേത്രത്തിലെത്തിയ മോദിയെ പരമ്പരാഗത രീതിയില്‍ സ്വാഗതം ചെയ്തു. പൂജാരി മന്ത്രങ്ങള്‍ ഉരുവിടുമ്പോള്‍ ക്ഷേത്രത്തിനകത്ത് നിലത്തിരുന്നാണ് പ്രധാനമന്ത്രി പ്രാര്‍ഥന നടത്തിയത്.
പ്രാര്‍ഥന നടത്തിയശേഷം അനുഗ്രഹിപ്പെട്ടതായി തോന്നുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന സത്ഖിര ജില്ലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ‘പ്രധാനമന്ത്രി നരേന്ദ്രമോദി കാളീവിഗ്രഹത്തില്‍ കൈകൊണ്ടുണ്ടാക്കിയ കിരീടം ചാര്‍ത്തി. വെള്ളിയില്‍ തീര്‍ത്ത കിരീടത്തില്‍ സ്വര്‍ണം പൂശിയിട്ടുണ്ട്. മൂന്നാഴ്ചകൊണ്ടാണ് പരമ്പരാഗത കൈത്തൊഴിലാളികള്‍ കിരീടം പണിതത്’.-വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി ട്വീറ്റ് ചെയ്തു.
ലോകത്തെ കോവിഡ് മുക്തമാക്കണമെന്ന് കാളീദേവിയോട് പ്രാര്‍ഥിച്ചതായി ക്ഷേത്രത്തിന് പുറത്ത് പ്രധാനമന്ത്രി പ്രതികരിച്ചു. ഇന്ത്യയില്‍നിന്നും ബംഗ്ലാദേശില്‍നിന്നുമുള്ള നിരവധി ഭക്തര്‍ ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: