തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന നടിയാണ് ഷക്കീല. ഈ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഹരം കയറിയവരുണ്ട്. കണ്ടാല്‍ പിന്നെ പറയേണ്ടതില്ലല്ലോ. നടിമാരില്‍ പലരും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമാണ്. ഖുശ്ബു നേരത്തെ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നു. അവരിപ്പോള്‍ ബിജെപിയുടെ നല്ല നേതാവാണ്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമാണ് ഖുശ്ബു ഖാന്. നാലു പതിറ്റാണ്ട് മുമ്പ് ബാലതാരമായി അരങ്ങത്തുവന്ന ഖുശ്ബു തെന്നിന്ത്യന്‍ ഭാഷാചിത്രങ്ങളില്‍ ഇഷ്ടനായികയായിരുന്നു.
ഖുശ്ബുവിന്റെ പേരില്‍ ഇന്ന് പലഹാരമുണ്ട്, സാരിയുണ്ട്. തിരുച്ചിറപ്പള്ളിയില്‍ അവരുടെ പേരില്‍ ഒരു ആരാധനാലയവും നിര്‍മ്മിച്ചിട്ടുണ്ട്. ഖുശ്ബുവിനെ പോലെ ചെന്നൈക്കാരിയാണ് ഷക്കീലയെങ്കിലും അവര്‍ക്കായി ആരാധനാലയങ്ങളൊന്നും ഇതുവരെ കെട്ടിപ്പൊക്കിയിട്ടില്ല.
ഖുശ്ബുവിനേക്കാള്‍ ഏഴുവയസ് കുറവുള്ള ഷക്കീല മാദകവേഷം ചെയ്യുന്നതിലൂടെയാണ് ജനപ്രിയതാരമായത്. അവരിപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത് വാര്‍ത്തയായിരിക്കുന്നു. രാഹുലിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നാണ് വാര്‍ത്ത. പേരും പെരുമയുമുള്ള വനിതകള്‍ കോണ്‍ഗ്രസ് വിടുമ്പോള്‍ ഷക്കീല ബീഗത്തെ ആകര്‍ഷിച്ച ഘടകം എന്തായിരിക്കുമെന്ന സംശയം കാമ്പുള്ളതുതന്നെയാണല്ലോ.
സരിതയും സ്വപ്നയുമൊന്നും ഒരു പാര്‍ട്ടിയുടെ ഭാഗമല്ല. എങ്കിലും ഈ തെരഞ്ഞെടുപ്പിലും ആ പേരുകള്‍ സജീവ ചര്‍ച്ചയാവുകയാണ്. സരിത നല്കിയ പരാതിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഒരു തുമ്പും കിട്ടിയില്ലത്രെ. അതോടെ ഉമ്മന്‍ചാണ്ടി കുറ്റവിമുക്തനുമായി. സ്വപ്ന പക്ഷേ സജീവമാണ്. കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ സ്വപ്നയെ നിര്‍ബന്ധിച്ചു എന്നൊരു പരാതി ഉണ്ടായിരുന്നല്ലോ. അത് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നു.
റിട്ട. ജഡ്ജി കെ.വി.മോഹനനെ കമ്മിഷനാക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. വികസന പദ്ധതികള്‍ തടസ്സപ്പെടുത്തുന്നുവെന്നും ഡോളര്‍, സ്വര്‍ണക്കടത്ത് അന്വേഷണങ്ങള്‍ വഴിതിരിച്ചു വിടുന്നുവെന്നും ആരോപിച്ചാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വികസന പദ്ധതികളില്‍ തട്ടിപ്പുണ്ടെങ്കില്‍ അതിനെക്കുറിച്ച് അന്വേഷിക്കാന്‍ പറ്റില്ലെന്ന സര്‍ക്കാര്‍ നിലപാട് വിചിത്രമാണ്. ഒരു വികസന പദ്ധതിയും നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര ഏജന്‍സി പറഞ്ഞിട്ടില്ല. ലൈഫ്മിഷനില്‍ 4.5 കോടിയുടെ അഴിമതിയുണ്ടെന്ന് പറഞ്ഞത് കൈരളി (പീപ്പിള്‍) ടിവിയാണ്. അത് ശരിവച്ച മന്ത്രിയാണ് തോമസ് ഐസക്ക്. അത് അന്വേഷിക്കുന്നതാണോ കേന്ദ്ര ഏജന്‍സി കണ്ണില്‍ കരടായത് എന്ന ചോദ്യം പ്രസക്തമാണ്.
നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത് തുടങ്ങി അഞ്ചു കാര്യങ്ങളാണ് കമ്മിഷന്റെ പരിഗണനയില്‍പ്പെടുത്തുക. സ്വപ്നയുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട ഗൂഢാലോചന, മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് പ്രതികള്‍ക്കുമേലുള്ള സമ്മര്‍ദം, അതിനു പിന്നില്‍ ആരൊക്ക തുടങ്ങിയ കാര്യങ്ങളും കമ്മിഷന് പരിഗണിക്കും. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചിരിക്കുന്നത്.
പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കമ്മിഷന്റെ നിയമനത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം അനിവാര്യമാണ്. അതേസമയം, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്കിയ ഉദ്യോഗസ്ഥയുടെ മൊഴി മജിസ്ട്രേട്ടിനു മുന്‍പാകെ രേഖപ്പെടുത്തി തെളിവുനിയമപ്രകാരം കേസ് ശക്തമാക്കാന്‍ ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരുന്നു.
ശബരിമല വിഷയം തെരഞ്ഞെടുപ്പ് സമയത്ത് സജീവചര്‍ച്ചാ വിഷയമാക്കിയത് മന്ത്രി കടകംപള്ളിയും സീതാറാം യെച്ചൂരിയുമാണ്. സ്വര്‍ണക്കടത്തും കിഫ്ബിയും ലൈഫ് മിഷനും ചര്‍ച്ചയാക്കാന്‍ മന്ത്രിസഭ തന്നെ വഴിവച്ചിരിക്കുന്നു എന്നുതന്നെ പറയാം.
ഐസക്കിന്റെ വിടുവായത്തങ്ങളാണ് സര്‍ക്കാരിനെ വെട്ടിലാക്കുന്നത്. സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തി വിവാദമാക്കിയത് ധനമന്ത്രിയായിരുന്നല്ലോ. പിന്നെ ഒരു സമാധാനം ഐസക്ക് ‘തുടര്‍ ഭരണ’ത്തിന്റെ അയലത്തുപോലും ഇല്ലല്ലോ. മുന്‍കേന്ദ്ര ധനമന്ത്രിയെ കൂട്ടിലടക്കാമെങ്കില്‍ മുന്‍ സംസ്ഥാന മന്ത്രിയെ പിടിക്കാന്‍ കഠിനാദ്ധ്വാനമൊന്നും വേണ്ടതില്ലെന്നാശ്വസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: