കേരളത്തിലെ വനവാസി വിഭാഗങ്ങളുടെ ജീവിതത്തിലെ ദയനീയാവസ്ഥയിലേക്ക് വിരല്‍ചൂണ്ടി കെ. പാനൂര്‍ എഴുതിയ പുസ്തകങ്ങളുടെ പേരുകള്‍ കേരളത്തിലെ ആഫ്രിക്ക, കേരളത്തിലെ ആസ്ട്രേലിയ എന്നിങ്ങനെയാണ്. അന്ന് ഈ കൃതികള്‍ വായിച്ച് പലരും നെറ്റിചുളിക്കുകയുണ്ടായി. ഈ പറയുന്നതെല്ലാം സത്യമാണോ എന്നതായിരുന്നു അവരുടെ ഭാവം. മനുഷ്യസ്നേഹിയായ ആ എഴുത്തുകാരന് വിടപറഞ്ഞിട്ട് വര്‍ഷങ്ങളായി. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പാനൂര്‍ വരച്ചിട്ട വനവാസികളുടെ ജീവിതാവസ്ഥയ്ക്ക് ഇന്നും ഒരു മാറ്റവും വന്നിട്ടില്ല എന്നാണ് കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച വനവാസി ഗോത്ര നേതൃസംഗമം ലോകത്തോട് വിളിച്ചുപറയുന്നത്. കേരളത്തിലെ ജനസംഖ്യയില്‍ ഒന്നരശതമാനത്തില്‍ താഴെ മാത്രം വരുന്നതും, 36 സമുദായങ്ങളിലായി വേര്‍തിരിഞ്ഞു കിടക്കുന്നതുമായ വനവാസി സമൂഹം സാമൂഹ്യജീവിതത്തിന്റെ എല്ലാ മേഖലയിലും പിന്നാക്കമാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ കേരളത്തിന്റേതായി ചിലര്‍ കൊട്ടിഘോഷിക്കുന്ന പുരോഗതിയൊന്നും വനവാസി സമൂഹത്തില്‍ സംഭവിച്ചിട്ടില്ല. ഇവരില്‍ ചില വിഭാഗങ്ങളുടെ സാക്ഷരത പോലും 40 ശതമാനവും 30 ശതമാനവുമൊക്കെയാണ്. നാമമാത്രമായേ ഇവര്‍ക്ക് സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിയുള്ളൂ. ഇതില്‍നിന്നുതന്നെ സാമൂഹ്യ മുഖ്യധാരയില്‍നിന്നു വളരെ അകന്നാണ് ഇവര്‍ ജീവിക്കുന്നതെന്ന് വ്യക്തമാകുന്നു. ഇവരുടെ ജനസംഖ്യയില്‍ നല്ലൊരു വിഭാഗം മാറാരോഗികളാണ്. പലര്‍ക്കും ആശുപത്രികളിലെത്താനാവുന്നില്ല.
വനവാസി നേതൃസംഗമം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടുന്ന ചില വസ്തുതകള്‍ക്കും, മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ക്കും നേരെ കണ്ണടയ്ക്കാന്‍ മനുഷ്യസ്നേഹികളായ ആര്‍ക്കും കഴിയില്ല. അന്യാധീനപ്പെട്ട ഭൂമി വനവാസികള്‍ക്ക് തിരിച്ചുനല്‍കണമെന്നും, അളവില്‍ കവിഞ്ഞ തോട്ടഭൂമി പതിച്ചു നല്‍കണമെന്നതുമാണ് പ്രമേയം മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍. വനവാസികളില്‍നിന്ന് സംഘടിത ശക്തികള്‍ പല കുത്സിതമായ മാര്‍ഗങ്ങളിലൂടെയും തട്ടിപ്പറിച്ചെടുത്ത ഭൂമി വീണ്ടെടുക്കാന്‍ നല്ലതമ്പി തേര എന്ന മനുഷ്യന് ജീവിതംകൊണ്ട് പോരാടി വിജയം വരിച്ചതാണ്. വനവാസികള്‍ക്ക് ഭൂമി തിരിച്ചുനല്‍കണമെന്ന് ഹൈക്കോടതി വിധിയുണ്ടായിട്ടും അത് നടപ്പാക്കാന്‍ കേരളത്തിലെ രാഷ്ട്രീയ-ഭരണ നേതൃത്വം നിരവധി വര്‍ഷങ്ങള്‍ തെല്ലും താല്‍പ്പര്യം കാണിച്ചില്ല. ഒടുവില്‍ ഈ വിധിയെ മറികടക്കാന്‍ പുതിയ നിയമനിര്‍മാണം നടത്തി വനവാസികളെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. നിയമസഭയില്‍ ഭരണ-പ്രതിപക്ഷ നിരയിലെ ഒരാളൊഴികെ-കെ.ആര്. ഗൗരിയമ്മ-എല്ലാവരും ഇതിന് കൂട്ടുനിന്നു. ഇക്കൂട്ടര്‍ പിന്നെയും വനവാസികളെ ഉടലോടെ സ്വര്ഗത്തിലേക്കയ്ക്കാന് ഈ തെരഞ്ഞെടുപ്പ് കാലത്തും വെമ്പല്‍ കൊള്ളുന്നതാണ് വിരോധാഭാസം.
വനവാസികളുടെ വികസനത്തിനുവേണ്ടി ആവിഷ്കരിക്കുന്ന പദ്ധതികള്‍ക്കോ, അവയില്‍ വകയിരുത്തുന്ന തുകകള്‍ക്കോ യാതൊരു കുറവുമില്ല. പക്ഷേ ഇതിന്റെ ഗുണഭോക്താക്കളാകാന്‍ വനവാസികള്‍ക്ക് കഴിയുന്നില്ല. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയുടെ ഉദാഹരണം മാത്രം മതി ഇതിന് തെളിവായി. വിശപ്പു സഹിക്കാതെ ഒരു പിടി അരിയെടുത്തതിന് അതിക്രൂരമായി കൊലചെയ്യപ്പെട്ട മധുവിന്റെ ദയനീയ മുഖം ആര്‍ക്കും മറക്കാനാവില്ലല്ലോ. വനവാസികളില്നിന്നുതന്നെ ഒരു നേതൃനിര വിദ്യാഭ്യാസത്തിലൂടെ വളര്‍ന്നുവരണം. തങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി സമുദായത്തെ ബോധവല്‍ക്കരിക്കണം. വനവാസികള്‍ക്ക് സ്വയം മാറാനുള്ള സാഹചര്യമൊരുക്കണം. അതിന് ആദ്യം വേണ്ടത് മനസ്സുമാറ്റുകയാണ്. പക്ഷേ ഇത്തരം ക്രിയാത്മകമായ പ്രവര്‍ത്തനം നടത്താന്‍ സര്‍ക്കാരുകള്‍ക്ക് താല്‍പ്പര്യമില്ല. വിവിധ പദ്ധതികളിലൂടെ വനവാസികള്‍ക്കായി നീക്കിവയ്ക്കുന്ന പണത്തിന്റെ നല്ലൊരു പങ്കും പോകുന്നത് ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും മറ്റുമാണ്. 70 വര്‍ഷത്തോളമായി തുടരുന്ന ഈ സ്ഥിതിയാണ് മാറേണ്ടതും മാറ്റേണ്ടതും. ഇതിന് സംഘടിതമായ ശ്രമങ്ങള്‍ വനവാസികള്ക്കിടയില്നിന്നു തന്നെ ഉണ്ടാവണം. കല്‍പ്പറ്റയില്‍ നടന്ന വനവാസി നേതൃസംഗമം ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള മഹത്തായ ചുവടുവയ്പ്പാണ്. ഇതിന് തുടര്‍ച്ചയുണ്ടാവണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: